ബീജിങ്: ചൈനയിൽ വീണ്ടും ആമിർഖാൻ തരംഗം, ആമീർ ഖാനും സൈറ വസീം എന്നിവർ അഭിനയിച്ച സീക്രട്ട് സൂപ്പർ സ്റ്റാർ ചൈനയിൽ വൻ വിജയമാണ് നേടുന്നത്. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ 100 കോടി കളക്ഷൻ നേടി.

ചൈനയിൽ ഏറെ ആരാധകരുള്ള താരമാണ് ആമീർ. ത്രീ ഇഡിയറ്റ്, പികെ, ദംഗൽ എന്നിവ വലിയ വിജയമാണ് ചൈനയിൽ നേടിയത്. ആദ്യത്തെ ദിവസം തന്നെ 43.35 കോടിയാണ് ചൈനീസ് തീയറ്ററുകളിൽ നിന്നും സീക്രട്ട് സൂപ്പർസ്റ്റാർ ഉണ്ടാക്കിയത്. രണ്ടാം ദിനത്തിൽ ഇത് 50 കടന്നു.

കഴിഞ്ഞവർഷം ഒക്ടോബർ 19ന് ഇന്ത്യയിൽ റിലീസായ ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. അതിന് പിന്നാലെയാണ് ചൈനയിൽ പടം റിലീസ് ചെയ്തത്.

പ്രമുഖ സിനിമ നിരൂപകനും, സിനിമ വിപണി വിദഗ്ധനുമായ തരൺ ആദർശ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു ഇന്ത്യൻ ചിത്രം ആദ്യ ദിനത്തിൽ നേടുന്ന ഏറ്റവും വലിയ ചൈനീസ് കളക്ഷനാണ് സീക്രട്ട് സൂപ്പർ സ്റ്റാർ നേടിയത്. വെള്ളിയാഴ്ചയായിരുന്ന പടം ചൈനയിൽ റിലീസ് ചെയ്തത്.

ഇതിന് മുമ്പ് ആമിർ ചിത്രം ദംഗൽ ചൈനയിൽ 200 മില്യൺ ഡോളർ കളക്ഷൻ (ഏതാണ്ട് 1276.6 കോടി ഇന്ത്യൻ രൂപ) കടന്നിരുന്നു. 1459 കോടി രൂപയിലധികമാണ് ദംഗൽ ചൈനയിൽ നേടിയത്. ലോകത്താകെ 2000 കോടിയിലധികം രൂപ ദംഗൽ നേടിയിരുന്നു. ലോകത്ത് ഏറ്റവുമധികം കളക്ഷൻ നേടിയ ഇംഗ്ലീഷ് ഇതര ചിത്രങ്ങളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ദംഗൽ ഇടം പിടിച്ചിരുന്നു.