കോഴിക്കോട്: ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്ന സന്ദേശമുയർത്തി കേരളത്തിൽ മലപ്പുറം (കോട്ടക്കൽ), കൊല്ലം (ചിന്നക്കട) എന്നീ രണ്ട് മേഖലകളിൽ മെയ്ദിന റാലിയും, പൊതുസമ്മേളനവും സംഘടിപ്പിക്കും. ദേശീയ- സംസ്ഥാന തലത്തിലെ പ്രമുഖ നേതാക്കൾ സംബന്ധിക്കും.

എട്ട് മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന മഹത്തായ മനുഷ്യവകാശപരമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും അടർക്കളത്തിൽ ബലിപുഷ്പങ്ങളായി ഉയർത്തെഴ്ന്നേൽക്കുകയും ചെയ്ത ദിവസത്തിന്റെ ഓർമ്മയാണ് മെയ്ദിനം. തൊഴിലാളി വർഗ്ഗം വിയർപ്പും കണ്ണീരും ജീവിതവും നൽകി പടുത്തുയർത്തിയതാണ് ആധുനിക കാലത്തിന്റെ പുരോഗതി. അധ്വാനവും വിയർപ്പും ചിന്തി ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവന്റെ വിമോചന സമരങ്ങളുടെ ചരിത്രമാണ് മാനവ ചരിത്രം. പല കോടി മനുഷ്യർ തങ്ങളെ വരിഞ്ഞു മുറുക്കിയ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ നടത്തിയ ഐതിഹാസിക സമരങ്ങളുടെ തുടർച്ചയാണ് തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങൾ.

എന്നാൽ ഇന്ന് ശബ്ദം നഷ്ടപ്പെട്ട തൊഴിലാളി സംഘടനകൾ തങ്ങളുടെ അവകാശങ്ങൾ അടിയറവെക്കുകയും ചൂഷകർക്ക് തങ്ങളുടെ അണികളെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അധികാരി വർഗ്ഗവും കുത്തക മുതലാളിത്വവും തൊഴിലാളി വിരുദ്ധ ചേരിയിൽ ഐക്യപ്പെട്ടിരിക്കുന്നു. തൊഴിൽ അവകാശവും സംരക്ഷണവും തൊഴിൽ നിയമ സുരക്ഷിതത്വവും സേവന വേതന വ്യവസ്ഥകളും അട്ടിമറിക്കപ്പെടുന്നു. സ്വകാര്യവും സ്വതന്ത്രവുമായ വ്യാപാര മേഖലകളിൽ തൊഴിൽ നിയമങ്ങൾ ബാധകമല്ലാതായിരിക്കുന്നു. സമസ്ത തൊഴിൽ മേഖലകളും സ്വകാര്യ കുത്തകകൾക്ക് അടിയറവെച്ചുകൊണ്ടിരിക്കുന്ന സർക്കാരുകൾ സമര രഹിത കരാർ തൊഴിലാളികളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അവകാശങ്ങൾ ചോദിക്കാനാവാത്ത വിധം നിശബ്ദമായ അടിയന്തിരാവസ്ഥ തൊഴിലിടങ്ങളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

നീതിയുക്തവും സമത്വ സുന്ദരവുമായ പുതിയൊരു ലോകം കെട്ടിപ്പടുക്കാൻ ബാധ്യസ്ഥമായ തൊഴിലാളി വർഗ്ഗത്തിന്റെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പോരാട്ട വീര്യം വീണ്ടെടുക്കയും മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ മറ്റൊരു ലോകത്തിനു വേണ്ടി പോരാടാൻ സജ്ജരാക്കേണ്ടതുമുണ്ട്. ഈ മഹത്തായ ദൗത്യമാണ് 4 വർഷങ്ങൾക്ക് മുമ്പ് പിറന്ന് വീണ നവ ട്രേഡ് യൂണിയൻ പ്രസ്ഥാനമായ എസ്.ഡി.റ്റി.യു ഏറ്റെടുത്തിരിക്കുന്നത്. ഹൃസ്വകാലത്തെ നിശ്ചയദാർഢ്യത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും ഫലമായി കേരളത്തിന്റെ ഏതാണ്ട് എല്ലാ തൊഴിൽമേഖലകളിലും യൂണിയൻ അതിന്റെ സാന്നിദ്ധ്യം അറിയിച്ച് കഴിഞ്ഞിട്ടുണ്ട്. നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ പാതയിൽ സാമ്പ്രദായിക ട്രേഡ് യൂണിയനുകൾ ചെയ്യുന്നത് പോലെ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവ വീര്യം കെടുത്തിക്കളയുകയല്ല, അതിനെ ഊതിക്കത്തിക്കുകയും ഊർജ്ജ്വസ്വലമാക്കുകയുമാണ് എസ്.ഡി.റ്റി.യു ലക്ഷ്യം വെക്കുന്നത്.

വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
എ. വാസു (സംസ്ഥാന പ്രസിഡന്റ്)
പി.അബ്ദുൽ ഹമീദ് (വൈസ് പ്രസിഡന്റ്)
നൗഷാദ് മംഗലശ്ശേരി (ജനറൽ സെക്രട്ടറി)
ഇസ്മായിൽ കമ്മന (സെക്രട്ടറി)