- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെക്രട്ടറിയേറ്റിന്റെ മതിൽ പുലർച്ചെ ചാടിക്കടന്ന് ദർബാർ ഹാളിന് മുന്നിലൂടെ ഉലാത്തൽ; സെക്യൂരിറ്റി പിടിച്ച് കന്റോൺമെന്റ് പൊലീസിൽ ഏൽപ്പിച്ചു; മാനസികാരോഗിയെന്ന് കണ്ടതോടെ ഊളൻപാറയിലേക്കും മാറ്റി; പുറംലോകം അറിയാതെ ഒളിപ്പിച്ചത് നാണക്കേട് ഒഴിവാക്കാൻ; സായുധ സേന എത്തിയിട്ടും ഭരണസിരാ കേന്ദ്രത്തിൽ സുരക്ഷാ വീഴ്ച
തിരുവനന്തപുരം ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ പകൽ സമയത്ത് ഒരു ഈച്ചപോലും കടക്കാത്ത അത്ര കനത്ത സുരക്ഷയെങ്കിൽ രാത്രി അത് പേരിന് പോലുമില്ലെന്ന് തെളിയിക്കുന്ന സംഭവം അടുത്തിടെ ഉണ്ടായെങ്കിലും അത് ആരോരും അറിയാതെ ഒളിപ്പിച്ചു. പുലർച്ച മൂന്ന് മണിക്ക് ഒരാൾ സെക്രട്ടറിയേറ്റിലേക്ക് ചാടിക്കടന്നിട്ട് ഗേറ്റിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ചുമതലയുള്ള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സുകാർ(എസ്ഐഎസ്എഫ്) അറിഞ്ഞില്ല.
മൂത്രമൊഴിക്കാനായി ഇറങ്ങിയ സെക്യൂരിറ്റി ജീവനക്കാരാണ് ദർബാർ ഹാളിന് മുന്നിൽ നിന്ന് കറങ്ങിയ ആളെ പിന്നാലെ എത്തി പിടിച്ചത്. ഉടൻ മറ്റുള്ളവരും ഓടി എത്തി. വെള്ളിയാഴ്ച പുലർച്ച മൂന്നിനായിരുന്നു സംഭവം. വേലുത്തമ്പിദളവയുടെ പ്രതിമയ്ക്ക് സമീപത്തുകൂടെയാണ് ഇയാൾ ചാടികടന്നതെന്ന് സിസിടിവി ദൃങ്ങളിൽ നിന്ന് സുരക്ഷാ വിഭാഗം കണ്ടെത്തി.
പാന്റും ഷർട്ടുമായിരുന്നു പിടിയിലായ ആളുടെ വേഷം. ഇയാളെ കന്റോൺമെന്റ് പൊലീസ് എത്തിച്ചതോടെയാണ് മാനസികരോഗിയാണെന്ന് മനസിലായത്. തുടർന്ന് കേസോ മറ്റ് നടപടികളോ സ്വീകരിച്ചില്ല. വർക്കല സ്വദേശിയായ രാജു എന്ന ആളാണ് പിടിയിലായത്. ഇയാളെ ഊളൻപാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പൊലീസ് എത്തിക്കുകയും വാർഡ് 26ൽ പ്രവേശിക്കുകയും ചെയ്തു.
സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ചയായണെന്നും പിടിലായ വ്യക്തി മാനസികരോഗിയാണെന്നതുകൊണ്ട് സംഭവത്തിന്റെ ഗൗരവം കുറയില്ലെന്നും മനസിലായതോടെ സുരക്ഷാ വിഭാഗം ജീവനക്കാർ ഇരുചെവി അറിയാതെ സംഭവം ഒതുക്കി തീർക്കുകയായിരുന്നു. സെക്രട്ടറിയേറ്റു പോലെ രാത്രിയും പകലും പഴുതടച്ച സുരക്ഷയൊരുക്കേണ്ട സ്ഥലത്ത് ഇരുട്ടുവീണാൽ ഏത് മാനസിരോഗിക്കും ചാടിയിറാമെന്ന സ്ഥിതി അത്യന്തം ഗൗരവകരമാണ്. വിമുക്തഭടന്മാരെയാണ് സെക്രട്ടറിയേറ്റിൽ സെക്യൂരിറ്റിയായി നിയമിക്കുന്നത്.
