ൽപ്പം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ലെയ്ക് ഡിസ്ട്രിക്റ്റിൽ ഒരു ചെലവുമില്ലാതെ അന്തിയുറങ്ങാവുന്ന ഒരിടമുണ്ട്. ഇവിടുത്തെ മലനിരകളിലെ ഡോവ് ക്രാഗ് പാറക്കെട്ടുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പ്രശസ്തമായ രഹസ്യ ഗുഹയായ പ്രീസ്റ്റ്‌സ് ഹോൾ ആണത്. മല കയറി എത്തുന്നവർക്ക് അന്തിയുറങ്ങാൻ അത്യാവശ്യം വേണ്ടതൊക്കെ ഇവിടെ സജ്ജമാണ്. മൂൻകൂട്ടി ബുക്ക് ചെയ്യുകയും വേണ്ടതില്ല. അതു കൊണ്ട് തന്നെ ഇവിടെ എത്തുന്നവർക്ക് ആരായിരിക്കും ഗുഹയിൽ തങ്ങളുടെ സഹവാസികൾ എന്ന് ഒരിക്കലും അറിയാനും വഴിയില്ല.

ഗുഹ ഉപയോഗിക്കുന്നവർക്കായി അത്യാവശ്യം ഭക്ഷണവും മറ്റും ഇവിടെ എത്തുന്നവർ ഉപേക്ഷിച്ചു പോകുന്നു. നേരത്തെ ഇവിടെ സന്ദർശിച്ചവർ തങ്ങളുടെ അനുഭവങ്ങളെഴുതിയ ഒരു ഡയറിയുമുണ്ടിവിടെ. ലെറ്റർ ബോക് വാതിൽ പോലുള്ള ഗുഹാമുഖം കടന്ന് അകത്ത് പ്രവേശിച്ചാൽ പിന്നെ അഞ്ചാറു മീറ്റർ താഴേക്കിറങ്ങി വേണം ഗുഹക്കുള്ളിലെത്താൻ. ഇവിടെ എട്ടു പത്തു പേർക്ക് സുഖമായി ഉറങ്ങാൻ ഇടമുണ്ട്.

ഈസ്റ്റേൺ ഫെൽസിൽ സ്ഥിതി ചെയ്യുന്ന ഈ ഗുഹാമുഖത്തെത്താൻ 2,100 അടിയിലേറെ ഉയരം താണ്ടണം. അന്തിയുറക്കത്തിനു പുറമെ ഗുഹാ മുഖത്തു നിന്നും പുറത്തേക്ക് നോക്കിയാൽ കാണുന്ന മനോഹര കാഴ്ചയാണ് ഗുഹയുടെ മറ്റോരു ആകർഷണീയത. പ്രഭാത സൂര്യോദയവും സൂര്യന്റെ സ്വർണ്ണത്തിളക്കം പരക്കുന്നതും ഈ ഗുഹാ മുഖത്തു നിന്നു നോക്കിയാൽ വ്യക്തമായി കണ്ടാസ്വദിക്കാം. ഇത്ര ഭംഗിയുള്ള കാഴ്ചയൊരുക്കുന്ന മറ്റൊരിടമില്ല. മല കയറുന്നവരും ഇതു വഴി കടന്നു പോകുന്നവരും ഈ ഗുഹ സാധാരണ ഉപേയോഗിക്കാറുണ്ടെങ്കിലും മോശം കാലാവസ്ഥയിൽ ഈ അപൂർവ്വ ഇടം കണ്ടെത്തുക പ്രയാസമാണ്. ഇതാണ് മറ്റു രഹസ്യ ഇടങ്ങളിൽ നിന്നും ഈ ഗുഹയെ വേറിട്ട് നിർത്തുന്നത്.