വിമാനയാത്രയാണ് ലോകത്തിലെ ഏറ്റവും സുഖകരമായ യാത്രയെന്നും അതിൽ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്നുമാണ് ഇതുവരെ വിമാനയാത്ര നടത്താത്ത ചിലരുടെ ധാരണ. എന്നാൽ ഇത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും വിമാനയാത്രയിൽ ബുദ്ധിമുട്ടുകളും അനിശ്ചിതത്ത്വങ്ങളും മാനസിക സമ്മർദങ്ങളും ഏറെയാണെന്നുമാണ് സ്ഥിരമായി വിമാനയാത്ര നടത്തുന്ന പലരും പരാതിപ്പെടുന്നത്. വിമാനത്തിന്റെ അപ്രതീക്ഷിതമായ വൈകലും ബാഗേജ് മോഷണവും ടിക്കറ്റ് കിട്ടായ്മയും അമിത ചാർജ് ഈടാക്കലും തുടങ്ങിയ പലവിധ ബുദ്ധിമുട്ടുകളാണ് വിമാനയാത്രക്കാരെ പതിവായി അലോസരപ്പെടുത്തുന്നത്. എന്നാൽ അധികമാരുമറിയാത്ത ചില ടിപ്‌സുകളിലൂടെ ഇവയെ മറികടക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ദർ നിർദ്ദേശിക്കുന്നത്. ഉദാഹരണമായി ചൊവ്വയും ബുധനും ശനിയും യാത്ര ചെയ്താൽ വിമാനനിരക്ക് കുറയുമെന്ന് എത്ര പേർക്കറിയാം..അതുപോലെത്തന്നെ വിമാനം മൂന്ന് മണിക്കൂർ വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുമെന്നും നമ്മിൽ പലർക്കും അജ്ഞമാണ്. ഇത്തരത്തിൽ വിമാനക്കമ്പനികൾ രഹസ്യമാക്കി വയ്ക്കുന്ന ചില ടിപ്‌സുകളെക്കുറിച്ചാണിവിടെ പരാമർശിക്കുന്നത്. 

ഫ്‌ലൈറ്റ് ഷെഡ്യൂൾ പെട്ടെന്ന് മാറ്റിയാൽ മുഴുവൻ റീഫണ്ട്

യാത്രക്ക് വേണ്ടി നിങ്ങൾ മാസങ്ങൾക്ക് മുമ്പെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നയാളാണെന്ന് വിചാരിക്കുക. നിനച്ചിരിക്കാതെ പെട്ടെന്നായിരിക്കും നിങ്ങളുടെ യാത്രയ്ക്ക് വെറും ഒരാഴ്ച മാത്രം ശേഷിക്കെ ഫ്‌ലൈറ്റ് ഷെഡ്യൂളിൽ വിമാനക്കമ്പനി മാറ്റം വരുത്തുന്നത്. അത്തരം അവസരങ്ങളിൽ മുഴുവൻ റീഫണ്ടിനും നിങ്ങൾക്ക് അർഹതയുണ്ട്.

ബാഗുകൾ വൈകിയാൽ നഷ്ടപരിഹാരം

യുഎസിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ എല്ലാ വിമാനക്കമ്പനികൾക്കും ഒരു നിർദ്ദേശം നൽകിയിരുന്നു. അതായത് പരിശോധനയ്ക്ക് പോകുന്ന യാത്രക്കാരുടെ ബാഗുകൾ നഷ്ടപ്പെട്ടാലോ പരിധിയിലധികം വൈകിയാലോ സാമ്പത്തികമായ നഷ്ടപരിഹാരം നൽകണമെന്ന നിർദ്ദേശമായിരുന്നു അത്. എന്നാൽ സാധാരണയായി ഇത്തരം അവസരങ്ങളിൽ വിമാനക്കമ്പനികൾ കുറഞ്ഞ നഷ്ടപരിഹാരമോ ഭാവിയിൽ യാത്ര ചെയ്യാനുള്ള ട്രാവൽ വൗച്ചറോ നൽകി പ്രശ്‌നം പരിഹരിക്കുകയാണ് പതിവ്. ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാർക്ക് 3300 ഡോളർ വരെ ക്ലെയിം ചെയ്യാം. എന്നാൽ ഇത്രയും തുകയ്ക്ക് ആവശ്യപ്പെടാൻ ഇപ്പോൾ യുഎസിലെ പൗരന്മാരായ അഭ്യന്തരയാത്രക്കാർക്ക് മാത്രമെ സാധിക്കുകയുള്ളൂ.

വിമാനം വൈകിയാൽ നഷ്ടപരിഹാരം

യൂറോപ്യൻ യൂണിയനിൽ വിമാനം അനൗൺസ് ചെയ്ത സമയത്തേക്കാൾ മൂന്ന് മണിക്കൂറിലധികം വൈകിയാൽ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. എന്നാൽ എയർലൈനിന്റെ കുറ്റം കൊണ്ട് വൈകിയാൽ മാത്രെ ഈ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. ഷോർട്ട് ഫ്‌ലൈറ്റിൽ വൈകൽ മൂലമുള്ള നഷ്ടപരിഹാരം ആൾക്കൊന്നിന് 250 യൂറോ അഥവാ 200 പൗണ്ടാണ് ലഭിക്കുക. മിഡ് ലംഗ്ത് ഫ്‌ലൈറ്റിൽ ഇത് 400 യൂറോ അല്ലെങ്കിൽ 320 പൗണ്ടായിരിക്കും. ലോംഗ് ഹൗൾ ഫ്‌ലൈറ്റിൽ ഇത് 300 യൂറോയ്ക്കും 600 യൂറോയ്ക്കും (240 പൗണ്ടിനും 480 പൗണ്ടിനും മധ്യേ) മധ്യേയായിരിക്കും. അതിനാൽ ഇനിയെങ്കിലും വിമാനം വൈകിയാൽ അവർ വച്ചുനീട്ടുന്ന വൗച്ചറുകൾ സ്വീകരിക്കാതിരിക്കുക. അർഹമായ നഷ്ടപരിഹാരം ചോദിച്ച് വാങ്ങുക.

