- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാർ മുതൽ ഭരണകക്ഷി സംഘടന വരെ; കേരളപ്പിറവി ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലേയ്ക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് സമരക്കാർ; മന്ത്രി രാധാകൃഷ്ണനെ കാണാൻ കുചേലനുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാരും; സമരതലസ്ഥാനമായി സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: കേരളപ്പിറവി ദിനമായ ഇന്ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ സമരവേലിയേറ്റം. ഭരണകക്ഷി സംഘടനയായ ജോയിന്റ് കൗൺസിൽ, മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ സംയുക്ത സമരസമിതി, കെഎസ്ആർടിസി പെൻഷൻകാർ, കെജിഎംഒഎ, ഭിന്നശേഷി ഉദ്യോഗാർത്ഥികളുടെ സംഘടന, മലയാള ഐക്യവേദി തുടങ്ങി ഇരുപതിലധികം കൂട്ടായ്മകളാണ് പ്രതിഷേധവുമായി സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ചാണ് സിപിഐ അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണനടത്തിയത്. 2016 ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത്. എന്നാൽ ഇന്ന് സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്നവിധം പങ്കാളിത്ത പെൻഷന്റെ വക്താക്കളായി സർക്കാർ മാറിയെന്ന് നേതാക്കൾ ആരോപിച്ചു.
എൽപി, യുപി തലങ്ങളിലെ മലയാളം അദ്ധ്യാപകർ മലയാളഭാഷയിൽ ഉന്നതവിദ്യാഭ്യാസം നേടിയവരോ മലയാളം മീഡിയത്തിൽ പഠിച്ചവരോ ആയിരിക്കണമെന്ന നിയമം പിൻവലിച്ചതിനെതിരെ പ്രതിഷേധവുമായാണ് മലയാളഐക്യവേദി പ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിലെത്തിയത്. അടൂർ ഗോപാലകൃഷ്ണൻ ധർണഉത്ഘാടനം ചെയ്തു. മലബാർ ദേവസ്വം ബോർഡിന് കീഴിൽ ഇന്നും നിലനിൽക്കുന്ന മദിരാശി നിയമത്തിൽ മാറ്റം വരുത്തി കാലാനുസൃതമായ പുതിയ നിയമം നിർമ്മിക്കുക എന്ന ആവശ്യവുമായി മലബാർ ദേവസ്വം ബോർഡ് ജീവനക്കാരും സെക്രട്ടറിയേറ്റിന് മുന്നിൽ സമരവുമായെത്തി.
വർഷങ്ങളായി ഇൗ ആവശ്യം ഉയരുന്നുണ്ടെങ്കിലും, ഈ ആവശ്യം ന്യായമാണെന്ന് പല കമ്മീഷനുകളും അംഗീകരിക്കുന്നുണ്ടെങ്കിലും അവസാനനിമിഷം ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങി അട്ടിമറിക്കപ്പെടുകയാണെന്ന് ധർണ ഉത്ഘാടനം ചെയ്ത കേരള സ്റ്റേറ്റ് ടെമ്പിൾ എപ്ലോയ്സ് കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ വിവി ശ്രീനിവാസൻ ആരോപിച്ചു. ഈ സർക്കാരിന്റെ അവഗണനാ മനോഭാവത്തിൽ പ്രതിഷേധിച്ച് കേരളപിറവി ദിനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ കാണാൻ കുചേലനുമായാണ് ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.
കോവിഡ് പോരാട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടർമാർക്ക് മറ്റ് സംസ്ഥാനങ്ങൾ കൂടുതൽ അലവൻസുകൾ നൽകുമ്പോൾ കേരളത്തിൽ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചാണ് നന്ദി കാണിക്കുന്നതെന്ന് ഗവൺമെന്റ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആരോപിക്കുന്നു. വെട്ടിക്കുറച്ച ശമ്പളവും ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കുക, അലവൻസുകൾ പരിഷ്കരിക്കുക എന്നീ ആവശ്യങ്ങളുയർത്തി കെജിഎംഒഎ സെക്രട്ടറിയേറ്റ് പടിക്കൽ നിൽപ്പുസമരം നടത്തി. താൽക്കാലിക തസ്തികകളിൽ നിന്നും പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാർക്ക് സ്ഥിരനിയമനം നൽകണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഭിന്നശേഷിക്കാർ സെക്രട്ടറിയേറ്റ് നടയിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു.
ഇവയ്ക്ക് പുറമേ പെട്രോൾ വില വർദ്ധനവിനെതിരെയുള്ള ഒറ്റയാൾ സമരവും പാലക്കാട് മെഡിക്കൽ കോളേജിൽ എസ്.സി/എസ്.ടി വിദ്യാർത്ഥികളുടെ പ്രവേശന മാനദണ്ഡം 75 ശതമാനമായി നിലനിർത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തി കേരള ചേരമർ സംഘത്തിന്റെ ധർണയും കേരള വേടർ, മലവേട സമുദായ സംഘടനയുടെ പ്രതിഷേധവും, അവർക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നിലെ സ്ഥിരസമരക്കാർ കൂടിയായപ്പോൾ സ്റ്റാച്യു ജങ്ഷൻ സമരക്കാരെ കൊണ്ട് നിറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