ബെംഗളൂരു: ആദ്യ ഭാര്യയോടുള്ള ക്രൂരതയാണ് രണ്ടാം വിവാഹമെന്ന് കർണാടക ഹൈക്കോടതി. യൂസഫ് പട്ടേൽ പട്ടീൽ എന്നയാളുടെ ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. മുസ്ലീങ്ങൾക്ക് രണ്ടാം വിവാഹം നിയമപരമാണെങ്കിലും അത് ആദ്യഭാര്യയോടുള്ള ക്രൂരതയാണെന്നാണ് കലബുറഗി ഡിവിഷൻ ബെഞ്ച്പരാമർശിച്ചത്. ആദ്യ ഭാര്യ രാജംൻബി നൽകിയ പരാതിയെ തുടർന്ന് ഇവരുടെ വിവാഹം കീഴ്‌ക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, പി കൃഷ്ണഭട്ട് എന്നിവരാണ് കേസിൽ വിധി പറഞ്ഞത്.

മുസ്ലീമിന് രണ്ടാം വിവാഹം നിയമപരമായിരിക്കാം. പക്ഷേ ഇത് ആദ്യഭാര്യയോടുള്ള വലിയ ക്രൂരതയാണ്. വിവാഹമോചനത്തിനുള്ള അവരുടെ ആവശ്യത്തിന് ന്യായമാണെന്നും കോടതി നിരീക്ഷിച്ചു. 2014ലാണ് വിജയപുര സ്വദേശിയായ യൂസഫ് പട്ടേൽ ശരിയാ നിയമമനുസരിച്ച് രാജംൻബിയെ വിവാഹം കഴിക്കുന്നത്. എന്നാൽ, ഏറെക്കഴിയും മുമ്പേ ഇയാൾ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. തുടർന്നാണ് താനുമായുള്ള വിവാഹം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജംൻബി കീഴ്‌ക്കോടതിയിൽ പരാതി ഫയൽ ചെയ്തത്. തന്നെയും തന്റെ മാതാപിതാക്കളെയും ഭർത്താവും കുടുംബവും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. തുടർന്ന് കീഴ്‌ക്കോടതി യുവതിയുടെ ആവശ്യം അംഗീകരിച്ചു.

താൻ ആദ്യ ഭാര്യയെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നും വിവാഹം റദ്ദാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യൂസഫും ഹൈക്കോടതിയിൽ പരാതി ഫയൽ ചെയ്തു. രാഷ്ട്രീയമായി സ്വാധീനമുള്ള മാതാപിതാക്കളുടെ ഭീഷണിയും നിർബന്ധവും കാരണമാണ് താൻ രണ്ടാം വിവാഹം കഴിച്ചതെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. ശരിയാ നിയമപ്രകാരം രണ്ടാം വിവാഹം ആകാമെന്നും ഇയാൾ കോടതിയിൽ അറിയിച്ചു. ബഹുഭാര്യത്വത്തിൽ എന്നാൽ ആദ്യ വിവാഹം നിലനിർത്താൻ അനുവദിക്കാമെന്ന വാദം ഹൈക്കോടതി തള്ളി.