ദോഹ: മലയാളികൾ ഉൾപ്പെട്ട പ്രവാസി രക്ഷിതാക്കൾക്ക് ആശ്വാസമായി സ്‌കൂൾ പ്രവേശന മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ തീരുമാനം. പുതിയ നിർദേശമനുസരിച്ച് നിലവിൽ ഏതെങ്കിലുമൊരു സ്‌കൂളിൽ പഠിക്കുന്ന കുട്ടിക്ക് മറ്റൊരു സ്‌കൂളിലേക്ക് മാറുമ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.

ഖത്തറിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്ക് മറ്റൊരു സ്‌കൂളിൽ അഡ്‌മിഷൻ ലഭിക്കുകയാണെങ്കിൽ നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന സ്‌കൂളിൽ നിന്നുള്ള വിടുതൽ സർട്ടിഫിക്കറ്റും അഡ്‌മിഷൻ ലഭിക്കുന്ന സ്‌കൂളിൽ നിന്നുള്ള അനുമതി പത്രവും സുപ്രീം എജുക്കേഷൻ കൗൺസിലിൽ ഹാജരാക്കി ഇക്വലന്റ് സർട്ടിഫിക്കറ്റ് േനടണമെന്നാണ് നിലവിലെ നിയമം.

സങ്കീർണമായ ഇത്തരം നടപടി ക്രമങ്ങൾ രക്ഷിതാക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി മനസിലാക്കിയ സാഹചര്യത്തിലാണ് ഈ നിബന്ധന എടുത്തുകളയാൻ സുപ്രീം കൗൺസിൽ ഓഫ് എജുക്കേഷൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഈക്വലൻസി സർട്ടിഫിക്കറ്റുകൾ ഇല്ലാതെ തന്നെ ഇനി കുട്ടികൾക്ക് മറ്റൊരു സ്‌കൂളിൽ നേരിട്ട് അഡ്‌മിഷൻ നേടാനാവും.

സ്‌കൂൾ പ്രവേശനത്തിനായി സുപ്രീംകൗൺസിൽ മാർച്ച് രണ്ടിനു തുറന്ന ഏകജാലക സംവിധാനം ഒക്‌ടോബർ 15 വരെ തുടരും. ഈ സമയത്തു തുല്യതാ സർട്ടിഫിക്കറ്റില്ലാതെ പ്രവേശനം സാധ്യമാകും. എസ്ഇസിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രവാസി വിദ്യാർത്ഥികൾക്കു
പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂൾ മാറുകയും ചെയ്യാം.

പുതിയ വ്യവസ്ഥകൾ പ്രകാരം ഈ വർഷം ഒക്‌ടോബർ 15നുശേഷമെത്തുന്ന വിദ്യാർത്ഥികൾക്ക് സുപ്രീം കൗൺസിലിന്റെ പ്രത്യേകാനു മതിയുണ്ടെങ്കിൽ പ്രവേശനം ലഭ്യമാകും. എന്നാൽ, വിദ്യാർത്ഥിയുടെ വീസ കാലാവധി ഒരു വർഷത്തിൽ താഴെയാണെങ്കിൽ പ്രവേശനം നിഷേധിക്കുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. അതുപോലെ വിദ്യാർത്ഥിയുടെ വയസ്സും വിദ്യാഭ്യാസ നിലവാരവു മായിരിക്കും ഇക്കാര്യത്തിൽ പ്രധാന മാനദണ്ഡമാവും.

പ്രായമാണ് പ്രവേശനത്തിനുള്ള പ്രധാന ഉപാധിയെങ്കിലും അപൂർവ്വ സാഹചര്യങ്ങളിൽ രക്ഷിതാവിന്റെയും സ്‌കൂളിന്റെയും അംഗീകാര ത്തോടെ അനുയോജ്യമായ ക്ലാസിൽ പ്രവേശിപ്പിക്കാവുന്നതാണ്. എന്നാൽ, ഒരു ക്ലാസിലെ വിദ്യാർത്ഥികളുടെ പ്രായ വ്യത്യാസം പരമാവധി രണ്ടു വർഷത്തിൽ കൂടാൻ പാടില്ല. പഠന നിലവാരമനുസരിച്ച് രക്ഷിതാവിനെയും എസ്.ഇ.സി.യെയും അറിയിച്ച് കൊണ്ട് വിദ്യാർത്ഥിയെ ഉയർന്ന ക്ലാസിലോ താഴ്ന്ന ക്ലാസിലോ പ്രവേശിപ്പിക്കാൻ സ്‌കൂളിന് അനുമതിയുണ്ടായിരിക്കും