- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കശ്മീരിന്റെ പ്രത്യേക പദവി നീക്കിയത് നിർണായകം; ഭീകർക്ക് എതിരെ സൈന്യം വലിയ മുന്നേറ്റം കൈവരിച്ചു'; കുറച്ചു വർഷം കഴിഞ്ഞാൽ കശ്മീരിൽ സിആർപിഎഫിനെ വിന്യസിക്കേണ്ടിവരില്ലെന്നും അമിത് ഷാ; പ്രധാനമന്ത്രി ഏപ്രിൽ 24ന് സന്ദർശിക്കും
ന്യൂഡൽഹി: ജമ്മു കശ്മീരിലും വടക്കുകിഴക്കൻ മേഖലയിലും മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും അർധസൈനിക വിഭാഗമായ സിആർപിഎഫിനെ വിന്യസിക്കുന്നത് കുറച്ചു വർഷം കഴിഞ്ഞാൽ ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആഭ്യന്തര സുരക്ഷാ ഭീഷണി കുറഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ തീവ്രവാദ ശക്തികളെ അടിച്ചമർത്തുന്നതിൽ സൈന്യം വലിയ നേട്ടമുണ്ടാക്കി. രാജ്യത്ത് അർധസൈനിക വിഭാഗമായ സിആർപിഎഫ് വടക്കുകിഴക്കൻ മേഖലകളിലും കശ്മീരിലും നക്സൽ ബാധിത പ്രദേശങ്ങളിലും മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
ഇതു മൂലം വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ ഇവിടങ്ങളിൽ ക്രമസമാധാനം നിലനിർത്താൻ സൈനികസാന്നിധ്യം ആവശ്യമായി വന്നേക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഇത് നടപ്പിലായാൽ ഇതിന്റെ എല്ലാ അംഗീകാരവും സിആർപിഎഫിനുള്ളതാണെന്നും അമിത് ഷാ പറഞ്ഞു. ശ്രീനഗറിലെ മൗലാനാ ആസാദ് സ്റ്റേഡിയത്തിൽ സിആർപിഎഫ് 83-ാം റെയ്സിങ് ഡേ പരേഡിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.
ജമ്മു കശ്മീരിലെ സുരക്ഷയ്ക്ക് സിആർപിഎഫിന് വലിയ പങ്കാണുള്ളത്. സേനയുടെ നാലിലൊന്ന് അംഗങ്ങളെയും കശ്മീർ മേഖലയിലാണ് വിന്യസിച്ചിട്ടുള്ളത്. സിആർപിഎഫിനു പുറമെ ജമ്മു കശ്മീർ പൊലീസ്, സൈന്യം, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിഭാഗങ്ങളെയും തീവ്രവാദം അടിച്ചമർത്താനും ക്രമസമാധാനം നിലനിർത്താനുമായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.
പാക് സഹായത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരെ സൈന്യം ഇതിനോടകം മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഇത് കൂടുതൽ ഫലപ്രദമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലെ സ്ഥിതി ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും ജനാധിപത്യം താഴേത്തട്ടിൽ വരെയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ 30,0000 കോടി രൂപയുടെ നിക്ഷേപമാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രാദേശിക ഭരണകൂടങ്ങൾ അഴിമതിയ്ക്കെതിരെ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ അമിത് ഷാ, 83ാമത് സിആർപിഎഫ് ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു. തുടർന്ന് അമിത് ഷായുടെ അധ്യക്ഷതയിൽ സുരക്ഷാ അവലോകന യോഗം ചേർന്നു. ഏപ്രിൽ 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീർ സന്ദർശിക്കും. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
ന്യൂസ് ഡെസ്ക്