ലണ്ടൻ: ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎസിൽ വീശിയടിച്ച് വൻ ദുരന്തം വിതച്ച ഹാർവെ കൊടുങ്കാറ്റ് നിരവധി പേരെ വഴിയാധാരമാക്കിയതിന് പുറമെ അനേകം സമുദ്ര ജീവികളെയും സ്ഥാനം തെറ്റിച്ച് വിവിധയിടങ്ങളിലെത്തിച്ചിരിക്കുന്നു. ടെക്‌സാസ് സിറ്റി ബിച്ചീൽ അടിഞ്ഞ് കൂടിയിരിക്കുന്ന നിഗൂഢ സമുദ്ര ജീവി അതിന് ഉദാഹരണമാണ്. കണ്ണുകൾ ഇല്ലെങ്കിലും ആരെയും കൊല്ലാൻ പറ്റിയ മൂർച്ചയുള്ള പല്ലുകൾ ഉള്ള ജീവിയാണിത്. നീണ്ട് പോകുന്ന വാലും ഇതിനുണ്ട്. നാളിതുവരെ ആരും കാണാത്ത ഈ കൂറ്റൻ അത്ഭുത ജീവിയെന്താണെന്ന ചോദ്യം ഇപ്പോൾ ശക്തമാവുകയാണ്.

ഈ ജീവിയെന്താണെന്ന് ചോദിച്ച് അതിന്റെ ചിത്രം ട്വിറ്ററിലൂടെ ഷെയർ ചെയ്ത് നാഷണൽ ഓഡോബോൻ സൊസൈറ്റിയിലെ പ്രീതി ദേശായി രംഗത്തെത്തിയിരുന്നു. അറക്കവാൾ പോലുള്ള പല്ലുകളാണ് ജീവിക്കുള്ളത്. ശരീരമാകട്ടെ വലിയ സിലിണ്ടറിന് സമാനവുമാണ്. ആഴക്കടലിൽ നിന്നും വന്ന ജീവിയാണെന്നാണ് ഒറ്റ നോട്ടത്തിൽ തോന്നുകയെന്നാണ് പ്രീതി വിവരിക്കുന്നത്. ആദ്യ നോട്ടത്തിൽ ഇത് കടലിലുള്ള ആരലാണെന്നാണ് തനിക്ക് തോന്നിയതെന്നും എന്നാൽ അടുത്ത് പോയി നോക്കിയപ്പോൾ ഇത് മറ്റേതോ ജീവിയാണെന്ന് മനസിലായെന്നും അവർ വിവരിക്കുന്നു.

സൂക്ഷ്മനിരീക്ഷണം നടത്തിയിട്ടും ഇതെന്താണെന്ന് മനസിലാകാത്തതിനെ തുടർന്നാണ് ട്വിറ്ററിൽ ജീവിയുടെ ചിത്രമിട്ട് ഇതെന്താണെന്ന് തിരിച്ചറിയാൻ സഹായിക്കാൻ അവർ ബയോളജിസ്റ്റുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്ററിൽ നിരവധി ഗവേഷകരും സയന്റിസ്റ്റുകളും ഉള്ളതിനാൽ അവർ വഴി ഈ ജീവിയെന്താണെന്ന് നിർണയിക്കാനാവുമെന്നാണ് പ്രീതി പറയുന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള ഈൽ ആയിരിക്കുമെന്നാണ് പ്രീതിയുടെ ട്വീറ്റിനോട് ചില ബയോളജിസ്റ്റുകൾ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ഇത് ഏത് തരത്തിലുള്ളതാണെന്ന് നിർണയിക്കാൻ അവർക്ക് പെട്ടെന്ന് സാധിക്കുന്നുമില്ല.

ഇത് ഫൻഗ്ടൂത്ത് സ്‌നേക്ക് ഈൽ ആണെന്നാണ് പൊതുവായ അഭിപ്രായം ഉയർന്നിരിക്കുന്നത്. ഇത് ടസ്‌കി ഈൽ എന്നുമറിയപ്പെടുന്നുണ്ട്. ഗൾഫ് ഓഫ് മെക്‌സിക്കോ സ്വദേശിയാണിത്. ടസ്‌കി ഈലുകൾക്ക് 30 മുതൽ 90 മീറ്റർ വരെ ആഴത്തിൽ ജീവിക്കാൻ സാധിക്കും. ഇവ മിക്കവാറും സമയങ്ങളിലും വെള്ളത്തിനടിയിൽ മറഞ്ഞിരിക്കുകയാണ് പതിവ്. ഇവയ്ക്ക് കണ്ണുണ്ടാകുമെങ്കിലും സാധാരണയായി അത് വളരെ ചെറുതായതിനാൽ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കില്ല. അതിനാൽ ഒററ നോട്ടത്തിൽ ഇവയ്ക്ക് കണ്ണില്ലെന്നാണ് നമുക്ക് തോന്നുകയെന്നും ചില ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.