കോഴിക്കോട്: തൊഴിലിടങ്ങളിൽ വർഗ്ഗീയത പ്രചരിപ്പിച്ചും കോർപ്പറേറ്റുൾക്ക് തീറെഴുതിയും, ജീവിക്കാനുള്ള അവകാശ പോരാട്ടങ്ങളെ ചോരയിൽ മുക്കിക്കൊന്ന മോദി സർക്കാർ രാജ്യത്തെ സമസ്ത തൊഴിലിടങ്ങളിലും അരാജകത്വം സൃഷ്ടിക്കുകയാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു.

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമത്തിന്റെ മറ പിടിച്ചുകൊണ്ട് കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോദിച്ചുകൊണ്ടുള്ള സർക്കാർ വിജ്ഞാപനം രാജ്യത്തെ വലിയൊരു ജനവിഭാഗത്തെയും സമ്പദ്ഘടനെയേയും ബാധിച്ചതാണ്. കേരളത്തിൽ അഞ്ചു ലക്ഷത്തോളം പേർ കന്നുകാലി ഇറച്ചി വിൽപന മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. തുകൽ, വൈക്കോൽ, പുല്ല്, എല്ല് തുടങ്ങിയ വ്യാപാര മേഖലയിലും സാരമായി ബാധിക്കും.

റബ്ബർ കൃഷിയേയും, കർഷകരേയും സഹായിച്ച് സംരക്ഷിച്ചു പോന്നിരുന്ന റബ്ബർ ബോർഡ് അടച്ച് പൂട്ടലിലൂടെ 12 ലക്ഷത്തോളം വരുന്ന ചെറുകിട കർഷകരെ പട്ടിണിയിലാക്കി രാജ്യത്തെ 90 ശതമാനം റബ്ബർ ഉൽപാദിപ്പിക്കുകയും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ റബ്ബർ കൃഷിയേയും ഇല്ലാതാക്കും.

കാർഷിക മേഖലകളിൽ കർഷകരെ ചൂഷണം ചെയ്യാനും കൊള്ളലാഭമുണ്ടാക്കാനും വ്യവസായ ലോബിക്ക് ഒത്താശ ചെയ്യുകയാണ് മോദി സർക്കാർ. രാജ്യത്തെ ചെറുകിട കർഷകരെ സാരമായി ബാധിക്കുന്ന രീതിയിൽ ഗോതമ്പിന്റെ ഇറക്കുമതി തീരുവ എടുത്തു കളഞ്ഞതും സംസ്ഥാനങ്ങൾക്കുള്ള കടാശ്വാസം റദ്ദ് ചെയ്തതും ഇതിന്റെ ഭാഗമായാണ്. സർക്കാർ തെറ്റ് തിരുത്താൻ തയ്യാറായില്ലെങ്കിൽ അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം ഉത്തരേദ്ധ്യയിൽ തുടക്കം കുറിച്ച് വർഗ്ഗ സമരം രാജ്യത്ത് മുഴുവൻ വ്യാപിപിക്കും. കേരളത്തിൽ അത്തരം സമര പോരാട്ടങ്ങൾക്ക് എസ്.ഡി.റ്റി.യു തുടക്കം കുറിക്കുമെന്നും അദ്ദേഹം വാർത്താകുറിപ്പിലൂടെ പറഞ്ഞു.