ആലപ്പുഴ: കായം കുളം കനകക്കുന്നിൽ എസ് ഐയുടെ തേർവാഴ്ചയെന്നാണ് സിപിഎം സൈബർ സഖാക്കളുടെ പ്രചരണം. ലീവിനെത്തിയ പ്രവാസിയെ മർദ്ദിച്ചുവെന്നും ആരോപിക്കുന്നു. സീബോശശിയെയും അമ്മയെയും പാതിരാവിൽ വീട് കയറി മർദ്ദിച്ച്.... കള്ളക്കേസിൽ കുടുക്കി അകത്താക്കാൻ ശ്രമിക്കുന്ന കണ്ടല്ലൂർ-കനകക്കുന്ന് പൊലീസിന്റെ തേർവാഴ്ചയ്‌ക്കെതിരെ പ്രതികരിക്കുക.... എന്നാണ് ആഹ്വാനം. പതിനൊന്ന് വർഷക്കാലമായ് വീടിനും നാടിനും വേണ്ടി മണൽ ചൂടിൽ ചോരനീരാക്കി ഒരു മാസത്തെ അവധിക്ക് നാട്ടിൽ വന്ന മുൻ ഡിവൈ എഫ് ഐ കായംകുളം ഏരിയാ കമ്മിറ്റി അംഗവും മുൻ എസ് എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകനും സൈബർ ഇടത്തിലെ ഇടതുപക്ഷ പോരാളിയുമായ 'സീബോ ശശിക്കാണ്' ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായതെന്നാണ് സോഷ്യൽ മീഡിയയുടെ പ്രചരണം. എന്നാൽ ഇത് തീർത്തും കളവാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ മറുനാടന് ലഭിച്ചു.

ഒരാഴ്ച മുമ്പ് രാത്രി 9 മണികഴിഞ്ഞ് അച്ഛന്റെ സഹോദരിയുടെ വീട്ടിൽ രോഗിയായ ഭാര്യയുടെ മരുന്ന് വാങ്ങാൻ പോയി വരുമ്പോഴാണ് സംഭവം ഉണ്ടായത്.അപ്പച്ചിയുടെ വീട്ടിലേക്ക് സ്‌കൂട്ടർ കയറി പോകാത്തതു കാരണം ഇടവഴിയിൽ വെച്ചിട്ടാണ് സീബോ പോയത്. തിരികെ വന്ന് സ്‌കൂട്ടർ എടുക്കുമ്പോൾ കനകക്കുന്ന് എസ്.ഐ. സുരേഷ് കുമാറിന്റെ നേതൃത്തത്തിൽ ആറ് പേരടങ്ങുന്ന പൊലീസ് സംഘം. ടോർച്ച് തെളിച്ച് പാഞ്ഞെത്തുകയും ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാൽ ഇത് കളവാണെന്ന് വ്യക്തമാകുന്ന വീഡിയോയാണ് മറുനാടന് ലഭിച്ചത്. മദ്യപിച്ച് സ്‌കൂട്ടറിലെത്തിയ ആളെ പരിശോധനയുടെ ഫലമായി പൊലീസ് തടയുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടെന്ന് വന്നപ്പോൾ പരിശോധനകൾക്കായി ജീപ്പിലേക്ക് കയറാൻ ആവശ്യപ്പെട്ടു. ഇതോടെ പൊലീസിനു നേരെ ആക്രോശം തുടങ്ങുകയായിരുന്നു സിപിഎം നേതാവ്. ഇതാണ് ചിത്രങ്ങളിലുള്ളത്. കേരളം ഭരിക്കുന്നത് പിണറായി ആണെന്നും ഉമ്മൻ ചാണ്ടി അല്ലെന്നുമുള്ള വീരവാദവും കേൾക്കാം.

ഇയാളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് മറുനാടൻ പുറത്തുവിടുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രശ്‌നത്തിന് കാരണമെന്നും വ്യക്തമാണ്. പൊലീസിനെ ആക്രമിക്കാൻ ഒരുങ്ങുന്ന പ്രവാസിയെ അമ്മയും ബന്ധുക്കലും തടയുന്നതും വ്യക്തമാണ്. പൊലീസിനെ ഒന്നും ചെയ്യരുതെന്ന് മകനോട് കരഞ്ഞു പറയുന്ന അമ്മയേയും കാണാം. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് നടപടിയെന്ന് പൊലീസ് മാന്യമായ ഭാഷയിൽ വിശദീകരിക്കുന്നുണ്ട്. ഈ സമയം മദ്യപിക്കുന്നത് ക്രിമിനൽ കുറ്റമാണോ താൻ വണ്ടിയിൽ കയറില്ലെന്നെല്ലാമാണ് ഇയാൾ പൊലീസിനോട് പ്രകോപനപരമായി പറയുന്നത്.

