ന്യുജഴ്സി : കുടുംബ കലഹത്തെ തുടർന്ന് ഇന്ത്യക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ന്യ്ൂജേഴ്‌സിയിൽ ജൂലൈ 19 നായിരുുന്നു സംഭവം. കുടുംബ കലഹത്തെ തുടർന്ന് നാല്പത്തി രണ്ടുകാരിയായ ഭാര്യ സീമയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ഇന്ത്യൻ അമേരിക്കൻ വംശജനായ ഭർത്താവ് നിതിൻ സിങ്ങിനെ ന്യുജഴ്സി പൊലീസ് അറസ്റ്റ് ചെയ്തത്.

മുറിയിൽ കിടന്നുറങ്ങിയിരുന്ന സീമയെ വയറ്റിലും മുഖത്തും മാറിലും നിരവധി തവണ കുത്തിയാണ് മരണം ഉറപ്പാക്കിയത്. തുടർന്ന് സിങ്ങ് തന്നെ പൊലീസിൽ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സേലം കൗണ്ടി കറക്ഷണൽ ഫെസിലിറ്റിയിൽ കൊണ്ടു വന്ന പ്രതിക്ക് 1 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

കുട്ടികൾ ഉറങ്ങി കിടക്കുമ്പോഴായിരുന്നു കൊലപാതകം നടന്നത്. സിങ്ങിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് അന്വേഷിച്ചു വരുന്നതായി ന്യുജഴ്സി പൊലീസ് അറിയിച്ചു.