- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയറ്റ് തീപിടുത്തം അട്ടിമറിയില്ല; ഉദ്യോഗസ്ഥർക്ക് പങ്കില്ല; ഫാനിന്റെ മോട്ടോർ ചൂടായി തീപിടിച്ച് താഴേക്ക് വീണതെന്ന് പൊലീസിന്റെ അന്തിമ റിപ്പോർട്ട്; ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയതിൽ വകുപ്പുതല അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: കഴിഞ്ഞ വർഷം സെക്രട്ടേറിയറ്റിലുണ്ടായ തീപിടുത്തത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന് പൊലീസിന്റെ അന്തിമ റിപ്പോർട്ട്. ഫാനിന്റെ മോട്ടോർ ചൂടായി തീപിടിച്ച് താഴേക്ക് വീണു. ഇതിൽ നിന്നും ഫയലുകളിലേക്കും കർട്ടനിലേക്കും തീ പടരുകയായിരുന്നു എന്നുമാണ് അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
തീപ്പിടിത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ല. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം ഓഫീസിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ വകുപ്പുതല അന്വേഷണവും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. സെക്രട്ടേറിയറ്റ് തീപ്പിടിത്തം ഉണ്ടായിട്ട് ഒരു വർഷം തികയാനിരിക്കെയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞത്. അട്ടിമറിക്ക് തെളിവൊന്നും ലഭിച്ചിട്ടില്ല. പ്രധാന ഫയലുകൾ കത്തിനശിച്ചിട്ടില്ലെന്നും അന്വേഷണസംഘം വിലയിരുത്തി.
കൊച്ചിയിലും ബെംഗലൂരുവിലും ഫാനിന്റെ ഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫാനിന്റെ മോട്ടോറും വയറും പൂർണമായും കത്തിയിരുന്നു, അട്ടിമറിയാണോ ഷോർട്ട് സർക്യൂട്ടാണോ എന്ന് തെളിയിക്കാൻ ശാസ്ത്രീയ പരിശോധനകൾക്ക് കഴിഞ്ഞില്ല.
2020 ഓഗസ്റ്റ് 25ന് വൈകിട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് തീപ്പിടിത്തം ഉണ്ടാകുന്നത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകൾ നശിപ്പിക്കാനുള്ള ആസൂത്രിത തീപിടുത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ദ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പൊലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.
വിദഗ്ദ സമിതി റിപ്പോർട്ട് നേരത്തെ തന്നെ സമർപ്പിച്ചതാണ്. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു അട്ടിമറിയും ഇല്ല എന്നാണ് പൊലീസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു തരത്തിലുള്ള ആസൂത്രണവും ഉണ്ടായിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ഫാനിന്റെ മോട്ടോർ ചൂടായി കവർ പ്ലാസ്റ്റിക് ഉരുകി കടലാസിൽ വീണാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ 9.30നാണ് ഫാൻ ഓൺ ചെയ്തത്. അന്ന് ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചിരുന്നു. ഓഫീസ് അവധിയായിരുന്നു. അന്ന് ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാൽ ഇവർ തിരിച്ചു പോകുമ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ലെന്നും ഇതാവാം തീപ്പിടിത്തത്തിന് കാരണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