ദോഹ:കുട്ടികൾ ക്ലാസ് കട്ട് ചെയ്താലും ഹോം വർക്ക് പൂർത്തിയാക്കിയില്ലെങ്കിലും അതെല്ലാം ഉടനടി മാതാപിതാക്കൾക്ക് അറിയാൻ സഹായിക്കുന്ന വിധത്തിൽ പുതിയ സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വരുന്നു. ഇൻഡിപെൻഡന്റ് സ്‌കൂളുകളിലെ കുട്ടികളെ നിരീക്ഷിക്കാൻ പറ്റുന്ന തരത്തിലുള്ള ആപ്പ് രൂപപ്പെടുത്തുന്നത് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ ആണ്.

സ്‌കൂളിൽ കുട്ടികളുടെ പ്രകടനം, പെരുമാറ്റം, കുട്ടികൾ ഹാജരാകാത്തത് തുടങ്ങിയവയെല്ലാം അപ്പപ്പോൾ തന്നെ മാതാപിതാക്കൾക്ക് അറിയാൻ പറ്റും. ഹോംവർക്ക് ചെയ്തിട്ടില്ലെങ്കിൽ അതും പരീക്ഷകളിൽ കിട്ടിയ മാർക്കും ഈ ആപ്പു വഴി മാതാപിതാക്കളുടെ കരങ്ങളിലെത്തും. കുട്ടികൾ ക്ലാസിൽ ഹാജരാകാത്തത് ഇൻഡിപെൻഡന്റ് സ്‌കൂളുകൾ നേരിടുന്ന പ്രശ്‌നമാണെന്നും ക്ലാസ് കട്ട് ചെയ്യുന്ന കുട്ടികളുടെ മാതാപിതാക്കളെ ഉടനടി വിവരം അറിയിക്കാൻ ഈ ആപ്പു വഴി സാധിക്കുമെന്നുമാണ് പറയുന്നത്.

മാത്രമല്ല, സ്‌കൂളിൽ നിന്നുള്ള അറിയിപ്പുകൾ എല്ലാ ഇനി മുതൽ ഈ ആപ്പുവഴിയായിരിക്കുമെന്നും മാതാപിതാക്കൾക്ക് ടീച്ചറുമായി ബന്ധപ്പെടാൻ ഇതു സഹായകമാണെന്നും സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഈ ആപ്പ് രൂപപ്പെടുത്തിയിരുന്നുവെങ്കിലും കമ്പ്യൂട്ടർ വഴി മാത്രമേ ഇതു പ്രവർത്തിപ്പിക്കാൻ സാധിക്കുമായിരുന്നൂള്ളൂ. എന്നാൽ അടുത്ത മാസം മുതൽ സ്മാർട്ട് ഫോണുകളിലും ഇത് ലഭ്യമായിത്തുടങ്ങും.