- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കറിനെ വെള്ളപൂശി രണ്ടാം വിദഗ്ധസമിതി റിപ്പോർട്ട്; സ്പ്രിങ്ക്ളർ കരാറിൽ വീഴ്ച്ചകളുണ്ടായിരുന്നെങ്കിലും ശിവശങ്കറിന് ഗൂഢോദ്ദ്യേശങ്ങൾ ഇല്ലായിരുന്നെന്ന് കണ്ടെത്തൽ; കരാറിലേർപ്പെട്ടത് നടപടിക്രമങ്ങൾ പാലിക്കാതെ; മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ അറിഞ്ഞില്ലെന്നും റിപ്പോർട്ട്
തിരുവനന്തപുരം: വിവാദമായ സ്പ്രിങ്ക്ളർ കരാറിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കറിനെ വെള്ളപൂശി രണ്ടാം അന്വേഷണ റിപ്പോർട്ട്. കരാറിൽ വീഴ്ച്ചകളുണ്ടായിരുന്നെങ്കിലും ശിവശങ്കറിന് ഗൂഢോദ്ദേശങ്ങൾ ഇല്ലായിരുന്നെന്നാണ് പുതിയ റിപ്പോർട്ടിലെ കണ്ടെത്തൽ. കരാറിന്റെ ഉത്തരവാദിത്തം ശിവശങ്കറിന് മാത്രമാണ്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതു സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കോവിഡ് വിവരവിശകലനത്തിന് സ്പ്രിൻക്ലർ കമ്പനിയെ നിയമിക്കുന്നതായി ഐടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും അറിയിച്ചിരുന്നില്ലെന്നും സ്വകാര്യ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിനു മുൻപ് ഡേറ്റ സുരക്ഷ ഉറപ്പു വരുത്തിയില്ലെന്നും കരാറിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച രണ്ടാം വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. കരാറുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആരോപിക്കപ്പെടുന്നത് പോലെ യാതൊരു വിവരങ്ങളും ചോർന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. സ്റ്റോർ പർചേസ് മാന്വൽ പ്രകാരമാണ് ഐടി സെക്രട്ടറി മുൻകൈ എടുത്ത് കരാർ ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിയമ, ധന, ആരോഗ്യ, തദ്ദേശഭരണ വകുപ്പുകളുമായോ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുമായോ ചർച്ച നടത്താതെയാണ് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ കരാർ ഒപ്പിട്ടതെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, വീഴ്ചകളുണ്ടായെങ്കിലും കരാർ സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമല്ലെന്നും കരാറിന്റെ പൂർണ ഉത്തരവാദിയായ എം.ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എംഎംഎൽമാരായ പി.ടി.തോമസ്, പി.സി.വിഷ്ണുനാഥ് എന്നിവരുടെ നിയമസഭാ ചോദ്യത്തിനു മറുപടിയായാണു സർക്കാർ മുൻ നിയമ സെക്രട്ടറി കെ.ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്തു വിട്ടത്. റിപ്പോർട്ട് സർക്കാർ പരിശോധിച്ചു വരികയാണെന്നും മറുപടിയിലുണ്ട്.
സ്പ്രിൻക്ലർ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച മുൻ വ്യോമയാന സെക്രട്ടറി എം.മാധവൻ നമ്പ്യാർ, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. ഗുൽഷൻ റായ് എന്നിവരടങ്ങുന്ന കമ്മിറ്റി നൽകിയ റിപ്പോർട്ട് പരിശോധിക്കാനാണു സർക്കാർ ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഡോ. എ. വിനയ ബാബു, ഡോ.സുമേഷ് ദിവാകരൻ എന്നിവരായിരുന്നു അംഗങ്ങൾ. ഏപ്രിൽ 24നാണ് അവർ റിപ്പോർട്ട് സമർപ്പിച്ചത്.
സ്പ്രിൻക്ലർ ഇടപാട് ഒരു മാസത്തോളമേ നീണ്ടു നിന്നുള്ളൂവെന്നും അവർക്കു പണമൊന്നും നൽകിയില്ലെന്നും 2020 ഏപ്രിൽ 20 ആയപ്പോഴേക്കും ഡേറ്റ മുഴുവൻ സിഡിറ്റിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഡേറ്റ സെന്ററിലേക്കു മാറ്റിയെന്നും ഡേറ്റ ചോർച്ച ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാധവൻ നമ്പ്യാരുടെ റിപ്പോർട്ടിലെ കരാറുകളെ അട്ടിമറിക്കുന്ന കണ്ടെത്തലുകളാണ് ഇതെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. ഒന്നാം റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണ് പുതിയ വിദഗ്ധസമിതിയുടെ കണ്ടെത്തലുകൾ എന്നാണ് ആരോപണം. വിദഗ്ധസമിതി റിപ്പോർട്ടിനെ പറ്റിയും അതിനെതിരായ വിമർശനങ്ങളെ പറ്റിയും ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് മാധവൻ നമ്പ്യാരും അറിയിച്ചു.
അതേസമയം സ്പ്രിൻക്ലർ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിക്കായി സർക്കാർ ചെലവഴിച്ചത് 5.27 ലക്ഷം രൂപയാണ്. നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിമാസം 75,000 രൂപ ഓണറേറിയം അനുവദിക്കണമെന്നാവശ്യപ്പെട്ടു സമിതി അധ്യക്ഷൻ കത്തു നൽകിയത് നേരത്തേ വിവാദമായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