പാരീസ്: പാരീസ് ഭീകരാക്രമണ ഭീതിയിൽ നിന്നും ഇനിയും രാജ്യം വിമുക്തമായിട്ടില്ല എന്നാണ് ഇപ്പോഴും പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രാൻസ് ഭീകരാക്രമണ നിഴലിൽ തന്നെ തുടരുന്നതിനാൽ പാരീസ് മേഖലയിലെ സ്‌കൂളുകൾക്കുള്ള സെക്യൂരിറ്റി ബജറ്റ് ഇരട്ടിയാക്കി ഉയർത്തിയിരിക്കുകയാണ് അധികൃതർ.

അടുത്ത അക്കാദമിക് വർഷത്തേക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾക്കുള്ള ബജറ്റാണ് ഇരട്ടിയാക്കി സ്‌കൂളുകൾക്ക് അനുവദിച്ചിരിക്കുന്നത്. പാരീസ് മേഖലകളിലുള്ള സ്‌കൂളുകൾക്കു മാത്രം സുരക്ഷാ ബജറ്റ് 10.3 മില്യൺ യൂറോയാണ് അനുവദിച്ചിരിക്കുന്നത്. ഫ്രാൻസിൽ ഐസിസ് ഭീകരാക്രമണത്തിന് ഇനിയും സാധ്യതയുള്ളതിനാലാണ് ഇത്തരത്തിൽ സുരക്ഷാ ബജറ്റ് ഇരട്ടിയാക്കിയത്.

സ്വകാര്യ സ്‌കൂളുകൾക്കും ഇത്തരത്തിൽ സെക്യുരിറ്റി ബജറ്റ് ലഭിക്കാൻ അർഹതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. സ്വകാര്യ സ്‌കൂളുകൾക്ക് രണ്ടു മില്യൺ യൂറോ ഇത്തരത്തിൽ സെക്യുരിറ്റി സംവിധാനങ്ങൾക്കായി ലഭിക്കും.130 സ്‌കൂളുകൾക്ക് പുതിയ സെക്യൂരിറ്റി സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനായി ജനുവരി മുതൽ മൂന്നു മില്യൺ യൂറോ അനുവദിച്ചിരുന്നു.

ഫ്രഞ്ച് സ്‌കൂളുകൾക്ക് എല്ലാം തന്നെ സെക്യുരിറ്റി സംവിധാനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫണ്ട് അനുവദിച്ചുകൊണ്ടുള്ള പുതിയ ബജറ്റ് പ്രഖ്യാപനത്തിലാണ് പാരീസ് സ്‌കൂളുകൾക്ക് സെക്യുരിറ്റി ബജറ്റ് ഇരട്ടിയാക്കിക്കൊണ്ട് പ്രഖ്യാപനം നടത്തിയത്.