ലോകസിനിമയിലെ നിരവധി സുന്ദരികൾ കാനിലെ റെഡ് കാർപറ്റിൽ വിലസിയെങ്കിലും ഐശ്വര്യറായ് ബച്ചനില്ലാതെ ഇതിനൊന്നും പൂർണതയില്ല. സിനിമയിൽ നിന്നു നീണ്ട ഇടവേളയെടുത്ത ശേഷം തിരിച്ചു വരവിനൊരുങ്ങുന്ന നടിയുടെ പ്രധാന വേദികൂടിയായിരുന്നു കാൻ ഫിലിം ഫെസ്റ്റിവൽ.

പുതിയ ചിത്രമായ ജസ്ബയുടെ പ്രമോഷന് കൂടിയാണ് ഐശ്വര്യ റായി ഇത്തവണ കാനിലെത്തിയത്. എന്നാൽ ഹൈ ഹിൽ ചെരുപ്പില്ലാത്തതിന്റെ പേരിൽ ആളുകളെ തടഞ്ഞതിന്റെ പേരിൽ പേരുദോഷം കേൾപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ ലോകസുന്ദരിയെയും തടഞ്ഞതായാണ് റപോർട്ട് പുറത്ത് വരുന്നത്. എന്നാൽ ഐശ്വര്യ വാർത്ത നിഷേധിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം നടന്ന ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു സംഭവം. ഒരു മീഡിയ ഈവന്റിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യയെ ഇന്ത്യൻ പവിലിയനിലേയ്ക്ക് കടക്കാൻ സുരക്ഷ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. താരത്തിന്റെ കാറിന് ബ്ലൂ പാസ് ലഭിക്കാത്തതായിരുന്നു കാരണം. കാറിലെത്തിയ ഐശ്വര്യയെ ഉദ്യോഗസ്ഥർ ഗേറ്റിൽ തടഞ്ഞുനിർത്തുകയായിരുന്നു.

കഴിഞ്ഞ 14 വർഷമായി ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന താരമാണ് ഐശ്വര്യ റായ്. ഐശ്വര്യ റായ് ബച്ചൻ കാനിലേക്ക് യാത്ര തിരിച്ചു തുടങ്ങുമ്പോൾ മുതലുള്ള വാർത്തകളും ചിത്രങ്ങളും ഏറെ പ്രാധാന്യം നേടിയിരുന്നു. എയർപോർട്ടിൽ നിന്നും ഫ്രാൻസിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു. ചിത്രങ്ങൾ പുറത്ത് വന്നതോടെ ഐശ്വര്യയേക്കാൾ പ്രധാന്യം ലഭിച്ചത് മകൾ ആരാധ്യയ്ക്കായിരുന്നു.

ഐശ്വര്യയുടെ അഭിനയ ജീവിതത്തിൽ ഏറെ നിർണായകമാണ് ജസ്ബ. പ്രസവത്തിനു ശേഷം താരം തിരിച്ചു വരുന്ന സിനിമയാണിത്. കിടിലൻ ഗെറ്റപ്പിലാണ് ജസ്ബയിൽ ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ വോഗ് മാഗസിനു വേണ്ടി നടത്തിയ ഫോട്ടൊ ഷൂട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തടി കുറച്ച് കൂടുതൽ സുന്ദരിയായിട്ടുണ്ട് ഐശ്വര്യയെന്നാണ് ആരാധകരുടെ അഭിപ്രായം.