വെല്ലിങ്ടൺ: വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായി രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. വെസ്റ്റ് ഇൻഡീസിനെ 81 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മന്ഥാനയുടെ ബാറ്റിങ് കരുത്തിൽ 258 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ വിൻഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ഓപ്പണർ സ്മൃതി മന്ഥാന 66 റൺസെടുത്തു. കഴിഞ്ഞ മത്സരത്തിൽ ബൗൺസർ ഹെൽമെറ്റിൽ കൊണ്ടതിനെ തുടർന്ന് സൃമിത് ലോകകപ്പ് നഷ്ടമാവുമെന്ന് വാർത്തകളുണ്ടായിരുന്നു. പിന്നാലെയാണ് ഇന്ത്യൻ ഓപ്പണറുടെ തകർപ്പൻ അർധ സെഞ്ചുറി. ദീപ്ത ശർമ (51), യഷ്ടിക ഭാട്ടിയ (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റൻ മിതാലി രാജ് (30) നിർണായക സംഭാവന നൽകി.

പൂജ വസ്ത്രകർ 21 റൺസിന് മുന്ന് വിക്കറ്റ് വീഴ്‌ത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ രണ്ട് റൺസിന് തോൽപ്പിച്ചിരുന്നു. മാർച്ച് നാലിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ആറിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.