- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അബദ്ധത്തിൽ പുറത്ത് വിട്ടത് അതീവ രഹസ്യസൈനീക വിവരങ്ങൾ; സൈനിക താവളങ്ങളുടെ ലൊക്കേഷനുകൾ പകർത്തിയത് നിരവധിപേർ; അബദ്ധം തിരിച്ചറിഞ്ഞ് വിവരങ്ങൾ നീക്കം ചെയ്തെങ്കിലും രഹസ്യവിവരങ്ങൾ ചോർന്ന ആശങ്കയിൽ ഇസ്രയേൽ
ഇസ്രയേലിലെ രഹസ്യ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങൾ പുറത്തായി. സൈനിക കേന്ദ്രങ്ങളുടെ ലൊക്കേഷനുകൾ അബദ്ധത്തിലാണ് പുറത്തുവിട്ടതെങ്കിലും പെട്ടെന്ന് തന്നെ നീക്കം ചെയ്തു. എന്നാൽ, ഈ സമയത്തിനുള്ളിൽ തന്നെ നിരവധി പേർ സൈനിക താവളങ്ങളുടെ ലൊക്കേഷനുകൾ പകർത്തിരുന്നു. ചില മാധ്യമങ്ങൾ പുറത്തായ മാപ്പുകൾ ഉപയോഗിച്ച് വാർത്തയും പ്രസിദ്ധീകരിച്ചു.
ഇസ്രയേലിന്റെ നാഷണൽ എമർജൻസി പോർട്ടലിലാണ് രാജ്യത്തെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളുടെ ലൊക്കേഷനുകൾ വെളിപ്പെടുത്തിയത്. ഇസ്രയേലിലെ കോവിഡ്-19 ടെസ്റ്റിങ് സെന്ററുകളുടെ വിശദമായ മാപ്പിലാണ് സൈനിക താവളങ്ങളും കൃത്യമായി രേഖപ്പെടുത്തിയിരുന്നത്. ഹാരെറ്റ്സ് പത്രമാണ് ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്.
ഇസ്രയേൽ സാധാരണയായി വെളിപ്പടുത്താത്ത സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മാപ്പിൽ ഉൾപ്പെടുത്തിയിരുന്നു. ഇസ്രയേലിന്റെ വ്യോമസേന, മിലിട്ടറി ഇന്റലിജൻസ് താവളങ്ങൾ പോലും എവിടെയാണെന്ന് കൃത്യമായി മാപ്പിൽ കാണിച്ചിരുന്നു. മാപ്പിൽ കാര്യങ്ങളെല്ലാം വിശദമായി വിവരിച്ചിട്ടുമുണ്ട്. താവളങ്ങളും അവിടത്തെ പ്രതിരോധ സൗകര്യങ്ങളുടെ വിവരങ്ങളും കാണിക്കുക മാത്രമല്ല അവയുടെ വലുപ്പവും കൃത്യമായ അതിരുകളും രേഖപ്പെടുത്തിയിരുന്നു.
ഇസ്രയേലിന്റെ ശത്രുക്കൾ രാജ്യത്തെയോ ഒരു പ്രത്യേക സൈനിക താവളത്തെയോ ആക്രമിക്കാൻ തീരുമാനിക്കുകയാണെങ്കിൽ ഇത്തരം വിവരങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്. സൈനിക താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അബദ്ധവശാൽ പുറത്തായതാണെന്നും ഇതിനുശേഷം രഹസ്യ ഡേറ്റ ഓൺലൈൻ മാപ്പിൽ നിന്ന് നീക്കം ചെയ്തതായും ഐഡിഎഫ് വക്താവ് ഹാരെറ്റ്സിനോട് പറഞ്ഞു. മാപ്പിലെ രഹസ്യ താവളങ്ങളുടെ മാപ്പിങ് സൈന്യം ചെയ്തതല്ല, മറിച്ച് സിവിലിയൻ വെബ്സൈറ്റിലെ നിലവിലുള്ള മാപ്പിൽ നിന്ന് പകർത്തിയതാണെന്നും അധികൃതർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