കോഴിക്കോട്: പെട്രോൾ-ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക, നാലിരട്ടിയായി വർദ്ധിപ്പിച്ച ഇൻഷ്യൂറൻസ് പ്രിമിയം വെട്ടിക്കുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്.ഡി.റ്റി.യു) സെപ്റ്റംബർ 22 ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

അന്നേ ദിവസം തൊഴിലാളികൾ കറുത്ത ബാഡ്ജ് ധരിച്ചും, വാഹനങ്ങളിൽ കരിങ്കൊടി കെട്ടിയും പ്രധിഷേധം അറിയിക്കുവാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

ഇൻഷ്യൂറൻസ് പ്രിമിയം നാലിരട്ടിയായി വർദ്ധിപ്പിച്ചതുൾപ്പെടെ തൊഴിൽ മേഖലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ നിയമങ്ങൾ മോട്ടോർ വാഹന തൊഴിലാളികളുടെ ജീവിതം ദുരിത പൂർണ്ണമാക്കി മാറ്റിയ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും വില കുതിച്ചുയരുന്നത് നിത്യോപയോഗ സാധനങ്ങളുൾപ്പെടെ സർവ്വതിനും വില വർദ്ധിക്കും. ഇത് മൂലം രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന പട്ടിണി പാവങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്.

തൊഴിലില്ലായ്മ അതിരൂക്ഷമായ രാജ്യത്ത് സ്വയം തൊഴിൽ എന്ന നിലയിൽ ഉപജീവന മാർഗ്ഗമായി മോട്ടോർ വാഹനങ്ങളിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെയും, അവരുടെ കുടുംബങ്ങളെയും ബാധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടുകൾക്കെതിരെ പ്രതികരിക്കേണ്ട പരമ്പരാഗത ട്രേഡ് യൂണിയനുകൾ മൗനം വെടിയണമെന്നും അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗം പോരാട്ടത്തിന്റെ പാത സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ.വാസു അധ്യക്ഷത വഹിച്ചു. പി.അബ്ദുൽ ഹമീദ്, നൗഷാദ് മംഗലശ്ശേരി, തച്ചോണം നിസ്സാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.