- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രണ്ടാം തരംഗത്തിൽ എല്ലാം പിടിവിട്ടു; ഉത്തരേന്ത്യയിൽ മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ പോലും ബുദ്ധിമുട്ട്; ജനിതക വ്യതിയാനം പ്രധാന ഘടകം; വകഭേദം വന്ന വൈറസുകൾ വായുവിലൂടെയും പകരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ; വായുവിൽ തങ്ങുന്ന വൈറസ് മൂന്നു മണിക്കൂർ വരെ അപകടകാരി; അടച്ചിട്ട മുറികളിലെ ആൾക്കൂട്ടം സ്ഥിതി രൂക്ഷമാക്കും
ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യം സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലെന്ന് ആരോഗ്യ വിദഗ്ദ്ധർ. ലോകത്തേറ്റവും വേഗതയിൽ കോവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിയെന്നാണ് പ്രതിദിന കോവിഡ് നിരക്ക് സൂചിപ്പിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗവ്യാപനം തീവ്രമാക്കുന്നതിൽ ജനിത വ്യതിയാനം പ്രധാനമഘടകമാകുമ്പോൾ പരിശോധന സാമ്പിളുകളിൽ ഇന്ത്യൻ വകഭേദവും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് വായുവിലൂടെയും പകരുമെന്ന് എയിംസ് ഡയറക്ടറും, കോവിഡ് ദൗത്യസംഘാംഗവുമായ ഡോ. രൺദീപ് ഗുലേറിയ വ്യക്തമാക്കി. സർജിക്കൽ മാസ്കോ, ഡബിൾ ലെയർ മാസ്കോ നിർബന്ധമായും ഉപയോഗിക്കണം. അടച്ചിട്ട മുറികളിൽ ആൾക്കൂട്ടം പാടില്ലെന്നും ഡോ.ഗുലേറിയ പറയുന്നു.
ആകെ കേസുകളുടെ നാൽപത് ശതമാനം നിശബ്ദ വ്യാപനമാണെന്ന വിദഗ്ധ റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വൈറസ് വായുവിലൂടെയും പകരുമെന്ന് ഡോ രൺദീപ് ഗുലേറിയ ചൂണ്ടിക്കാട്ടുന്നത്.
കൊറോണ വൈറസ് വായുവിലൂടെ പടരുമെന്നതിനെക്കുറിച്ച്, ലാൻസെറ്റ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് ഇതിനോടു ചേർത്തുവായിക്കേണ്ടതാണ്. കോവിഡിന്റെ തുടക്കത്തിൽ ശാസ്ത്രലോകത്തു വലിയ തർക്കങ്ങൾക്കു വഴിവച്ച വിഷയമായിരുന്നു വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം. ലോകാരോഗ്യ സംഘടന പോലും ഇതിനെ അംഗീകരിക്കാൻ മടിച്ചിരുന്നു.
എന്നാൽ, നൂറുകണക്കിന് ഗവേഷകരും ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇവർ പരസ്യനിലപാടും എടുത്തു. കോവിഡ് ജാഗ്രത നടപടികളിൽ ഇതിനനുസരിച്ചു നേരിയ മാറ്റങ്ങളും വന്നു. എന്നാൽ, വായുവിലൂടെയുള്ള വൈറസിന്റെ വ്യാപനം സംബന്ധിച്ചു വ്യക്തമായ സ്ഥിരീകരണം നൽകുന്ന പഠനമാണ് ലാൻസെറ്റ് കഴിഞ്ഞദിവസം പുറത്തുവിട്ടത്.
വായുവിലൂടെ വൈറസ് വ്യാപനം ശക്തമാണെന്നു സ്ഥിരീകരിക്കാൻ ശക്തമായ തെളിവുകളുണ്ടെന്നു വ്യക്തമാക്കുന്നതാണ് യുഎസ്, യുകെ,കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള 6 ഗവേഷകർ തയാറാക്കിയ പഠനറിപ്പോർട്ട്. നാളിതുവരെ വൈറസ് വ്യാപനത്തിലെ പ്രധാന വില്ലനായി നാളിതുവരെ കരുതപ്പെട്ടിരുന്ന സ്രവകണിക മാത്രമല്ല, അന്തരീക്ഷവായുവും അപകടകാരിയാണ്.
