കൊച്ചി: നടി ആ ക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ജനപ്രിയനായകൻ ദീലിപിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം രാമലീലയുടെ രണ്ടാം ടീസർ ശ്രദ്ധേ നേടുന്നു. ദിലിപിന്റെ നിലവിലെ സാഹചര്യങ്ങളോട് ചേർന്ന ഡയലോഗുകളാണ് ടീസറിൽ നിറഞ്ഞുനില്ക്കുന്നത്. ദിലീപിനെതിരായ സഹതാപ തരംഗം ആഞ്ഞടിപ്പിക്കാനാണ് ശ്രമം. കരുതലോടെ ഈ ചിത്രം പുറത്തിറക്കാനാണ് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ തീരുമാനം.

ടോമിച്ചൻ മുളകുപാടത്തിന്റെ രാമലീല ഇപ്പോൾ് പെട്ടിയിലാണ്. ജയിലിലായ നായകൻ ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങി, പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും മറ്റും സഹതാപ തരംഗമൊക്കെ സൃഷ്ടിച്ച് ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് ചിത്രത്തിന്റെ അണിയറക്കാരുടെ ഇപ്പോഴത്തെ നീക്കം. ഇതിന്റെ ഭാഗമാണ് ടീസർ. നേരത്തെ ഈ മാസം 21ന് സിനിമ റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് അത് മാറ്റി വയ്ക്കുകയായിരുന്നു.

പ്രതി താനാവണമെന്ന് തീരുമാനം ഉള്ളതു പോലെ ആണെന്ന് പറഞ്ഞ് കണ്ണീർ പൊഴിക്കുന്ന ദിലീപിന്റെ മുഖമാണ് ടീസറിൽ. അപ്പോൾ, തെളിവുകൾ തീരുമാനിക്കും പ്രതി ആരാവണം എന്ന് നടനും എംഎൽഎയുമായ മുകേഷ് പറയുന്നതും ടീസറിലുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംശയ നിഴലിലാണ് മുകേഷും. അതുകൊണ്ട് തന്നെ ഈ ടീസർ സൂപ്പർ ഹിറ്റുമാകുന്നു. ഇപ്പോഴത്തെ പ്രതിസന്ധയിൽ ദിലീപിന് പറയാനുള്ളത് പറയുന്നത് പോലെയാണ് ടീസർ.

വൻ വിജയമായ പുലിമുരുകന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പൊളിറ്റിക്കൽ ത്രില്ലറിന്റെ രചന നിർവഹിക്കുന്നത് സച്ചിയാണ്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനുണ്ണി എന്ന രാഷ്ട്രീയക്കാരനായാണ് ദിലീപ് എത്തുന്നത്. രാമനുണ്ണിയുടെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവർത്തനങ്ങളും നർമത്തിൽ ചാലിച്ചാണ് സംവിധായകൻ പറയുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച പ്രയാഗ മാർട്ടിനാണ് നായിക. മുകേഷ്,സിദ്ദിഖ്, വിജയരാഘവൻ, കലാഭവൻ ഷാജോൺ, സുരേഷ് കൃഷ്ണ,അനിൽ മുരളി, ശ്രീജിത്ത് രവി തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്. രാധികാ ശരത്കുമാർ, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.