തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപ്പിടിത്തത്തിന്റെ ഫോറൻസിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോർട്ട് സർക്കാരിനും പൊലീസിനും തിരിച്ചടി. പരിശോധിച്ച സാമ്പിളുകളിൽനിന്ന് തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. മുറിയിലെ ഫാനിൽനിന്ന് തീ പിടിച്ചതിന്റെ തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഫാനിൽനിന്ന് തീപ്പിടിത്തം ഉണ്ടായതിന് യാതൊരു തെളിവും ഫോറൻസിക് പരിശോധനയിൽ കണ്ടെത്താനായില്ല എന്നതാണ് ഈ റിപ്പോർട്ടിലെ കാതലായ ഭാഗം. ഈ റിപ്പോർട്ട് വന്ന ശേഷം വലിയ വിവാദങ്ങൾ ചർച്ചയാകുന്നുണ്ട്. രേഖകൾ നശിപ്പിക്കാൻ സിപിഎമ്മുകാർ ആസൂത്രണം ചെയ്തതാണ് തീപിടിത്തമെന്നാണ് ഉയരുന്ന ആക്ഷേപം

ഫോറൻസിക് ഓഫീസിലെ മൂന്ന് വാൾ ഫാനുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ഫാനുകളുടെ വയറുകൾ പരിശോധിച്ചു. ഇവയ്ക്ക് ഷോർട്ട് സർക്യൂട്ടോ അഗ്നിബാധയുണ്ടാകാൻ കാരണമായുള്ള എന്തെങ്കിലും കേടുപാടുകളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഫോറൻസിക് പരിശോധനാഫലം വ്യക്തമാക്കുന്നു. മാത്രമല്ല, ഇതിലൊരു ഫാൻ പൂർണമായും പ്രവർത്തനക്ഷമം ആണെന്നും റിപ്പോർട്ടിലുണ്ട്. ഇതു കൂടാതെ ഒരു ഫാനിന്റെ മോട്ടറിന് സാങ്കേതിക തകരാർ ഉണ്ടോയെന്ന് പറയാൻ കഴിയില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. ഇതോടെ തീപിടിത്തത്തിൽ ദുരൂഹത കൂടുകയാണ്.

തീപ്പിടിത്തത്തിനു ശേഷം ശേഖരിച്ച സാമ്പിളുകളിൽ രണ്ട് മദ്യക്കുപ്പികളും ഉൾപ്പെടുന്നുണ്ട്. ഇവ സംബന്ധിച്ച് കെമിക്കൽ അനാലിസിസും നടത്തിയിരുന്നു. മദ്യം നിറച്ച അവസ്ഥയിലായിരുന്നു ഈ രണ്ടു കുപ്പികളുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ കുപ്പികളും കാനുകളും കണ്ടെത്തിയിരുന്നു. എന്നാൽ ഇവയിലൊന്നും തീപ്പിടിത്തത്തിന് കാരണമായേക്കാവുന്ന എണ്ണയോ മറ്റ് ഇന്ധനങ്ങളോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. എങ്കിലും മദ്യകുപ്പി എങ്ങനെ സെക്രട്ടറിയേറ്റിൽ എത്തിയെന്നതും ദുരൂഹമാണ്. ആരോ തീ കത്തിച്ചതാണെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

തീപ്പിടിത്തത്തെ കുറിച്ച് കെമിസ്ട്രി ഡിപ്പാർട്‌മെന്റും ഫിസിക്‌സ് ഡിപ്പാർട്‌മെന്റും രണ്ടു തരത്തിലുള്ള പരിശോധന നടത്തിയിരുന്നു. ഇതിൽ കെമിസ്ട്രി ഡിപ്പാർട്‌മെന്റ് നാൽപ്പത്തഞ്ചോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഫിസിക്‌സ് ഡിപ്പാർട്‌മെന്റ് പതിനാറ് സാമ്പിളുകളും പരിശോധിച്ചു. സർക്കാരിന്റെയും പൊലീസിന്റെയും വാദങ്ങളെ പൂർണമായും തള്ളുന്നതാണ് ഫോറൻസിക് പരിശോധനാഫലം. ഇത് പൊലീസിനും സർക്കാരിനും തിരിച്ചടിയാകും. അട്ടിമറി വാദങ്ങളും സജീവമായി വീണ്ടും ചർച്ചയാകും. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായതെന്നതാണ് ഇതിന് കാരണം.

ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നായിരുന്നു പൊലീസിന്റെയും സർക്കാരിന്റെയും ആദ്യവാദം. നേരത്തെ ഫിസിക്‌സ് ഡിപ്പാർട്‌മെന്റ് നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് അല്ല തീപ്പിടിത്തത്തിനു കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ പുതിയ വാദവുമായി പൊലീസ് രംഗത്തെത്തി. പ്രോട്ടോക്കോൾ ഓഫീസിലെ ഫാനിൽനിന്നുണ്ടായ തീ ഫയലിലേക്കും മറ്റും പടർന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നായിരുന്നു പൊലീസ് പിന്നീട് വ്യക്തമാക്കിയത്. അതിനെ സാധൂകരിക്കാൻ ഗ്രാഫിക് ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ഇതാണ് ഫോറൻസിക് റിപ്പോർട്ട് തള്ളിക്കളയുന്നത്. ഇത് സർക്കാരിനും തിരിച്ചടിയാണ്.

വിശദമായ പരിശോധനയാണ് ഉണ്ടായത്. പ്രോട്ടോക്കോൾ ഓഫീസിൽനിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ പോലും തീപ്പിടിത്തത്തിന് കാരണമായ തെളിവുകൾ കണ്ടെത്താനായിട്ടില്ല. മൂന്ന് ഘട്ടമായാണ് സാമ്പിളുകൾ ശേഖരിച്ചത്. ആദ്യ ഘട്ടത്തിൽ ഫോറൻസിക് ഡിപ്പാർട്‌മെന്റിലെ ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചത്. തീപ്പിടിത്തം ഉണ്ടായതിനു പിന്നാലെ ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും തീപ്പിടത്തമുണ്ടാകാൻ സാധ്യതയുള്ള സാമ്പിളുകളും തെളിവുകളും ശേഖരിച്ചു.

അതിനു ശേഷം രണ്ടുഘട്ടമായി സാമ്പിളുകൾ ഹാജരാക്കിയത് പൊലീസാണ്. തീപ്പിടിത്തം സംബന്ധിച്ച അന്വേഷണത്തിന്റെ ചുമതലയുള്ള എസ്‌പി. ഒപ്പിട്ട സാമ്പിളുകളുടെ പാക്കറ്റുകളും ഫോറൻസിക് ഡിപ്പാർട്‌മെന്റിന് പൊലീസ് കൈമാറിയിട്ടുണ്ട്. പല ദിവസങ്ങളിലായാണ് ഇവ കൈമാറിയിരിക്കുന്നത്. ഫാനിന്റെ സാമ്പിളുകൾ കൈമാറിയിരിക്കുന്നത് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലാണ്. ഈ ഫാനുകളുടെ മുഴുവൻ ഭാഗവും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽനിന്ന് തീപ്പിടിത്തമുണ്ടായതിന്റെ യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഓഗസ്റ്റ് 25ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തവും ,ഫയലുകൾ കത്തി നശിച്ചതും വൻ വിവാദമായിരുന്നു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നു ഫാനിൽനിന്നാണു തീ പടർന്നതെന്നാണു പൊലീസ് റിപ്പോർട്ട് നൽകിയിരുന്നത്. തുടർച്ചയായി പ്രവർത്തിച്ചു ചൂടായ ഫാനിലെ പ്ലാസ്റ്റിക് ഉരുകി പേപ്പറിൽ വീണു തീപിടിച്ചതാണെന്ന നിഗമനമാണ് പൊലീസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത് . ഷോർട്ട് സർക്യൂട്ടിനെ തുടർന്നു ഫാനിൽനിന്നാണു തീ പടർന്നതെന്ന് വിശദീകരിക്കുന്ന ഗ്രാഫിക്‌സ് വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.

എന്നാൽ തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്നായിരുന്നു ഫോറൻസിക് വിഭാഗം കോടതിയിൽ റിപ്പോർട്ട് നൽകിയത്. തീപിടിത്തമുണ്ടായ പ്രോട്ടോക്കോൾ ഓഫീസിൽ രണ്ട് മദ്യക്കുപ്പികൾ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായുമാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നത്.കേന്ദ്ര അന്വേഷണ ഏജൻസികൾ ഫയലുകൾ ആവശ്യപ്പെട്ടതിനു പിന്നാലെ സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായത് ആസൂത്രിതമാണെന്നു ആരോപണമുണ്ടായിരുന്നു .