ദോഹ: കൊടും ചൂട് തണുപ്പിന് വഴിമാറിയതോടെ പകർച്ചപ്പനി വ്യാപകമായി. ജോലി സ്ഥലങ്ങളിലും സ്‌കൂളുകളിലും ഹാജർ നിലയിൽ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. ക്ലിനിക്കുകൾ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

പകർച്ചപ്പനി മിക്ക ഉദ്യോഗസ്ഥരുടേയും രണ്ടു ദിവസത്തെ ലീവ് കവർന്നെടുത്തെന്ന റിപ്പോർട്ടാണ് എങ്ങും. ക്ലാസിൽ കുട്ടികളിൽ പകുതിയും ഹാജരായിട്ടില്ല എന്ന് ടീച്ചർമാരും സാക്ഷ്യപ്പെടുത്തുന്നു. അന്തരീക്ഷ താപനിലയിലുണ്ടായ മാറ്റം മനുഷ്യശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്നതിനാലാണ് പകർച്ചപ്പനി പിടിപെടുന്നതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. തണുപ്പും കാറ്റും പരക്കെ വീശുമെന്നതിനാൽ വിന്റർ വൈറസ് പരക്കാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിനെതിരേ ആൾക്കാർ ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

കുട്ടികളിലാണ് പകർച്ചപ്പനി കൂടുതലായും ഇപ്പോൾ കണ്ടുവരുന്നത്. പകർച്ചപ്പനി ബാധിച്ചവർ വീട്ടിൽ വിശ്രമമെടുക്കുന്നതാണ് നല്ലതെന്ന് ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ പറയുന്നു. ജോലിക്കു പോകുന്നത് ക്ഷീണം വർധിപ്പിക്കുകയേയുള്ളൂ. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ് മൂടാൻ ശ്രദ്ധിക്കണം. വൈറസ് പകരാതിരിക്കുന്നതിനായി കൈകൾ എപ്പോഴും ശുചിയാക്കുന്നതിലും ശ്രദ്ധ വേണം.

ചെറിയ കുട്ടികൾ, 65 വയസിനു മേൽ പ്രായമുള്ളവർ, ഗർഭിണികൾ തുടങ്ങിയവർ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് നല്ലതാണ്. നന്നായി ഉറങ്ങുന്നതും ക്ഷീണം അകറ്റും. ഈ സമയം ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഫ്‌ലൂ
മൂലമുള്ള ക്ഷീണം അകറ്റാൻ സഹായിക്കും.