കൊച്ചി: സ്‌കൂളിൽ നിന്ന് പുറത്തുകൊണ്ടു പോയി മയക്കുമരുന്നു നൽകി ഉന്നതരായ പലരും പീഡിപ്പിച്ചെന്ന 16 കാരിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം ഉടൻ തുടങ്ങും. സെബാസ്റ്റ്യൻ കുണ്ടുകുളം അടക്കമുള്ളവർ കോയമ്പത്തൂരിലെ മധുക്കരയിൽ നടത്തുന്ന ആശ്രമത്തിൽ ധ്യാനത്തിന് പോയ ഭാര്യയും മക്കളെയും തടങ്കലിൽ പാർപ്പിച്ചെന്ന ഭർത്താവിന്റെ ആരോപണമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് കാരണമായത്.

കോയമ്പത്തൂരിൽ ധ്യാനത്തിന് പോയ ഭാര്യയും മൂന്നു പെൺമക്കളും ധ്യാന കേന്ദ്രം നടത്തിപ്പുകാരന്റെ തടവിലാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് അന്വേഷണം തുടങ്ങുന്നത്. തുടർന്ന് പെൺകുട്ടികളേയും മാതാവിനെയും എസ്.എൻ.വി സദനത്തിൽ പാർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. പൊലീസ് മാതാവിനൊപ്പം കുട്ടികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കാക്കനാട്ടെ സ്വകാര്യ സ്‌കൂളിൽ പഠിക്കുമ്പോൾ സമുന്നതരായ വ്യക്തികൾ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്. കോടതിയുടെ നിർദ്ദേശ പ്രകാരം എറണാകുളം സെൻട്രൽ പൊലീസ് കുട്ടികളുടെ മൊഴിയെടുത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുത്തു.

2012 മുതൽ 2017 ജനുവരി വരെ പല ദിവസങ്ങളിലും മയക്കു മരുന്നു കലർന്ന മിഠായികൾ നൽകി സ്‌കൂൾ വാനിൽ കയറ്റി സെന്റ് തോമസ് മൗണ്ട്, ദേജാവു, എറണാകുളത്തെ ബിഷപ് ഹൗസ് എന്നിവിടങ്ങളിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി. ധ്യാന കേന്ദ്രം നടത്തിപ്പുകാരനായ സെബാസ്റ്റ്യൻ കുണ്ടുകുളം സമാന്തര ചർച്ച് നടത്തുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ധ്യാനകേന്ദ്രത്തിൽ കുട്ടികളെ മസ്തിഷക പ്രക്ഷാളനം നടത്തിയതായും പൊലീസ് പറയുന്നു. കുട്ടികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും വീണ്ടും കൗൺസിലിങ് നടത്തണമെന്ന് മന:ശാസ്ത്ര വിദഗ്ദ്ധൻ അറിയിച്ചതായും സർക്കാർ വ്യക്തമാക്കി.

കോയമ്പത്തൂരിലെ ധ്യാനകേന്ദ്രത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പൊലിസ് വാദിച്ചു. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് വാക്കാൽനിർദ്ദേശിച്ച കോടതി ഭാര്യയും ഭർത്താവും തമ്മിൽ മധ്യസ്ഥ ചർച്ച നടത്താൻ നിർദ്ദേശിച്ച് ഇന്നലെ വൈകിട്ടു വരെ വിട്ടു. കഴിഞ്ഞ ദിവസം കുട്ടികളും മാതാവും താമസിച്ചത് ഇതേ സംഘത്തിൽപ്പെട്ട ആളുകളുടെ വീട്ടിലാണെന്നും അവിടെ നിന്നു മാറ്റണണമെന്നും പൊലീസ് വാദിച്ചു. തുടർന്ന് കുട്ടികളെയും മാതാവിനെയും ചേംബറിൽ കൊണ്ടു പോയി സംസാരിച്ച ശേഷമാണ് എസ്.എൻ.വി സദനത്തിലേക്ക് മാറ്റാൻ നിർദ്ദേശിച്ചത്. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും.

സീറോ മലബാർ ചർച്ചിൽ നിന്നു പുറത്താക്കിയ സെബാസ്റ്റ്യൻ കുണ്ടുകുളം അടക്കമുള്ളവർ കോയമ്പത്തൂരിലെ മധുക്കരയിൽ നടത്തുന്ന ആശ്രമത്തിനെതിരായാണ് ആരോപണങ്ങൾ. ധ്യാനത്തിനു പോയതാണു ഭാര്യയും മക്കളുമെന്നാണു ഹരജിക്കാരൻ ആരോപിച്ചിരുന്നത്. കോടതി നിർദ്ദേശപ്രകാരം നാലു പേരെയും കസ്റ്റഡിയിൽ എടുത്തു കൊണ്ടുവന്നു മൊഴി രേഖപ്പെടുത്തിയപ്പോൾ ചില വെളിപ്പെടുത്തലുകളുണ്ടായെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയൽ (പോക്സോ) നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യം നടന്നെന്നാണു പൊലീസ് മനസ്സിലാക്കിയത്.

2012 മുതൽ 2017 ജനുവരി വരെയുള്ള കാലയളവിൽ പല ദിവസങ്ങളിലും മയക്കമരുന്നു കലർന്ന മിഠായികൾ നൽകിയ ശേഷം സ്‌കൂൾ വാനിൽ കയറ്റി സെന്റ് തോമസ് മൗണ്ട്, ദേജാവു, എറണാകുളത്തെ ബിഷപ് ഹൗസ് എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് 16കാരി മൊഴി നൽകിയത്. പോക്സോയിലെ 7, 8 വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി കുട്ടികളുടെ മാതാവുമായി സംസാരിച്ചു.

കുട്ടികളെ മനംമാറ്റി കള്ളമൊഴി നൽകിച്ചതാണെങ്കിൽ അതിന് ഉത്തരവാദികളായവർക്കെതിരേ പോക്സോ പ്രകാരം നടപടി സ്വീകരിക്കേണ്ടി വരുമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.