കോഴിക്കോട്: സ്വാഭാവിക റബറിന്റെ 90 ശതമാനം ഉൽപാദിപ്പിക്കപ്പെടുന്ന കേരളത്തിലെ കർഷകരുടെ ആശ്രയ കേന്ദ്രമായിരുന്നു റബർ ബോഡിന്റെ മേഖലാ ഓഫീസുകൾ അടച്ചുപൂട്ടുന്ന കേന്ദ്ര സർക്കാർ നിലപാട് കേരളത്തിലെ റബർ കർഷകരെ പ്രതിസന്ധിയിലാക്കുവാനും, ഈ മേഖലയെ തകർക്കുവാനുമുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമാണെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു.

മോദി സർക്കാർ അധികാരമേറ്റയുടനെ പുതിയ റബർ നയം പ്രഖ്യാപിക്കുമെന്ന് പറയുകയും വാണിജ്യ മന്ത്രി നിർമ്മല സീതാരാമന്റെ കീഴിൽ സമിതി രൂപീകരിക്കുകയും ചെയ്തുവെങ്കിലും പിന്നീട് മേൽ സമിതി മരവിപ്പിക്കുകയും സബ്സിഡിയടക്കം കർഷകർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കുകയും ചെയ്തു.

സർക്കാർ പരിഷ്‌കരിച്ച് പുതിയ നികുതി നടപ്പിലാക്കുന്നതിലൂടെ ബോഡിന്റെ വരുമാനം ഗണ്യമായി കുറയുകയും നിലവിൽ ഓരോ കിലോ റബറിനും ബോഡിന് ലഭിച്ചിരുന്ന സെസ് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം സംജാതമാകും. ഇത് കർഷകരെ കൂട്ട ആത്മഹത്യയിലേക്കും, കാർഷിക മേഖലയെ ഇല്ലാതാക്കുകയും ചെയ്യുന്ന മേൽ നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് അദ്ദേഹം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.