- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി നാവിക സേനാ ആസ്ഥാനത്ത് സൈനിക യൂണിഫോമിൽ യുവാവ് ചുറ്റിക്കറങ്ങിയത് ഒന്നര മണിക്കൂറോളം; സൈന്യത്തിൽ ചേരാനുള്ള താൽപര്യത്തിൽ എത്തിയതെന്ന മൊഴി മുഖവിലയ്ക്ക് എടുക്കാതെ നാവിക സേന; യുവാവിനെ അറസ്റ്റ് ചെയ്ത് ഹാർബർ പൊലീസ്; സുരക്ഷാവീഴ്ച കഴിഞ്ഞ വർഷവും
കൊച്ചി: അതീവസുരക്ഷാ മേഖലയായ കൊച്ചിയിലെ നാവികസേന ആസ്ഥാനത്ത് സുരക്ഷാവീഴ്ച. സൈനിക യൂണിഫോമിൽ നാവികസേന ആസ്ഥാനത്ത് പ്രവേശിച്ച യുവാവിനെ നേവൽ പൊലീസ് പിടികൂടി. യുവാവ് ഏകദേശം ഒന്നര മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് പിടികൂടിയത് എന്നത് സുരക്ഷാ വീഴ്ചയുടെ ഗൗരവം കൂട്ടുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ നാവികസേന ആസ്ഥാനത്തുനിന്ന് മടങ്ങിയതിന് പിന്നാലെയാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് ഇവിടേക്ക് പ്രവേശിച്ചത്. സൈനിക യൂണിഫോമിൽ ചുറ്റിത്തിരിഞ്ഞ യുവാവിനെ ആദ്യമാരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ഇയാൾ ചിലരുടെ ശ്രദ്ധയിൽപ്പെട്ടതോടെ നേവൽ പൊലീസെത്തി പിടികൂടുകയായിരുന്നു. തുടർന്ന് യുവാവിനെ ഹാർബർ പൊലീസിന് കൈമാറി. ഒന്നര മണിക്കൂറോളം പ്രതി നാവികസേന ആസ്ഥാനത്ത് ചെലവഴിച്ചതായാണ് പൊലീസിന്റെ ചോദ്യംചെയ്യലിൽ കണ്ടെത്തിയത്. സൈന്യത്തിൽ ചേരാനുള്ള താത്പര്യപ്രകാരം എത്തിയതെന്നാണ് യുവാവ് നൽകിയ മൊഴി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
മുമ്പും ആൾമാറാട്ടം
2020 ജൂലൈ ആദ്യവാരവും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. നാവിക സേനാ വേഷത്തിൽ 23 കാരനായ യുവാവിനെ നേവൽ ബേസിന് അടുത്ത് കണ്ടെത്തിയിരുന്നു. പശ്ചിമ ബംഗാളിലെ നോയിഡയിൽ നിന്ന് എത്തിയ ഇയാളെ കൊച്ച ഹാർബര് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാവിക സേനാ യുണിഫോമിലുള്ള ടിക്ക് ടോക്ക് വീഡിയോ സതേൺ നേവൽ കമാൻഡിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് നോയിഡക്കാരനായ രാജാ നാഥിനെകഴിഞ്ഞ വർഷം പിടികൂടിയത്.
കൊച്ചി നേവൽ ബേസിൽ അപ്രന്റീസ് ജീവനക്കാരാവാൻ ഇയാൾ അപേക്ഷിച്ചിരുന്നു. സാധാരണ വേഷത്തിൽ രണ്ട് തവണ ഇയാൾ നേവൽ ബേസിൽ എത്തുകയും ചെയ്തു. ടിക് ടോക് വീഡിയോകളിൽ, ഇയാൾ ലഫറ്റനന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനായാണ് വേഷമിട്ടത്. പല സ്ഥലങ്ങളിലും ഈ വേഷത്തിൽ യാത്രയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഷൈൻ ചെയ്യുക എന്നതായിരുന്നു ഇയാളുടെ ഉദ്ദേശ്യം. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് നാവിക സേന വിശദമായ അന്വേഷണം നടത്തുകയും ചെയ്തു.
വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റമാണ് ഇത്തരം ആൾമാറാട്ടമെന്ന് നാവിക സേന പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികൾക്ക് ഈ സാഹചര്യം മുതലെടുക്കാം എന്നതുകൊണ്ടാണ് സുരക്ഷാവീഴ്ച പൊറുക്കാനാവാത്തത്. 2019 ഡിസംബറിലും സമാനമായ സംഭവം എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. നിബിത് ഡാനിയേൽ എന്നയാൾ നേവിയിലെ കാമൻഡറിന്റെ വേഷമിട്ട് തട്ടിപ്പ് നടത്തിയതിനാണ് കേസെടുത്തത്. ഇയാളെ ഇടുക്കിയിൽ നിന്നാണ് പിന്നീട് പിടികൂടിയത്.
സൈനിക യൂണിഫോമുകളുടെ അനധികൃത വിൽപ്പന നിരോധിക്കണം
സൈനിക യൂണിഫോമുകളുടെ അനധികൃത വിൽപ്പന നിരോധിക്കണമെന്ന് കഴിഞ്ഞ വർഷം നാവികസേന ആവശ്യപ്പെട്ടിരുന്നു. ഗുജറാത്തിലെ കച്ച് ഭരണകൂടവും, പഞ്ചാബ് സർക്കാരും സൈനിക യൂണിഫോമുകളുടെ അനധികൃത വിൽപ്പന നിരോധിച്ചിരുന്നു. ഇത്തരത്തിൽ സൈനിക യൂണിഫോം വിറ്റാൽ, ഐസിസി സെക്ഷൻ 144 പ്രകാരമാണ് അവിടെ കുറ്റകരമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