ഇവർക്കായിരുന്നു കാലങ്ങളായി ഗേറ്റുകളുടെ ഉൾപ്പെടെ സമ്പൂർണ സുരക്ഷാ ചുമതല. എന്നാൽ അടുത്തിടെ അത് പൊലീസിന്റെ ഒരു വിഭാഗമായ എസ്‌ഐ.എസ്.എഫിനെ ഏൽപ്പിക്കുകയായിരുന്നു. ആയുധധാരികളായ ഇവർക്കാണ് ഇപ്പോൾ ഗേറ്റുകളുയും ചുറ്റുമതിലിന്റെ പരിസരത്തെയും സുരക്ഷാ ചുമതല. ഓരോ കെട്ടിടങ്ങളുടെയും അതിനുള്ളിലെ ബ്ലോക്കുകിലെയും സുരക്ഷയാണ് ഇപ്പോൾ സെക്യൂരിറ്റിക്കാർക്കുള്ളത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2020 ഓഗസ്റ്റ് 25ന് സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടായതിന് ശേഷമാണ് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.തീപിടിച്ചതിന് പിന്നാലെ ബിപൈി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സെക്രട്ടറിയേറ്റിനുള്ളിലെത്തി.
സുരക്ഷാ ചുമതലയുണ്ടായിരുന്ന സെക്യൂരിറ്റിക്കാർ സുരേന്ദ്രന് അകത്തേക്ക് കടക്കാൻ സൗകര്യമൊരുക്കുകയായിരുന്നുവെന്നും ഇത് സുരക്ഷാ പാളിച്ചയാണെന്നും സർക്കാർ വിലയിരുത്തി. സംഭവം അറിഞ്ഞ് സമീപത്തെ ബ്ലോക്കിലുള്ള ചീഫ് സെക്രട്ടറി എത്തുന്നതിന് മുൻപേ പുറത്തുനിന്ന് കെ.സുരേന്ദ്രനും പരിവാരങ്ങളും എത്തിയത്. സർക്കാരിനെ പ്രകോപിപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ അന്വേഷണവും പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിവെ തുടർന്നാണ് നവംബർ ഒന്നു മുതൽ സെക്രട്ടറിയേറ്റിന്റെ ഗേറ്റുകളുടെ സുരക്ഷയ്ക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കേണ്ടതില്ലെന്നും അതിനായി എസ്ഐഎസ്എഫുകാർ മതിയെന്നും സർക്കാർ തീരുമാനിച്ചത്.
ആദ്യ ഘട്ടത്തിൽ 27 സേനാംഗങ്ങളാണ് എത്തിയത്. ആകെ 81 പേരടങ്ങുന്ന സായുധ പൊലിസ് സംഘത്തിൽ 9 പേർ വനിതകളാണ്. വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലെത്തുന്നവരെ പ്രത്യേക ഗേറ്റിലൂ പ്രവേശിപ്പിക്കണമെന്നും ഇങ്ങനെ എത്തുന്നവരെ സുരക്ഷാ ജീവനക്കാർ അനുഗമിക്കണമെന്നും അന്ന് തീരുമാനിച്ചിരുന്നു. പ്രവേശനത്തിനായി പാസ്, സ്‌കാനർ, എന്നിവയും പഴുതടച്ച സുരക്ഷയ്ക്കായി സിസിടിവി, ലൈറ്റുകൾ, ആധുനിക സംവിധാനങ്ങളും എന്നിവയും നിലവിൽ വന്നു.
അനധികൃതമായി ആർക്കും പ്രവേശനമുണ്ടാകില്ലെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയോ തീവ്രവാദ ആക്രമണമോ ഉണ്ടായാൽ പോലും തടയാനുതകുന്ന തരത്തിലാണ് ഇവ സജ്ജമാക്കിയതും. പരിഷ്‌കരണങ്ങളുടെ ഭാഗമായി പ്രധാന ഗേറ്റായ കന്റോൺമെന്റ് ഗേറ്റ് 27 ലക്ഷത്തിലധികം രൂപ ചെലവിട്ട് പുതുക്കിസ്ഥാപിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്