വായു വഴിയുള്ള വ്യാപനത്തെ തടയാൻ പര്യാപ്തമല്ലെങ്കിലും സ്രവകണികയെ ചെറുക്കാൻ കഴിയുന്നതാണ് നിലവിൽ ആശുപത്രികളിലും മറ്റും ഡോക്ടർമാർ ഉപയോഗിക്കുന്ന വ്യക്തി സുരക്ഷാ ഉപകരണങ്ങൾ (പിപിഇ കിറ്റുകൾ). ഇവ ധരിച്ചിരുന്ന ഡോക്ടർമാർക്കു പോലും കോവിഡ് പിടിപെട്ടതു വായുസഞ്ചാരമെന്ന അപകടസാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. തീർന്നില്ല, അടുത്തടുത്ത രണ്ടു മുറികളിൽ നേരിട്ടു കാണാതെ ക്വാറന്റീനിലിരിക്കുന്നവർക്കിടയിൽ പോലും കോവിഡ് സ്ഥിരീക്കപ്പെട്ടതു പോലുള്ള ഒട്ടേറെ കാരണങ്ങൾ ഇതിനെ ബലപ്പെടുത്തി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യാതിരുന്നിട്ടും രോഗലക്ഷണമില്ലാത്തവരിൽനിന്നു വൈറസ് പടരുന്നതായി സ്ഥിരീകരിക്കുന്നതും അപകടകരമായ സൂചന നൽകുന്നു. പുറത്തുള്ളതിനെക്കാൾ അടച്ചിട്ട മുറികളിൽ വൈറസ് വ്യാപനത്തോത് കൂടുതലാണെന്ന ഞെട്ടിക്കുന്ന നിരീക്ഷണവും സംഘം നടത്തി. ശരിയായ വെന്റിലേഷൻ ഉറപ്പുവരുത്തി ഇതു കുറയ്ക്കാമെന്നു പറയുന്നുണ്ടെങ്കിലും വീടിനുള്ളിൽ പോലും പുലർത്തേണ്ടുന്ന ജാഗ്രതയിലേക്കാണ് ഇതു വെളിച്ചം വീശുന്നത്.
ലബോറട്ടറി പഠനങ്ങളിൽ വായുവിൽ തങ്ങിനിൽക്കുന്ന വൈറസ് മൂന്നു മണിക്കൂർ വരെ അപകടകാരിയാകാം. ആശുപത്രികളിൽനിന്നു കണ്ടെടുത്ത എയർഫിൽട്ടറുകൾ, കെട്ടിടങ്ങളിലെ സൂക്ഷ്മ സുഷിരങ്ങൾ എന്നിവയിൽനിന്നും വൈറസിനെ കണ്ടെത്തിയതും വായുമാർഗമാകാമെന്നു പഠനം പറയുന്നു. മുൻകരുതലുകളെടുത്താലും വിവാഹപാർട്ടികൾ, രാഷ്്ട്രീയപരിപാടികൾ, മതപരമായ ചടങ്ങുകൾ തുടങ്ങിയവയെല്ലാം വൈറസിന്റെ സൂപ്പർവ്യാപന ഇടങ്ങളാകാം. കോവിഡിനെ മഹാമാരിയായി മുന്നോട്ടുകൊണ്ടുപോകുന്നതിലും ഇത്തരം ചടങ്ങുകൾക്ക് പങ്കുണ്ടെന്ന മുന്നറിയിപ്പും ലാൻസെറ്റ് റിപ്പോർട്ടിലുണ്ട്.
24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് രാവിലെ വന്ന റിപ്പോർട്ട്. ഇതാദ്യമായാണ് രാജ്യത്തെ രണ്ടരലക്ഷത്തിലേറെ പ്രതിദിന കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. 2,61,500 പേർക്ക് ഇന്ന് രാവിലെ ഒൻപത് മണി വരെയുള്ള 24 മണിക്കൂറിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്.
കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ സമൂഹവ്യാപന ഘട്ടത്തിലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഔദ്യോഗികമായി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ ഈ പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും എയിംസിലെയും ആരോഗ്യമന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
ഒരാൾക്കു രോഗം നൽകി അയാളിൽനിന്ന് അടുത്തയാൾക്ക് എന്ന മട്ടിലല്ല കൊറോണ പടരുന്നത്. പകരം, ഒരാളിൽ നിന്ന് രണ്ടു പേർക്ക്, രണ്ടു പേരിൽ നിന്നു നാലാൾക്ക്, അവരിൽനിന്ന് ഏട്ടു പേർക്ക് എന്ന മട്ടിൽ ജാമ്യതീയ ഗുണിതങ്ങളായാണ് (ജ്യോമെട്രിക് പ്രോഗ്രഷൻ) വൈറസ് വ്യാപനത്തിന്റെ പോക്ക്.
ഈ വ്യാപനരീതി വളരെ പെട്ടെന്നു വലിയ സംഖ്യകളിലേക്കു പോകുകയും ചെയ്യും. അതുകൊണ്ടാണ് ഒരോഫീസിലെ ഒട്ടുമിക്ക ആളുകൾക്കും കോവിഡ് പിടിപെട്ട് ഓഫിസ് അടച്ചിടേണ്ടി വന്നുവെന്ന തരത്തിലുള്ള വാർത്തകൾ നാം നിരന്തരം കേൾക്കുന്നത്.
കോവിഡ് ഒരാൾക്കു പിടിപെട്ടാൽ മുൻകരുതൽ എന്ന നിലയിൽ ആദ്യം ചെയ്യുക അയാളെ, രോഗതീവ്രത അനുസരിച്ചു വീട്ടിലോ ആശുപത്രിയിലോ ക്വാറന്റൈൻ ചെയ്ത് ചികിത്സ നൽകുകയെന്നതാണ്. രണ്ടാമത്, ഇയാളുടെ രോഗബാധ എങ്ങനെയെന്ന കാര്യത്തിൽ തീർപ്പുണ്ടാക്കുകയെന്നതാണ്. അയാളുമായി അടുത്തദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നയാളുകളെ കണ്ടെത്തി സ്വയം നിരീക്ഷണത്തിലാക്കാൻ വേണ്ടിയാണത്.
