കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ആദ്യ റൗണ്ടിൽ വിജയം വി എം സുധീരന് തന്നെ. ഉമ്മൻ ചാണ്ടിയുടെ വലം കൈ ആയ ബെന്നിയെ വെട്ടി. ബെന്നിയെ വെട്ടുക എന്നാൽ ഉമ്മൻ ചാണ്ടിയുടെ മർമത്തു പ്രഹരിക്കുക എന്നു തന്നെയാണ് അർഥം. നേരത്തെ ഉമ്മൻ ചാണ്ടി ക്യാമ്പിൽ ഉണ്ടായിരുന്ന പിടി തോമസിനെ ഒപ്പമാക്കി. പിന്നെയും ചില സ്ഥാനാർത്ഥികളെ പട്ടികയിൽ കയറ്റി. അതേ ക്യാമ്പിലെ സതീശൻ പാച്ചേനി ഐ ഗ്രൂപ്പിൽ ആയി. അടൂർ പ്രകാശും കെ ബാബുവും ഒന്നും സുധീരന്റെ യഥാർത്ഥ ലക്ഷ്യം ആയിരിക്കില്ല. ബെന്നിയെ വെട്ടി ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ അനുയായികൾക്കും കൃത്യമായ സന്ദേശം നല്കാൻ വിവാദ മന്ത്രിമാരെ ചാരി എന്ന് മാത്രം.

ഇത്തവണ കോൺഗ്രസ് വിജയിച്ചാൽ കേരളത്തിലെ കോൺഗ്രസ് ഉമ്മൻ ചാണ്ടിയുടെ കാല്ക്കീഴിലാകും. മറ്റെല്ലാ നേതാക്കളും ഗ്രൂപ്പുകളും നിഷ്പ്രഭമാകും. തോറ്റാലോ അഴിമതിക്കാരെ നിർത്തി വിജയ സാധ്യത ഇല്ലാതാക്കി എന്ന് പറഞ്ഞു ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയുടെ പിടലിക്ക് വെയ്ക്കാം.അതോടെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിഞ്ഞേക്കാം . സുധീരന് ഒരു ഗ്രൂപ്പിനെ നയിക്കാൻ ആവതില്ല. എങ്കിലും ഐ ഗ്രൂപ്പിനൊപ്പം ചേർന്ന് എന്തെങ്കിലും ചെയ്‌തേക്കാം. രാജ്യത്തെ സകലമാന കോൺഗ്രസ്സുകാരും ചോദ്യം ചെയ്യാത്ത വിഗ്രഹമാണ് ഹൈകമാണ്ട്. പക്ഷെ കേരളത്തിലെ പിന്തുണയുടെ ബലത്തിൽ പലവട്ടം ഉമ്മൻ ചാണ്ടി ഹൈകമാണ്ടിനെ ചോദ്യം ചെയ്തിട്ടുണ്ട്. തീരുമാനങ്ങൾക്ക് വഴങ്ങാതിരുന്നിട്ടുണ്ട്.

രാഹുൽ ഗാന്ധി നിയമിച്ച എം ലിജുവിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി ടി സിദ്ദിഖിനെ പുനരവരോധിക്കാൻ അന്ന് ഉമ്മൻ ചാണ്ടി കാണിച്ച പിടിവാശി മുതലേ ഹൈക്കമാണ്ടിന്റെ നല്ലപിള്ളയല്ല . അങ്ങനെയുള്ള ഉമ്മൻ ചാണ്ടിയെ പ്രഹരിക്കാൻ കിട്ടുന്ന അവസരം ഹൈകമാണ്ടും മുതലെടുക്കുമെന്നു ബെന്നിയെ വെട്ടിയതിലൂടെ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. പണ്ട് പടിയിറക്കി വിട്ടതിന്റെ പക ആന്റണിക്കും ഉണ്ട്. നേരത്തെ സ്വന്തം നിലപാട് ഹൈകമാണ്ടിനെകൊണ്ട് അംഗീകരിപ്പിക്കാൻ തർക്കിക്കുന്നത് കെ കരുണാകരൻ ആയിരുന്നു..

