- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീപിടിത്തം ഉണ്ടായി 5 മിനിറ്റിനുള്ളിൽ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിൽ എത്തിയതിൽ ദുരൂഹത; ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തതും കോടിയേരിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം; എൻഐഎ പേടിയിൽ 'സഖാവിന്റെ' ടവർ ലൊക്കേഷനും പരിശോധിക്കും; ക്വാറന്റീനുകാരനേയും ഫയൽ കത്തിയ സീറ്റിലെ ഉദ്യോഗസ്ഥനേയും അന്വേഷണ ചുമതല ഏൽപ്പിച്ച് മറ്റൊരു പിണറായി അപാരതയും; സെക്രട്ടറിയേറ്റ് തീപിടിത്ത അന്വേഷണം അട്ടിമറിക്കപ്പെടുമ്പോൾ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സംബന്ധിച്ച അന്വേഷണത്തിൽ വഴിത്തിരിവ്. വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ, തീപിടിത്തം ഉണ്ടായി 5 മിനിറ്റിനുള്ളിൽ സെക്രട്ടേറിയറ്റിൽ എത്തിയതിൽ ദുരൂഹത. ഇതു സംബന്ധിച്ചു സ്‌പെഷൽ ബ്രാഞ്ച് സൂചന നൽകിയതിനെത്തുടർന്നു പൊലീസ് സംഘം ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ അടക്കമുള്ള വിശദാംശങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. ഈ ഉദ്യോഗസ്ഥൻ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തുവെന്നും പരാതി ഉയർന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. മാധ്യമ പ്രവർത്തകരെ ഓടിച്ചു വിട്ടതും ഈ വ്യക്തിയാണ്.
തീപിടിത്തം നടന്ന അതേ ഓഫിസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ സാന്നിധ്യം സ്‌പെഷൽ ബ്രാഞ്ച് വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു സ്ഥിരീകരിക്കുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ പഴ്‌സനൽ അസിസ്റ്റന്റായി ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തിൽ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു. സംഘം അഴിച്ചു പണിതാണ് ഇത്. അതിനിടെയാണ് ഇദ്ദേഹം സ്‌പോട്ടിലെത്തിയതിൽ ദുരൂഹത നിറയുന്നത്. എന്നാൽ അന്വേഷണത്തിൽ വസ്തുത പുറത്തു വരുമോ എന്ന സംശയവും സജീവമാണ്. വിഷയത്തെ ഗൗരവത്തോടെ എൻഐഎ എടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിൽ വീഴ്ച വരുത്താനാകില്ലെന്ന നിലപാട് അന്വേഷണ സംഘത്തിനുണ്ട്. അതുകൊണ്ടാണ് ടവർ ലൊക്കേഷനും മറ്റും തേടുന്നത്.
എപി രാജീവൻ അണ്ടർ സെക്രട്ടറിയാണ്. ഇദ്ദേഹത്തിന്റെ സാന്നിധ്യമാണ് സംശയത്തിലാകുന്നത്. ഇയാളെ അന്വേഷണ സംഘത്തിലും ഉൾപ്പെടുത്തി. ഇതിനൊപ്പം തീപിടിച്ച സീറ്റിൽ ഇരുന്ന ജോലി ചെയ്യുന്ന ഹരി പി നായരും സംഘത്തിലുണ്ട്. സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസ് തീവെച്ച് നശിപ്പിച്ചത് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് തീവെച്ചതെന്ന് പറഞ്ഞു. കഴിഞ്ഞ മാസം 13ാം തിയ്യതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടറിയേറ്റിൽ തീപ്പിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകുന്നു. കാബോർഡുകളിലും റാക്കിലും അലമാരയിലും മേശയിലും എല്ലാമുള്ള പേപ്പറുകൾ നീക്കം ചെയ്യണമെന്നും കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളിൽ നിന്നും തീപടരുന്നത് ശ്രദ്ധിക്കണമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. അല്ലെങ്കിൽ ആരോഗ്യവകുപ്പ് മുഖേനെ നീക്കം ചെയ്യുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇടിമിന്നലിൽ തകർന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ സാധൂകരിക്കുന്ന ഒരു കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സർക്കുലറും. അഗ്‌നിബാധ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സർക്കാരാണോ പിണറായി വിജയന്റേതെന്ന് സുരേന്ദ്രൻ പരിഹസിച്ചിരുന്നു. ഇത്രയും മുൻകരുതലെടുത്തിട്ടും എങ്ങനെയാണ് തീപ്പിടുത്തം ഉണ്ടായത് കോവിഡ് കാരണം പ്രോട്ടോകോൾ ഓഫീസ് രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നെന്നാണ് ഇപ്പോൾ പറയുന്നത്. എങ്ങനെ സിപിഎം അനുഭാവികളായ രണ്ട് ഉദ്യോഗസ്ഥന്മാർ മാത്രം എത്തിയെന്നും ചോദിച്ചിരുന്നു. ഹരികൃഷ്ണൻ എന്ന ഉദ്യോഗസ്ഥനെതിരേയും സംശയമെത്തി.
