ദോഹ: കുട്ടികളെ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിപ്പിച്ച് സ്‌കൂളിലേക്ക് വിടണമെന്ന് സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ ഇൻഡിപെൻഡന്റെ സ്‌കൂൾ കുട്ടികളുടെ മാതാപിതാക്കളോട് നിർദേശിക്കുന്നു. കുട്ടികൾക്ക് ബ്രേക്ക് ഫാസ്റ്റിനായി സ്‌കൂൾ കാന്റീനിനെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നാണ് മാതാപിതാക്കൾക്കു നൽകുന്ന സന്ദേശം.

പ്രഭാതഭക്ഷണം വീട്ടിൽ തന്നെ പാകം ചെയ്ത് കുട്ടികളെ കഴിപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ദിവസത്തെ പ്രധാന ഭക്ഷണമായ ബ്രേക്ക് ഫാസ്റ്റ് വീട്ടിൽ നിന്നു തന്നെ കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. സ്‌കൂൾ കാന്റീനിൽ നിന്നു ഭക്ഷണം  വാങ്ങി പിന്നീട് എപ്പോഴെങ്കിലും കഴിക്കട്ടെ എന്നും എസ്ഇസി സ്‌കൂൾ കാന്റീൻസ് ഡിപ്പാർട്ട്‌മെന്റ് തലവൻ അലി അൽ റുമൈഹി പറയുന്നു.

കുട്ടികൾക്കിടയിൽ അമിത വണ്ണം ഇപ്പോൾ പ്രധാനപ്രശ്‌നമായിട്ടുണ്ടെന്നും സ്‌കൂൾ കാന്റീനുകൾക്കും അവയുടെ കോൺട്രാക്ടർമാർക്കും സപ്ലയർമാർക്കും ഇതു സംബന്ധിച്ച് ഗൈഡ് ലൈനുകൾ ഇറക്കിയിട്ടുണ്ടെന്നും റുമൈഹി വ്യക്തമാക്കി.

ഇൻഡിപെൻഡന്റ് സ്‌കൂൾ കാന്റീനുകൾ വഴി 50 തരം ഭക്ഷണമാണ് വിതരണം ചെയ്യാൻ പാടുള്ളൂ എന്നാണ് നിയമം. പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്ററി എന്നീ മന്ന് ലെവലുകളായി ഫുഡ് ഐറ്റംസ് തരംതിരിച്ചിട്ടുണ്ട്. സാധനത്തെ ആശ്രയിച്ച് ഫുഡ് പ്രൊഡക്ടിന്റെ വില 1 ഖത്തറി റിയാൽ മുതൽ 6 ഖത്തറി റിയാൽ വരെയാണ്. െ്രെപമറി സ്‌കൂളിൽ ഭക്ഷണത്തിന്റെ വില കുറവാണ്. പുതിയ ഗൈഡ് ലൈൻ അനുസരിച്ചുള്ള നിർദേശങ്ങൾ പുതിയ അധ്യയന വർഷമായ സെപ്റ്റംബർ ആറുമുതൽ നടപ്പിലാകും. സർക്കാർ നിബന്ധനകൾ പാലിക്കാത്ത കാന്റീനുകൾക്ക് പിഴ ശിക്ഷ നേരിടേണ്ടി വരും. അവരുടെ ലൈസൻസും റദ്ദാക്കപ്പെടും.