പിണറായിയാണ് ഭരിക്കുന്നതെന്നും എന്ന് ഇടിച്ച് തൂറിച്ചാലും വണ്ടിയിൽ കയറില്ലെന്നും ഇയാൾ പറയുന്നു. പൊലീസ് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ ഇയാൾ വൈലന്റാകുന്നു. ഇതിനിടെ പ്രതിയെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നു. അപ്പോൾ വളരെ അക്രമാസക്തനായി ഇയാൾ മാറുന്നുവെന്നും ഇരുട്ടിന്റെ മറവിലെ ദൃശ്യങ്ങളിൽ വ്യക്തമാണ്. പച്ചത്തെറിയും വിളിക്കുന്നു. മദ്യത്തിന്റെ ലഹരിയിലാണ് ഇതൊക്കെ ചെയ്യുന്നതെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാർ വിശദീകരിക്കുന്നുമുണ്ട്. ഇപ്പോൾ സ്‌റ്റേഷനിലേക്ക് വന്നില്ലെങ്കിൽ നാളെ റിമാൻഡ് ചെയ്യേണ്ടി വരുമെന്നും പൊലീസ് നാട്ടുകാരോടും ബന്ധുക്കളോടും വിശദീകരിക്കുന്നുമുണ്ട്.

അങ്ങനെ പൊലീസിനെ കടന്നാക്രമിക്കാൻ ശ്രമിച്ച സിപിഎം നേതാവാണ് പൊലീസിനെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്. അജിത് കണ്ടല്ലൂർ ഇക്കാര്യത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി ഫോട്ടോയും പോസ്റ്റും ഇട്ടു. സീബോ ശശിയുടെ അമ്മയെ പൊലീസ് മർദ്ദിച്ചെന്നും ആരോപിക്കുന്നു. കാരണം ചോദിച്ചപ്പോൾ നേരത്തേ പൊലീസ് വന്നപ്പോൾ അവിടുന്ന് ആരൊക്കെയോ ഓടിപ്പോയെന്നും. അത് സീബോയുടെ നേതൃത്തത്തിലുള്ള സംഘമാണെന്നാണ് പൊലീസ് ഭാഷ്യം. കയ്യിലിരുന്ന മരുന്ന് കാണിച്ച് ഭാര്യയ്ക്ക് സുഖമില്ലെന്ന് പറഞ്ഞിട്ടും എസ്.ഐ സുരേഷ് കുമാറിന് വിശ്വാസമാകാതെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. മുൻ ഡിവൈ എഫ് ഐ നേതാവെന്ന് പറഞ്ഞപ്പോൾ' നിന്റെ അമ്മേടെ ഡി വൈ എഫ് ഐ' എന്ന് പച്ചത്തെറി പറഞ്ഞ് അധിക്ഷേപിച്ച് ചെകിട്ടത്തടിച്ചു.തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും സീബോ ശശിയെ ജീപ്പിൽ കയറ്റുന്നത് തടയുകയും ചെയ്തു.-ഇങ്ങനെയാണ് കള്ളക്കഥയുടെ പോക്ക്.

അന്യായമായ് സീബോയെ കൊണ്ടുപോകാൻ സാധിക്കാതെ വന്നപ്പോൾ പോക്കറ്റ് വലിച്ചു കീറി മൊബെയിലും പണമായുണ്ടായിരുന്ന മൂവായിരത്തോളം രൂപയും ബലമായ് എടുക്കുകയും ആക്റ്റിവ സ്‌കൂട്ടർ കെട്ടി വലിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തുവെന്നാണ് ആരോപണം. എന്നാൽ പൊലീസിനെ ആക്രമിക്കാനായിരുന്നു പ്രതി ശ്രമിച്ചതെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. എസ് ഐയെ ബിജെപിക്കാരനുമാക്കി സൈബർ പോരാളികൾ സജീവമാകുന്നുണ്ട്. ഇവിടം കൊണ്ടും കലിയടങ്ങാതെ ബിജെപി അനുഭാവിയായ് എസ്.ഐ സുരേഷ് കുമാർ പ്രദേശത്തെ ബിജെപി നേതൃത്തവുമായ് ബന്ധപ്പെട്ട് സീബോയുടെ വീടും മറ്റ് കാര്യങ്ങളും അന്വേഷിച്ച് രാത്രി രണ്ട് മണിക്ക് ഒരു വലിയ സംഘം പൊലീസുമായ് സീബോ ശശിയുടെ വീട് വളയുകയും വീട്ടിനകത്തേക്ക് ഇരച്ചു കയറുന്നത് തടഞ്ഞ പ്രായമായ മാതാവിനെ കലിമൂത്ത് അടിവയറ്റിൽ തൊഴിച്ചു മാറ്റി അകത്ത് കയറി ഫർണ്ണീച്ചറും വീട്ടു സാധനങ്ങളുമെല്ലാം നശിപ്പിച്ചു.തുടർന്ന് ഇനി അവൻ ഗൾഫിൽ പോകുന്നതൊന്ന് കാണട്ടെ എന്ന് ഭീഷണി മുഴക്കി പേടിപ്പിക്കുകയും ചെയ്തു. അതും പോരാഞ്ഞ് സീബോയുടെ ഭാര്യയുടെ വീട്ടിൽ രാത്രി രണ്ടരക്ക് ശേഷം കയറി അവിടെയും അവരുടെ കായൽ ഭാഗത്തുള്ള ബന്ധുവീട്ടിലും കയറി ഇതുപോലെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം.

