- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി സീമ ബിസ്ല; നാല് ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ യോഗ്യത നേടുന്നത് ഇതാദ്യം
ന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ഗുസ്തി താരം സീമ ബിസ്ല. നാല് ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ ഒളിമ്പിക്സ് യോഗ്യത നേടുന്നത് ഇതാദ്യമാണ്. 2016 ഒളിമ്പിക്സിൽ മൂന്ന് വനിതാ ഗുസ്തി താരങ്ങൾ യോഗ്യത നേടിയിരുന്നു.
50 കിലോഗ്രാം വിഭാഗത്തിൽ ബൾഗേറിയയിൽ നടന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന്റെ ഫൈനലിലെത്തിയതോടെയാണ് സീമ യോഗ്യത നേടിയത്.
വിനേഷ് ഫോഗട്ട്, അൻഷു മാലിക്, സോനം മാലിക് എന്നിവരാണ് നേരത്തേ യോഗ്യത നേടിയ വനിതാ ഗുസ്തി താരങ്ങൾ. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ (സായ്) ഔദ്യോഗിക ട്വീറ്റിലൂടെയാണ് വാർത്ത പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനും ഏഷ്യൻ ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവുമായ സുമിത് മാലിക് ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. 28കാരനായ സുമിത് 125 കിലോ വിഭാഗത്തിലാണ് മത്സരിക്കുന്നത്.
സുമിത് മാലിക്കിനെ കൂടാതെ രവി കുമാർ ദഹിയ (57 കിലോ), ബജ്റങ് പുനിയ (65 കിലോ), ദീപക് പുനിയ (86 കിലോ), വിനേഷ് ഭോഗത് (53 കിലോ), അൻഷു മാലിക് (57 കിലോ), സോനം മാലിക് (62 കിലോ) എന്നീ പുരുഷ-വനിത താരങ്ങളും ഒളിമ്പിക്സ് യോഗ്യത നേടിയിട്ടുണ്ട്.
അതേസമയം ടോക്യോ ഒളിംപിക്സ് യോഗ്യതയ്ക്കായി ശ്രമിക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങൾക്ക് തിരിച്ചടി. ഒളിംപിക്സിന് മുൻപുള്ള രണ്ട് യോഗ്യതാ ടൂർണമെന്റുകളിൽ ഒന്നായ മലേഷ്യൻ ഓപ്പൺ മാറ്റിവച്ചു. മലേഷ്യയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 25 മുതൽ 30 വരെയാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്.
ജൂൺ ഒന്നിന് തുടങ്ങുന്ന സിംഗപ്പൂർ ഓപ്പണിലാണ് ഇനി ഇന്ത്യൻ താരങ്ങളുടെ പ്രതീക്ഷ. പക്ഷേ, ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്രാവിലക്കുള്ളതിനാൽ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല.
പി വി സിന്ധു, സായ് പ്രണീത്, ചിരാഗ് ഷെട്ടി, സാത്വിക് സായ്രാജ് എന്നിവരാണ് ടോക്യോ ഒളിംപിക്സിന് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങൾ.
സ്പോർട്സ് ഡെസ്ക്