- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് സത്യം തുറന്നുപറയാനുള്ള സമയം; കോൺഗ്രസ് ക്ഷയിക്കുകയാണ്; ഗുലാം നബി ആസാദിനെ തഴഞ്ഞത് എന്തിന്? കോൺഗ്രസ് നേതൃത്വത്തിനെതിരെ കപിൽ സിബൽ; ജനാല ചാടി വന്നവരല്ല തങ്ങളെന്ന് ആനന്ദ് ശർമ്മയും; തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ കലഹം
ശ്രീനഗർ: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വവുമായി ഇടഞ്ഞ് മുതിർന്ന നേതാവ് കപിൽ സിബലും സംഘവും. കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് പാർട്ടിയിലെ തിരുത്തൽ വാദികൾ വീണ്ടും ഒത്തുകൂടി. കോൺഗ്രസ് പാർട്ടി ദുർബലമാകുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഇവിടെ ഒത്തുകൂടിയത്. തങ്ങൾ നേരത്തെയും ഒത്തുകൂടിയിരുന്നു. ഒരുമിച്ച് പാർട്ടിയെ ശക്തിപ്പെടുത്തണമെന്നും മുതിർന്ന നേതാവ് കപിൽ സിബൽ പറഞ്ഞു.
രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയ ഗുലാം നബി ആസാദിന് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു കപിൽ സിബൽ. ഗുലാം നബി ആസാദിന്റെ സ്വീകരണ പരിപാടി കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നറിയിപ്പും ശക്തിപ്രകടനവും ആയിട്ടാണ് കോൺഗ്രസിലെ തിരുത്തൽവാദികൾ എടുത്തിട്ടുള്ളത്. ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയിൽ അവസരം നൽകാത്തതിനെതിരെ സിബൽ പാർട്ടിയെ രൂക്ഷമായി വിമർശിച്ചു. 'ഗുലാം നബി ആസാദ് പരിചയ സമ്പന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എഞ്ചിനിലെ തകരാർ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കും.
എല്ലാ സംസ്ഥാനങ്ങളിലെയും കോൺഗ്രസിന്റെ അടിത്തറ അറിയുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് മോചിപ്പിക്കുകയാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾക്ക് സങ്കടമുണ്ടായി. പാർലമെന്റിൽ നിന്ന് പോകാൻ ഞങ്ങൾ അദ്ദേഹത്തെ അനുവദിക്കുന്നില്ല. എന്തുകൊണ്ടാണ് കോൺഗ്രസ് അദ്ദേഹത്തിന്റെ അനുഭവം ഉപയോഗിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല' കപിൽ സിബൽ പറഞ്ഞു.
കപിൽ സിബലിന് പുറമെ കോൺഗ്രസ് നേതൃത്വത്തെ തിരുത്താൻ ശ്രമിച്ച ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ തുടങ്ങിയ നേതാക്കളും ജമ്മുകശ്മീരിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. 'കഴിഞ്ഞ ഒരു ദശകത്തിൽ കോൺഗ്രസ് ദുർബലമായി. പാർട്ടിയുടെ നന്മയ്ക്കാണ് ഞങ്ങളുടെ ശബ്ദം. എല്ലായിടത്തും ഇത് വീണ്ടും ശക്തിപ്പെടുത്തണം. പുതിയ തലമുറയെ പാർട്ടിയുമായി ബന്ധിപ്പിക്കണം കോൺഗ്രസിന്റെ നല്ല ദിവസങ്ങൾ ഞങ്ങൾ കണ്ടു. പ്രായമാകുമ്പോൾ ഇത് ദുർബലമാകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല' ആനന്ദ് ശർമ്മ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ജനാല ചാടി വന്നവരല്ല താനുൾപ്പെടെയുള്ള നേതാക്കളെന്ന് ആനന്ദ് ശർമ്മയും വ്യക്തമാക്കി. താൻ കോൺഗ്രസുകാരനാണോ എന്ന് മറ്റുള്ളവർ നിശ്ചയിക്കേണ്ടെന്നും ആനന്ദ് ശർമ്മ പറഞ്ഞു. കാവി തലപ്പാവുകൾ അണിഞ്ഞായിരുന്നു ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തത്. കോൺഗ്രസ് കശ്മീർ ഘടകത്തിന്റെ അറിവില്ലാതെ നടത്തുന്ന പരിപാടിയോടെ നീക്കം കൂടുതൽ ശക്തമാക്കാനാണ് തിരുത്തൽവാദികളുടെ തീരുമാനം. നാല് സംസഥാനങ്ങളിലേക്കും പുതിച്ചേരിയിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആലോചനകളിലേക്കൊന്നും ഈ നേതാക്കളെ ഹൈക്കമാൻഡ് അടുപ്പിച്ചിട്ടില്ല.
തമിഴ്നട്ടിൽ ഡിഎംകെയുമായുള്ള സീറ്റ് ചർച്ചയിൽ നിന്ന് ഗുലാംനബി ആസാദിനെ ഒഴിവാക്കി രൺദീപ് സിങ് സുർജേവാലക്ക് ചുമതല നൽകുകയും ചെയ്തു. നേതൃമാറ്റം സംബന്ധിച്ച ചർച്ചകൾ ഉടൻ തുടങ്ങുമെന്ന് കഴിഞ്ഞ ഡിസംബറിൽ സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടാകാത്തതിലുള്ള അമർഷം പരസ്യമായി പ്രകടിപ്പിക്കാൻ കൂടിയാണ് നേതാക്കൾ ശക്തി പ്രകടനത്തിനിറങ്ങുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ സമാന മനസ്കരുമായി നേതാക്കൾ ആശയവിനിമയം നടത്തുന്നുവെന്നാണ് വിവരം.
അതിനിടെ ബിജെപിയിൽ ചേരുമെന്ന പ്രചാരണം ഗുലാം നബി ആസാദ് നിഷേധിച്ചു രംഗത്തുവന്നു. ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗത്വ കാലാവധി അവസാനിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വൈകാരിക പ്രകടനമാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടിരുന്നത്. ഗുലാം നബി ആസാദ് ബിജെപിയിലേക്കെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആ വാർത്തകളെ തുടക്കത്തിൽ തന്നെ തള്ളിയ ആസാദ്, ഇപ്പോൾ സംശയത്തിന് ഇടയില്ലാത്ത വിധം നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
കശ്മീരിലെ ഷഹീദ് ചൗക്കിൽ കോൺഗ്രസ് ഓഫീസിൽ പാർട്ടി പ്രവർത്തകരെയും നേതാക്കളെയും അഭിമുഖീകരിച്ച് സംസാരിക്കുമ്പോഴാണ് മുഴുവൻ അഭ്യൂഹങ്ങളെയും ഗുലാംനബി തള്ളിക്കളഞ്ഞത്. 'ഞാൻ പാർലമെന്റിൽ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ് ്ട്രീയത്തിൽ നിന്നല്ല. ബിജെപിയിൽ ചേരാനാണെങ്കിൽ അത് വാജ്പേയിയുടെ കാലത്ത് തന്നെ ആകാമായിരുന്നു'- ഗുലാം നബി ആസാദ് പറഞ്ഞു. ജമ്മു കശ്മീരിലും പുറത്തും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ വിവേചനങ്ങൾ ഒന്നുമില്ല. വീക്ഷണങ്ങളിലെ വ്യത്യാസം മാത്രമാണുള്ളതെന്നും പാർട്ടിയിലുള്ളവരുടെയെല്ലാം ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് ഡെസ്ക്