വിലക്കയറ്റത്തിൽ ഇറങ്ങിപ്പോക്ക്, മാണി മറുപടി പറയാത്തതിൽ ബഹളം; രണ്ടാം ദിവസത്തെ തുടക്കവും പ്രതിപക്ഷ പ്രതിഷേധത്തോടെ
തിരുവനന്തപുരം: നിയമസഭയിൽ രണ്ടാം ദിവസവും പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. വിലക്കയറ്റത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. സി ദിവാകരൻ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വിലക്കയറ്റം തടയുന്നതിൽ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിൽ രണ്ടാം ദിവസവും പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. വിലക്കയറ്റത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.
സി ദിവാകരൻ എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വിലക്കയറ്റം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന് ദിവാകരൻ ആരോപിച്ചു. മാഫിയയകളാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിലക്കയറ്റം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചതായി അടിയന്തരപ്രമേയ അവതരണാനുമതി ചർച്ചയ്ക്ക് മറുപടി പറഞ്ഞ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.
ഏഴു വർഷത്തിനിടെ ആദ്യമായാണ് സപ്ളൈക്കോ സാധനങ്ങൾക്ക് വില കൂട്ടിയതെന്നും മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം സംബന്ധിച്ച പ്രതിപക്ഷാംഗങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ധനമന്ത്രി കെ.എം.മാണിയും ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും ഒഴിഞ്ഞു മാറിയത് നിയമസഭയിൽ ബഹളത്തിനിടയാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ചോദ്യോത്തരവേള അലങ്കോലമായി.
ചോദ്യോത്തരവേളയിൽ മന്ത്രി കെ.എം. മാണി മറുപടി പറയുന്നതിനിടെയാണ് ഇന്ന് നിയമസഭയിൽ ബഹളം ആരംഭിച്ചത്. ബഹളം മൂർച്ഛിച്ചതോടെ ഡെപ്യൂട്ടി സ്പീക്കർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും വ്യക്തമായ മറുപടി നൽകാത്തതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദനും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ഡെപ്യൂട്ടി സ്പീക്കർ മറ്റ് ചോദ്യങ്ങളിലേക്ക് കടന്നതോടെ ബഹളം രൂക്ഷമായി. അതിനിടെ ചോദ്യോത്തരവേളയുടെ സമയം കഴിയുകയും ചെയ്തു.