ആറന്മുളയിലും വടക്കെക്കരയിലും പേരാവൂരിലും ഹൈകമാണ്ട് പട്ടിക തിരുത്തിച്ച ചരിത്രമുണ്ട് കെ കരുണാകരന്. പോസ്റ്റർ അടിച്ച് പ്രചരണം തുടങ്ങിയ സ്ഥാനാർത്ഥികളെ മാറ്റി മാലേത്ത് സരളാ ദേവിയെയും ചന്ദ്രശേഖരനെയും എ ഡി മുസ്തഫയെയും അന്ന് കരുണാകരൻ സ്ഥാനാർത്ഥികൾ ആക്കി.ഹൈകമാണ്ടിനെ ലോ കമാൻഡ് ആക്കിയ സംഭവം. എന്നിട്ടും ആ തെരഞ്ഞെടുപ്പിൽ കരുണാകരന്റെ മാനസ മക്കളായ മൂവരേയും ജനം അംഗീകരിച്ചു. അതൊക്കെ അന്തക്കാലം. പിന്നെയും സെക്രട്ടേറിയറ്റിൽ പലരും വന്നു പോയി. ഇന്ന് ലീഡർ ഇല്ല. ആന്റണി - കരുണാകരൻ ശാക്തിക ചേരികൾ ഇല്ല. വിശാല ഐ ഗ്രൂപ്പ് , സുധീരൻ അനുകൂലികൾ എന്നൊക്കെ പറയും എങ്കിലും ചാണ്ടിയുടെ മുഖത്തേക്ക് വിരൽ ചൂണ്ടാൻ ആർക്കും ആമ്പിയർ ഇല്ല. ഇപ്പോൾ സുധീരന് ഉമ്മൻ ചാണ്ടിക്ക് എതിരെ തിരിയാൻ ആകെ ആദർശത്തിന്റെ മേലങ്കി മാത്രമേ ഉള്ളൂ.ആളുകളുടെ പിൻബലമില്ല . ഈ സാഹചര്യത്തിൽ നമുക്ക് തെരഞ്ഞെടുപ്പാനന്തര കോൺഗ്രസ് കാഴ്ചക്ക് കാത്തിരിക്കുകയെ മാർഗമുള്ളൂ .

ഉമ്മൻ ചാണ്ടിക്ക് ഇതുപോലൊരു തിരിച്ചടി കിട്ടിയത് 2001ലാണ്. ആന്റണി മന്ത്രിസഭയുടെ രൂപീകരണ ചർച്ച ഡൽഹിയിൽ നടക്കുന്നു. ഉമ്മൻ ചാണ്ടി ഇല്ലാതെ എന്ത് ആന്റണി മന്ത്രിസഭ എന്ന് ഏവരും ഉറപ്പിച്ചു. അപ്പോളതാ കെ കരുണാകരൻ മന്ത്രിസ്ഥാനത്തേക്ക് കെ വി തോമസിനെ നിർദ്ദേശിക്കുന്നു . ഉമ്മൻ ചാണ്ടി വരുന്നതിൽ താല്പര്യം ഇല്ലാത്തതിനാൽ ആകാം ആന്റണി വല്യ പ്രതിവാദത്തിനൊന്നും നിന്നില്ല. കെവി തോമസ് കൂടി വന്നതോടെ മന്ത്രിസഭയിലെ മതസമവാക്യം നിരത്തി ഉമ്മൻ ചാണ്ടി പുറത്തായി. ഡൽഹി ചർച്ചയുടെ കാറ്റ് എങ്ങോട്ട് പോകുന്നെന്നു മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി ഇന്ന് ബെന്നി ബഹന്നാൻ ചെയ്തപോലെ അന്ന് വാർത്താ സമ്മേളനം നടത്തി മന്ത്രിസഭയിലേക്ക് ഇല്ലന്നു പ്രഖ്യാപിച്ചു. ബെന്നി പാർട്ടി പ്രവര്ത്തനം ആണ് മഹത്തരമെന്നു പറഞ്ഞതെങ്കിൽ ഉമ്മൻ ചാണ്ടിക്ക് ത്യാഗത്തിന്റെ മറ യുഡിഎഫ് കൺവീനർ സ്ഥാനം ആയിരുന്നു. അന്ന് ആന്റണി മന്ത്രിസഭയിൽ ഇടം കിട്ടാതിരുന്ന ഉമ്മൻ ചാണ്ടി ആ മന്ത്രിസഭയുടെ കാലാവധി പൂർത്തിയാക്കും മുമ്പേ മുഖ്യമന്ത്രിക്കസേരയിൽ കയറിയതും ചരിത്രം.

അക്കാലത്തൊക്കെ ഹൈക്കമാണ്ടിനെ മുൾമുനയിൽ നിർത്തിയ ലീഡർ പിന്നീടു പത്താം നമ്പർ ജൻപഥിലെ വിളി കാത്തിരുന്നത് മറ്റൊരു ചരിത്രം.