ചൊവ്വയും ബുധനും വ്യാഴവും യാത്ര ചെയ്താൽ നിരക്ക് കുറയും

ക്‌സ്പീഡിയ, എയർലൈൻ റിപ്പോർട്ടിങ് കോർപ്പറേഷൻ എന്നിവയുടെ അടുത്തിടെ പുറത്ത് വന്ന ഗവേഷണങ്ങളിലാണിക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ വിമാനങ്ങളിൽ ബുക്കിങ് കുറവായതിനാൽ താരതമ്യേന നിരക്ക് കുറയും. വർക്ക് ഷെഡ്യൂളുകൾ ഈ ദിവസങ്ങളിൽ ക്രമീകരിക്കാൻ സാധിക്കാത്തതിനാലാണ് യാത്രക്കാർ കുറയുന്നത്. അതിനാൽ കഴിയുമെങ്കിൽ ഈ ദിവസങ്ങളിൽ വിമാനയാത്ര ചെയ്താൽ ടിക്കറ്റ് ചാർജിൽ നല്ലൊരു തുക ലാഭിക്കാനാകും.

പറക്കാത്ത വിമാനത്തിൽ മൂന്ന് മണിക്കൂറിലധികം ഇരിക്കേണ്ടതില്ല

ന്തെങ്കിലും കാരണം കൊണ്ട് ഷെഡ്യൂൾ ചെയ്ത സമയത്ത് വിമാനത്തിന് പുറപ്പെടാനായില്ലെങ്കിൽ അഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ മൂന്ന് മണിക്കൂറിലധികം യാത്രക്കാരെ ഇരുത്തരുതെന്ന് യുഎസിലെ ട്രാൻസ്‌പോർട്ട് വകുപ്പ് വിമാനക്കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സർവീസുകളിൽ ഈ സമയപരിധി നാല് മണിക്കൂറാണ്. എന്നാൽ യുകെയിലോ യൂറോപ്യൻ യൂണിയനിലോ ഇത് സംബന്ധിച്ച് ഇത്തരം നിബന്ധനകൾ ഇല്ല. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ യാത്രക്കാരുടെ ക്ഷേമത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം വിമാനക്കമ്പനികൾ ചെയ്തുകൊടുക്കേണ്ടതുണ്ട്.

തെറ്റായ തീയതി ബുക്ക് ചെയ്തുകൊണ്ട് ചാർജ് ലാഭിക്കാം

സി ജെറ്റിന്റെ ഫ്‌ലെക്‌സിഫെയേർസ് പ്രകാരം നിങ്ങൾക്ക് ബുക്ക് ചെയ്ത തിയതി ഏതാനും ആഴ്ചകൾ പോലും മാറ്റാനാകും. ഇതിന് അധികം ചാർജുകൾ നൽകേണ്ടതില്ല. ഇത്തരത്തിൽ നിങ്ങൾക്ക് പീക്ക് ടൈം ഫ്‌ലൈറ്റുകളിൽ പോലും കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാനുള്ള അവസരമൊരുങ്ങുമെന്നാണ് മണിസേവിങ്എക്‌സപർട്ടിന്റെ കൺസ്യൂമർ ആൻഡ് ഫീച്ചർ എഡിറ്ററായ സ്റ്റീവ് നൗഓട്ട്‌നി നിർദ്ദേശിക്കുന്നത്. ഉദാഹരണമായി സ്‌കൂൾ അവധിദിവസങ്ങളിൽ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിലൂടെ കുറഞ്ഞ നിരക്കിൽ മറ്റൊരു ദിവസം ഉയർന്ന ക്ലാസുകളിൽ സഞ്ചരിക്കാനാകും.

ഡെബിറ്റ് കാർഡിന് പകരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുക

ഡെബിറ്റ് കാർഡിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിരവധി വിമാനക്കമ്പനികൾ വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്നതാണ് ബുദ്ധിപരമായ നീക്കമെന്നാണ് വിദഗ്ദ്ധർ ഉപദേശിക്കുന്നത്. നിങ്ങളുടെ സാമ്പത്തികസുരക്ഷിതത്ത്വത്തിന് ക്രെഡിറ്റ് കാർഡിലൂടെയുള്ള പണമടയ്ക്കലാണ് നല്ലതെന്നാണ് ട്രാവൽ എക്‌സ്പർട്ടായ ബോബ് അറ്റ്കിൻസൻ പറയുന്നത്.

എല്ലാ ടിക്കറ്റുകളും റസീറ്റുകളും മറ്റ് രേഖകളും സൂക്ഷിക്കുക

വിമാനയാത്രക്കിടെ എന്തിന് ക്ലെയിം ചെയ്യണമെങ്കിലും അതിനനുസരിച്ചുള്ള രേഖകൾ നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. അതായത് ടിക്കറ്റുകൾ, റസീറ്റുകൾ തുടങ്ങിയവയെല്ലാം യാത്രാവേളയിൽ കൈയിൽ കരുതണം.