മനാമ: അപകടം നടന്ന ഇടങ്ങളിലെത്തി ചിത്രങ്ങൾ പകർത്തുന്നത് രാജ്യത്ത് നിയമവിരുദ്ധമാക്കാനുള്ള നിയമഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകി. പുതിയ നിയമപ്രകാരം ഇത്തരം ദൃശ്യങ്ങൾ പകർത്തുന്നതും അത് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അൻപത് ദിനാർ പിഴയും അടക്കണം.

സ്മാർട്‌ഫോൺ, ടാബ്ലറ്റ്, കാമറ തുടങ്ങിയവ ഉപയോഗിച്ച് അപകടത്തിന്റെ ഫോട്ടോ, വീഡിയോ, ഓഡിയോ എന്നിവ എടുക്കുന്നതിനാണ് നിരോധമേർപ്പെടുത്തുന്നത്. ഇത് അംഗീകാരമുള്ള മാദ്ധ്യമപ്രവർത്തകർക്ക് ബാധകമല്ല.

ഇത് കുറ്റമായി കരുതാനും, നിയമം ലംഘിക്കുന്നവർക്ക് പിഴ ഏർപ്പെടുത്താനുമുള്ള നീക്കങ്ങൾ ഏതാനും മാസങ്ങളായി നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ മുഹമ്മദ് അൽ മാരിഫി എംപി, കൗൺസിലിന്റെ വിദേശകാര്യമന്ത്രാലയത്തിനും, ഡിഫൻസ് ആൻഡ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റിക്കും നിർദ്ദേശം സമർപ്പിച്ചിരുന്നു.