പ്രോട്ടോക്കോൾ ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ എൻഐഎ ആവശ്യപ്പെട്ട ചില ഫയലുകളുമായി കൊച്ചിയിൽ പോയിരുന്നു. എന്നാൽ, എൻഐഎ കൂടുതൽ ഫയലുകൾ ആവശ്യപ്പെട്ടു. ഇതോടെ, ആ ഉദ്യോഗസ്ഥൻ കൊച്ചിയിൽ തങ്ങി ചില നിയമോപദേശം തേടിയ ശേഷമാണ് എൻഐഎ ആവശ്യപ്പെട്ട ഫയലുകൾ കത്തിച്ചത്. സ്വർണക്കടത്തിൽ പിണറായി വിജയനും കെ.ടി. ജലീലും കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ കാലേക്കൂട്ടി തയാറാക്കിയ ഗൂഢാലോചന ആണ് ഈ തീപിടിത്തം. ഹരികൃഷ്ണൻ എന്ന ഓഫീസറാണ് അവിടെ ഉണ്ടായിരുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചിരുന്നു.
സ്വർണ്ണ കടത്ത് കേസിൽ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ലോബി പ്രവർത്തിക്കുന്നതെന്നതിന് പിന്നലെ ശക്തികളെ മറുനാടൻ തുറന്നു കാട്ടിയിരുന്നു. സെക്രട്ടറിയേറ്റിലെ ദൃശ്യങ്ങൾ നൽകാൻ സാങ്കേതിക തടസ്സങ്ങൾ പറയുന്നതും ഈ ലോബിയാണ്. ഇവരുടെ ഇടപെടലുകൾ വ്യക്തമാക്കുന്നതാണ് ഇന്നലെ എൻഐഎയ്ക്ക് മുമ്പിൽ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹാജരായ സംഭവവും. പ്രോട്ടോകോൾ ഓഫീസറായ ശ്രീകുമാറിനോടാണ് തെളിവുകൾ എൻഐഎ ആവശ്യപ്പെട്ടത്. എന്നാൽ കൊച്ചിയിൽ രേഖകളുമായി എത്തിയത് അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസറും. ഇതിന് പിന്നിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടലാണെന്നും മറുനാടൻ വിശദീകരിച്ചിരുന്നു.
ഈ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർക്ക് നേരെയാണ് സുരേന്ദ്രനും വിരൽ ചൂണ്ടുന്നത്. കോവിഡ് ടെസ്റ്റിൽ ഒരാൾ പോസിറ്റീവായി. അങ്ങനെ വന്നൽ സമ്പർക്ക പട്ടികയിലെ പ്രാഥമിക കോൺടാക്ടുകൾ എല്ലാം നിരീക്ഷണത്തിൽ പോണം. അതിനാൽ ഹരികൃഷ്ണനും ഓഫീസിൽ എത്താൻ പാടില്ല. ഈ സാഹചര്യത്തിലാണ് ഹരികൃഷ്ണൻ ഓഫീസിലുണ്ടായിരുന്നുവെന്ന സുരേന്ദ്രൻ വെളിപ്പെടുത്തലിന് പ്രസക്തി കൂടുന്നത്. ഇതിന് പിന്നാലെയാണ് അവിടെ ഉണ്ടായിരുന്ന സംശയ നിഴലിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽ എത്തിക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ട് വർഷമായി നയതന്ത്ര പാഴ്സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽ കുമാറാണ്. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. സമാന വിശദീകരണം എൻഐഎയ്ക്ക് നൽകിയാൽ വിനയാകും. അതുകൊണ്ട് കൂടിയാണ് സുനിൽ കുമാറിനെ വിടാത്തത്. പകരം ഹരികൃഷ്ണനെ അയച്ചു. ഇതിലൂടെ ചില പ്രമുഖരെ രക്ഷപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നയതന്ത്ര പാഴ്സലിന് അനുമതി നൽകുന്നത് പ്രോട്ടോകോൾ ഓഫീസറാണ്. പ്രോട്ടോകോൾ ഓഫീസറിന്റെ സമ്മത പത്രം നൽകിയാലാണ് പാഴ്സൽ വിട്ടുനൽകുക.
വിട്ടുനൽകിയതിന് ശേഷം രേഖ പ്രോട്ടോകോൾ ഓഫീസറിന് തിരിച്ച് നൽകുകയും ചെയ്യുണമെന്നാണ് ചട്ടം. എന്നാൽ നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങളെത്തിയതെന്നായിരുന്നു മന്ത്രി കെ ടി ജലീൽ പറഞ്ഞിരുന്നത്. ദുബായ് കോൺസുലേറ്റിന് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെ ടി ജലീൽ സമ്മതിച്ചിരുന്നു. സിആപ്റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥങ്ങൾ വിതരണം ചെയ്തത്. ഇത് സർക്കാരിന്റെ അറിവോടെയല്ല. ഇതിനെല്ലാം പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇത് പുറത്തു വരാതിരിക്കാനാണ് ഹരികൃഷ്ണൻ എൻഐഎയ്ക്ക് മുമ്പിലെത്തിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഷൈൻ ഹഖാണ് ഹരികൃഷ്ണനെ അയയ്ക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. ഇതേ ഹരികൃഷ്ണനെയാണ് സുരേന്ദ്രനും സംശയ നിഴലിൽ നിർത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