ദോഹ: സ്‌കൂൾ ബസ് വരാൻ അല്പം വൈകിയാൽ പരിഭ്രമിക്കുന്ന രക്ഷിതാക്കളാണ് മിക്കവരും. ഖത്തറിലാവട്ടെ ഗതാഗത കുരുക്കുകളിൽ പെട്ട് സ്‌കൂൾ ബസ് വൈകുന്നത് പതിവാണ് താനം. വ്യാപകമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ദിനം പ്രതി വർധിച്ചു വരുന്ന ഗതാഗത കുരുക്ക് കണക്കിലെടുത്താണ് രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ എജുക്കേഷൻ കൗൺസിൽ പുതിയ പദ്ധതിയുമായി രംഗത്തു എത്തിയിരിക്കുകയാണ് ഇ്‌പ്പോൾ.

ഖത്തറിൽ സ്‌കൂൾ ബസുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കാൻ ഹോട്ട് ലൈനും ജി.പി.എസ് സംവിധാനവും എർപെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. സ്വദേശികൾ പഠിക്കുന്ന ഇൻഡിപെൻഡന്റ് സ്‌കൂളുകളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഇത് വിജയിക്കുകയാണെങ്കിൽ മറ്റ് സ്വകാര്യ സ്‌കൂളുകളിലെ ബസുകളിലും ഈ സംവിധാനം ഏർപെടുത്താനാണ് തീരുമാനം.

മാതാപിതാക്കൾക്ക് ഫോൺ ഉപയോഗിച്ച് ബസുകൾ എവിടെയാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. പുതിയ പദ്ധതി ഉടൻ തന്നെ നടപ്പിലാക്കുമെന്നാണ് എസ്ഇസി അറിയിക്കുന്നത്. രാജ്യത്തെ സ്‌കൂൾ ബസുകളുടെ സുരക്ഷാ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉള്ളസാഹചര്യത്തിൽ മാതാപിതാക്കൾക്ക് ബസ് ഡ്രൈവർമാരുമായി ആശയവിനിമയം നടത്താനും സാധിക്കും.

ബസിൽ സ്ഥാപിക്കുന്ന ഹോട്ട് ലൈൻ വഴി ബന്ധപ്പെട്ടാൽ ബസുകൾ എവിടെയെത്തിയെന്ന കൃത്യമായ വിവരം രക്ഷിതാക്കൾക്ക് ലഭിക്കും. ഇതിനു പുറമെ ബസിൽ സ്ഥാപിക്കുന്ന ജി.പി.എസ് സംവിധാനം വഴി ബസിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനും കഴിയും. ഇതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ബസുകളിൽ ഘടിപ്പിക്കുന്നതിനുള്ള കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് സുപ്രീം എജുക്കേഷൻ കൗൺസിൽ പ്രതിനിധികൾ അറിയിച്ചു.