രോഗലക്ഷണങ്ങളുടെയും സമ്പർക്കരീതിയുടെയും അടിസ്ഥാനത്തിൽ ഇവരിൽ കോവിഡ് പരിശോധന പോലും നടത്തേണ്ടതുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ആദ്യ നാളുകളിൽ ഏറ്റവും ഫലപ്രദമായി ചെയ്ത കോവിഡ് കേസ് റൂട്ട് കണ്ടെത്തുന്ന രീതി ഇപ്പോൾ ഫലപ്രദമായി നടക്കുന്നുണ്ടോയെന്നു ചോദിച്ചാൽ കേരളത്തിൽ പോലും സംശയമാണ്. പലർക്കും രോഗം എവിടെനിന്നാണു പിടിപെട്ടതെന്നു പിടികിട്ടാത്ത അവസ്ഥ.യാണെന്ന് വ്യക്തമാണ്.
ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച് വൈറസ് വ്യാപനത്തിനു നാലു ഘട്ടങ്ങളാണ്. ഒന്ന്: രോഗികളില്ലാത്ത ഒരിടത്തേക്ക്, നേരത്തെ രോഗം സ്ഥിരീകരിച്ച ഒരു രാജ്യത്തുനിന്ന് രോഗി എത്തുന്ന അവസ്ഥ. വരുന്ന വരവിൽതന്നെ പിടിച്ചു കെട്ടിയാൽ രക്ഷപ്പെട്ടുവെന്നർഥം. ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച കേരളം ഇക്കാര്യത്തിൽ ഫലപ്രദമായ മാതൃകയാണ് സ്വീകരിച്ചത്. അതുകൊണ്ടാണ് ആദ്യ 3 കേസുകൾ റിപ്പോർട്ട് ചെയ്ത ശേഷം പിന്നീട് ഒരു മാസത്തോളം കേരളത്തിൽ മറ്റു കേസുകളില്ലാതിരുന്നത്.
രണ്ടാമത്തേത്, പുറമേനിന്നു രോഗികളെത്തി സമൂഹത്തിൽ ചിലരിലേക്കു രോഗം പകരുന്ന സ്ഥിതി. മിക്കവാറും ഏറ്റവും അടുത്തിടപഴകിയ ബന്ധുക്കൾ, സുഹൃത്തുക്കൾ, യാത്രയിൽ പങ്കാളിയായവർ തുടങ്ങിയവരാണ് ഈ ഘട്ടത്തിൽ വൈറസിന്റെ പിടിയിലാകുക. മൂന്നാമത്, സമൂഹത്തിലെയോ പ്രദേശത്തെയോ ഒരു വിഭാഗം ആളുകളിൽ കൂടുതലായി രോഗം പിടിപെടുന്ന സ്ഥിതി. ഈ ഘട്ടത്തിലാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുവെന്നു നാം പറയുക. ഇത്തരത്തിലുള്ള ക്ലസ്റ്ററുകളുടെ സ്ഥിരീകരണമാണ് ഇന്ത്യയിലെമ്പാടും കേന്ദ്ര സർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നത്.
രണ്ടും മൂന്നും ഘട്ടങ്ങളുടെ ഏറ്റവും വലിയ മെച്ചം രോഗം ആരിൽനിന്ന് ആർക്കെത്തിയെന്ന കാര്യത്തിൽ ഏകദേശ ധാരണ പ്രതിരോധ പ്രവർത്തകർക്കു ലഭിക്കുമെന്നതാണ്. സമ്പർക്കരോഗികളെയും മറ്റും കണ്ടെത്താൻ കഴിയുമെന്നതുകൊണ്ടു തന്നെ കോവിഡ് പ്രതിരോധ നടപടികൾ എളുപ്പത്തിലാക്കാൻ ഇതു സഹായിക്കും.
ഇനിയുള്ള നാലാം ഘട്ടമാണ് സമൂഹവ്യാപനഘട്ടം. അതായത് വൈറസ് ആരിൽനിന്ന് ആർക്കു ലഭിച്ചുവെന്നു പിടികിട്ടാത്ത അവസ്ഥ. ഇത് അപകടകരമായ സ്ഥിതിയാണ്. കോവിഡിന്റെ ഈ രണ്ടാം തരംഗത്തിൽ ഇന്ത്യ തീർച്ചയായും സമൂഹവ്യാപന ഘട്ടത്തിലാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ഇന്നത്തെ കണക്കോടെ രാജ്യത്ത് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. രണ്ടാം തരംഗത്തിൽ കോവിഡ് വൈറസിന്റെ ജനിതകമാറ്റം വന്ന വകഭേദം നിരവധി സാംപിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം.
ന്യൂസ് ഡെസ്ക്