തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി തുടർഭരണം നേടിയ ഇടതുമുന്നണി സർക്കാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന സത്യപ്രതിജ്ഞയ്ക്കു പിന്നാലെ സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തു.

രാജ്ഭവനിലെ ചായസത്കാരത്തിന് ശേഷമാണ് മുഖ്യമന്ത്രി സെക്രട്ടേറയറ്റിലെത്തി ചുമതല ഏറ്റെടുത്തത്. നോർത്ത് ബ്ലോക്കിലെ മൂന്നാംനിലയിലെ 141-ാം നമ്പർ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

ഇന്നു വൈകുന്നേരം മൂന്നരയ്ക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രൊഫ. ആർ. ബിന്ദു, വീണാ ജോർജ്, ജെ. ചിഞ്ചുറാണി എന്നീ മൂന്ന് വനിതകൾ ഉൾപ്പെടെ 21 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. കേരളചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മുന്നണിക്ക് തുടർഭരണം ലഭിക്കുന്നത്. 99 സീറ്റുകൾ നേടിയാണ് ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തിയത്.

തുടർച്ചയായി രണ്ടാംതവണ അധികാരത്തിലെത്തിയ പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം. അതേസമയം പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.



ആദ്യം പിണറായി വിജയനും തുടർന്ന് കെ. രാജൻ (സിപിഐ), റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം), കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), വി. അബ്ദുറഹ്‌മാൻ (എൽ.ഡി.എഫ് സ്വത.), ജി.ആർ. അനിൽ (സിപിഐ), കെ.എൻ. ബാലഗോപാൽ (സിപിഎം), പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി (സിപിഐ), എം വി ഗോവിന്ദൻ മാസ്റ്റർ (സിപിഎം), അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് (സിപിഐ), കെ. രാധാകൃഷ്ണൻ (സിപിഎം), പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ, വീണ ജോർജ് എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു

മുഖ്യമന്ത്രി പിണറായി വിജയൻ, കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, പ്രഫ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, എം വി ഗോവിന്ദൻ മാസ്റ്റർ, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ്, കെ. രാധാകൃഷ്ണൻ, പി. രാജീവ്, സജി ചെറിയാൻ, വി. ശിവൻ കുട്ടി, വി.എൻ. വാസവൻ എന്നിവർ 'സഗൗരവ'ത്തിലാലോ ദൃഢപ്രതിജ്ഞയോ ചൊല്ലിയാണ് സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, ആന്റണി രാജു, വി. അബ്ദുറഹ്‌മാൻ, വീണ ജോർജ് എന്നിവർ ദൈവനാമത്തിലും അഹമ്മദ് ദേവർകോവിൽ അല്ലാഹുവിന്റെ നാമത്തിലുമാണ് സത്യവാചകം ചൊല്ലിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ സാക്ഷ്യം വഹിച്ചു. മന്ത്രിമാർ സെക്രട്ടേറിയറ്റിലെത്തി ആദ്യ മന്ത്രിസഭായോഗത്തിൽ പങ്കെടുന്നുണ്ട്.

ഗവർണർ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും. 17 പുതുമുഖങ്ങളുമായി പുതുചരിത്രമെഴുതുകയാണ് രണ്ടാം പിണറായി മന്ത്രിസഭ.

കോവിഡ് പ്രതിസന്ധി കാരണം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം വെട്ടിച്ചുരുക്കിയെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം ലക്ഷക്കണക്കിന് ഇടതുമുന്നണി പ്രവർത്തകർ ഓൺലൈനിലും ടിവിയിലും ആവേശപൂർവം ചടങ്ങിനു സാക്ഷികളായി.

വേദിയിൽ 140 അടി നീളത്തിൽ സ്ഥാപിച്ച എൽഇഡി സ്‌ക്രീനിൽ ചടങ്ങിനു മുൻപ് 52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി സംഗീതാവിഷ്‌കാരം പ്രദർശിപ്പിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു ചടങ്ങിലേക്കു പ്രവേശനം.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പ്രശസ്താരായ 54 ഗായകർ അണിചേർന്ന വെർച്വൽ സംഗീതാവിഷ്‌കാരം സെൻട്രൽ സ്റ്റേഡിയത്തിലെ സ്‌ക്രീനിൽ തെളിഞ്ഞു.

കെ.ജെ. യേശുദാസ്, എ.ആർ. റഹ്‌മാൻ, ഹരിഹരൻ, പി.ജയചന്ദ്രൻ, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാർ, ശങ്കർ മഹാദേവൻ, അംജത് അലിഖാൻ, ഉമയാൾപുരം ശിവരാമൻ, ശിവമണി, മോഹൻലാൽ, ജയറാം, കരുണാമൂർത്തി, സ്റ്റീഫൻ ദേവസ്യ, ഉണ്ണിമേനോൻ, ശ്രീനിവാസ്, ഉണ്ണിക്കൃഷ്ണൻ, വിജയ് യേശുദാസ്, മധുബാലകൃഷ്ണൻ, ശ്വേതാമോഹൻ, ഔസേപ്പച്ചൻ, എം. ജയചന്ദ്രൻ, ശരത്, ബിജിബാൽ, രമ്യാനമ്പീശൻ, മഞ്ജരി, സുധീപ്കുമാർ, നജിം അർഷാദ്, ഹരിചരൻ, മധുശ്രീ, രാജശ്രീ, കല്ലറ ഗോപൻ, അപർണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണൻ, രഞ്ജിനി ജോസ്, പി കെ മേദിനി, മുരുകൻ കാട്ടാക്കട എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് തുടർഭരണത്തിന് സംഗീതത്തിലൂടെ ഭാവുകമേകിയത്. സമർപ്പാവതരണം നടത്തിയത് മമ്മൂട്ടിയാണ്.

ഇ.എം.എസ്. മുതൽ പിണറായി വിജയൻ വരെയുള്ളവർ നയിച്ച സർക്കാരുകൾ എങ്ങനെ കേരളത്തെ മാറ്റുകയും വളർത്തുകയും ചെയ്തുവെന്ന് വിളംബരംചെയ്യുന്നതായിരുന്നു സംഗീത ആൽബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആൽബം മലയാളത്തിൽ ആദ്യമാണ്. സംവിധായകൻ ടി.കെ. രാജീവ്കുമാറാണ് ആശയാവിഷ്‌കാരം. രമേശ് നാരായണൻ സംഗീതം ചിട്ടപ്പെടുത്തി. മൺമറഞ്ഞ കവികളുടേതിനുപുറമേ പ്രഭാ വർമ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു.

3.55 നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിലെത്തി. ദേശീയഗാനത്തിനുശേഷം ചീഫ് സെക്രട്ടറി വി.പി. ജോയ് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്കായി വേദിയിലേക്കു ക്ഷണിച്ചു. പിണറായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റതിനു പിന്നാലെ മന്ത്രിമാരും സത്യവാചകം ചൊല്ലി ചുമതലയേറ്റു.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, പ്രകാശ് കാരാട്ട്, എ. വിജയരാഘവൻ, ഇ.പി. ജയരാജൻ, തോമസ് ഐസക്, എം.എം. മണി, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള സിപിഎം നേതാക്കൾ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ഇ. ചന്ദ്രശേഖരൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ അടക്കം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി രാവിലെ മുഖ്യമന്ത്രിയും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര- വയലാർ രക്തസാക്ഷി സ്മാരകത്തിലും പുഷ്പാർച്ചന നടത്തി. ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.