- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാര്യയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം'; വിവാഹ മോചനക്കേസിൽ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കി പഞ്ചാബ് - ഹരിയാന ഹൈക്കോടതി
ചണ്ഡിഗഡ്: ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി. 2020ലെ ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹ മോചനക്കേസിൽ കുറ്റകൃത്യം തെളിയിക്കാൻ ഭർത്താവിനു ബതിൻഡ കുടുംബ കോടതി അനുവാദം നൽകിയത് ചോദ്യം ചെയ്ത് ഇയാളുടെ ഭാര്യ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ലിസ ഗില്ലിന്റെ ഉത്തരവ്.
പരാതിക്കാരിയും ഭർത്താവും തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത സിഡി ഉപയോഗിച്ചു കുറ്റകൃത്യം തെളിയിക്കാൻ ഭർത്താവിനു ബതിൻഡ കുടുംബ കോടതി അനുവാദം നൽകിയിരുന്നു. എന്നാൽ, ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചു.
ഹർജി നൽകിയ യുവതിയുടെ വിവാഹം 2009ലായിരുന്നു. ദമ്പതികൾക്ക് ഒരു മകളുണ്ട്. യുവതിയിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് 2017ലാണ് ഭർത്താവ് ഹർജി നൽകിയത്. കേസിന്റെ ക്രോസ് വിസ്താരത്തിനിടെ, മെമ്മറി കാർഡിലോ മൊബൈൽ ഫോണിലെ ചിപ്പിലോ റെക്കോർഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാൻസ്ക്രിപ്റ്റുകളും സഹിതം സപ്ലിമെന്ററി സത്യവാങ്മൂലം സമർപ്പിക്കാൻ അനുമതി തേടി 2019 ജൂലൈയിൽ ഭർത്താവ് അപേക്ഷ സമർപ്പിച്ചു. 2020ൽ, കുടുംബ കോടതി അതിനു അനുവാദം നൽകി. ഇത് ചോദ്യം ചെയ്താണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.
'പ്രസ്തുത സിഡികൾ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണ്. ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 21ന്റെ ലംഘനമാണ്. ഇത്തരം സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുനൽകാൻ കഴിയില്ല. ഹർജിക്കാരന്റെ സമ്മതമോ അറിവോ കൂടാതെ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ അവ തെളിവായി സ്വീകാര്യമല്ല' ഭാര്യയുടെ അഭിഭാഷകൻ വാദിച്ചു. പിന്നാലെ, ബതിൻഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.