- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണ രേഖവഴി നുഴഞ്ഞു കയറിയ ഭീകരരെ വകവരുത്തി സുരക്ഷാ സേന; മൂന്ന് ഭീകരരെ വധിച്ച് സൈന്യം; വൻ ആയുധശേഖരം പിടിച്ചെടുത്തു
ശ്രീനഗർ : ജമ്മു കശ്മീരിൽ നിയന്ത്രണ രേഖവഴി നുഴഞ്ഞു കയറിയ ഭീകരരെ വധിച്ച് സുരക്ഷാ സേന. മൂന്ന് ഭീകരരെയാണ് വധിച്ചത്. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പിടികൂടി.നിയന്ത്രണ രേഖ കടന്ന് ഉറി സെക്ടറിൽ എത്തിയ ഭീകരരെയാണ് വധിച്ചത്. ദിവസങ്ങളായി ഇവർക്കായുള്ള തെരച്ചിൽ തുടരുകയായിരുന്നു. നേരത്തെ ഇവർക്കൊപ്പം അതിർത്തി കടന്ന് എത്തിയ മൂന്ന് ഭീകരരെ വധിച്ചിരുന്നു.
ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആയുധങ്ങൾ കൂടാതെ ചില രേഖകളും വിദേശ കറൻസികളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം സുരക്ഷാ സേന പരിശോധിച്ചുവരികയാണ്. അഞ്ച് എകെ 47 തോക്കുകൾ, എട്ട് പിസ്റ്റലുകൾ, 70 ഹാൻഡ് ഗ്രനേഡുകൾ എന്നിവയാണ് കണ്ടെടുത്തത്.
ശനിയാഴ്ച്ചയോടെ ആറ് ഭീകരർ ഇന്ത്യയിലേക്കെത്തിയതായാണ് സൂചന ലഭിച്ചത്.നിയന്ത്രണ രേഖയിൽ അടുത്തിടെ ഭീകരർ നടത്തിയ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം തകർക്കാനുള്ള വമ്പൻ ഓപ്പറേഷനുമായി സൈന്യം കശ്മീരിൽ അതീവജാഗ്രതയിലായിരുന്നു. നിയന്ത്രണ രേഖയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകരകേന്ദ്രങ്ങൾ തകർത്തിരുന്നു. ഭീകരർ നുഴഞ്ഞുകയറാനായി തമ്പടിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ഉറി സേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികദിനമായ 18നു രാത്രിയാണ് ആയുധധാരികളായ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇവരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികനു വെടിയേറ്റിരുന്നു. ഏറ്റുമുട്ടലിനു ശേഷം കടന്നുകളഞ്ഞ ഭീകരർ പാക്ക് അധീന കശ്മീരിലേക്കു മടങ്ങിയോ അതോ ഇന്ത്യൻ ഭാഗത്ത് വനത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടോ എന്നു വ്യക്തമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പാക്ക് അധീന കശ്മീരിലെ താവളങ്ങളുമായി ഭീകരർ ആശയവിനിമയം നടത്തുന്നത് തടയാനായി മൊബൈൽ, ഇന്റർനെറ്റ് സർവീസുകൾ റദ്ദാക്കിയത്. അതിർത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റത്തിന്റെ പശ്ചാത്തലത്തിൽ ഫോൺ, ഇന്റർനെറ്റ് സർവീസ് റദ്ദാക്കുന്നത് ആദ്യമായാണ്.
ഫെബ്രുവരിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടിനിർത്തൽ കരാർ നടപ്പാക്കിയതിനു ശേഷം രണ്ടാം തവണയാണു ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത്.ഈ വർഷമാദ്യം ബന്ദിപുര സെക്ടർ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സേന വധിച്ചിരുന്നു. ഫെബ്രുവരിക്കു ശേഷം പാക്ക് സേനയുടെ ഭാഗത്തു നിന്നു വെടിവയ്പുണ്ടായിട്ടില്ലെങ്കിലും സേന സർവസജ്ജമാണെന്നു അതിർത്തി മേഖലയുടെ സുരക്ഷാ ചുമതലയുള്ള 15ാം കോർ മേധാവി ലഫ്. ജനറൽ ഡി.പി. പാണ്ഡെ വ്യക്തമാക്കിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