പിറ്റേന്ന് രാവിലെയും സീബോയുടെ വീട്ടിൽ കയറുകയും ഇതേ സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്തു. സീബോയുടെ മാതാവ് മർദ്ദനമേറ്റ് കായംകുളം ഗവൺമന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.അസമയത്തുണ്ടായ ആക്രമണം ആ അമ്മയെയും വയോധികനായ അച്ഛനെയും രോഗിയായ ഭാര്യയെയും കുഞ്ഞുങ്ങളെയും മാനസികമായ് തകർത്തിരിക്കുകയാണ്.സീബോശശി കഴിഞ്ഞ ദിവസവും ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായ് കായംകുളം മുൻസിപ്പൽ ചെയർമ്മാൻ അടക്കമുള്ളവരുമായ് വേദി പങ്കിട്ട സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമാണ്. സി പി എം ന്റെ സജീവ പ്രവർത്തകനും സൈബർ പോരാളിയുമാണെന്ന് പൊലീസിനെതിരെ കള്ളം പ്രചരിപ്പിക്കുന്ന പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

കണ്ടല്ലൂരിലും പരിസര പ്രദേശത്തും കഞ്ചാവും മദ്യ മാഫിയയും അരങ്ങുവാഴുന്ന ഈ സമയത്ത് അതിനെതിരെ ഒരു ചെറുവിരൽ അനക്കാൻ കഴിയാത്ത ജാള്യതയാണ് എസ് ഐ സുരേഷ് കുമാറിനെക്കൊണ്ട് ഈ പന്നത്തരമൊക്കെ ചെയ്യിച്ചത്. ഇയാൾ കാക്കിയിട്ട ബിജെപിക്കാരനാണെന്നത് ഒരു പച്ച പരമാർത്ഥമാണ്.ഇയാൾ പലരോടും ഇവിടെ നിന്ന് ട്രാൻസ്ഫർ വേണമെന്നും അതിന് സി പി. എം ന്റെ ഒരു ഇര വേണമെന്നും പറഞ്ഞിട്ടുണ്ട്.അതിനാണ് മരുഭൂമിയിൽ നിന്നും അൽപം സന്തോഷത്തിനായ് നാട്ടിലെത്തിയ ഒരു പാവം പ്രവാസിയുടെയും കുടുംബത്തിന്റെയും നെഞ്ചത്ത് കയറിയത്.

ഈ പൊലീസ് ചെകുത്താന്റെ നരനായാട്ടിനെതിരെ കക്ഷി രാഷ്ട്രീയമന്യേ ഒരു പ്രതിഷേധം സോഷ്യൽ മീഡിയയിൽ ഉയർന്നു വരണം. പ്രിയ സുഹൃത്ത് സീബോശശിക്കുണ്ടായ അനുഭവം ഇനി ഒരു പ്രവാസിക്കും ഉണ്ടാവാതിരിക്കട്ടെ.-ഇങ്ങനെയാണ് പൊലീസിനെതിരേയുള്ള വ്യാജ പ്രചരണം സിപിഎമ്മിന്റെ സൈബർ സഖാക്കൾ മുന്നോട്ട് കൊണ്ടു പോകുന്നത്. പലവിധ പോസ്റ്ററുകളും സിപിഎം സൈബർ സംഘം എസ് ഐയ്‌ക്കെതിരെ പ്രചരിപ്പിക്കുന്നുണ്ട്.