തിരുവനന്തപുരം: ഈ പ്രതിസന്ധികാലത്ത് സാമ്പത്തികമായും ശാരീരികമായും വെല്ലുവിളികൾ അനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും കൈത്താങ്ങാകാൻ മുന്നോട്ടുവന്ന സീമാ ജി നായരുടെ സഹായാഭ്യർത്ഥന ഏറ്റെടുത്ത് മറുനാടൻ മലയാളിയും ആവാസും.

സിനിമാത്തെക്ക് എന്ന യൂട്യൂബ് ചാനലിന് വേണ്ടി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ സീമാ ജി നായരുമായി നടത്തിയ അഭിമുഖത്തിൽ മണി മായമ്പള്ളി എന്ന സംസ്ഥാന അവാർഡ് ജേതാവായിരുന്ന കലാകാരന്റെ ഹൃദയസ്പർശിയായ കഥ സീമ പറഞ്ഞിരുന്നു. അടുത്തകാലത്ത് അപ്രതീക്ഷിതമായി ഉണ്ടായ ഹൃദയാഘാതത്തിൽ അദ്ദേഹം അകാലത്തിൽ മരണപ്പെട്ടതോടെ അനാഥമായിപ്പോയതാണ് അദ്ദേഹത്തിന്റെ കുടുംബം.

ഒരു രൂപ പോലും സമ്പാദ്യമില്ലെങ്കിലും നിരവധി ബാധ്യതകളുള്ള ആ കുടുംബത്തേയും മറ്റൊരു കലാകാരിയേയും സഹായിക്കുക എന്നതാണ് തന്റെ അടുത്ത ദൗത്യമെന്ന് സീമ ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മറുനാടന്റെ ഇടപെടലും സീമ അന്ന് അഭ്യർത്ഥിച്ചിരുന്നു. ഈ അഭിമുഖം കണ്ട് സീമാ ജി നായരുടെ മൊബൈൽ നമ്പരോ അക്കൗണ്ട് വിവരങ്ങളോ നൽകാമോ എന്ന് ആവശ്യപ്പെട്ട് നിരവധിപ്രേക്ഷകർ മറുനാടനെ ബന്ധപ്പെടുകയായിരുന്നു.

എന്നാൽ സീമാ ജി നായരുടെ നമ്പരും അക്കൗണ്ട് വിവരങ്ങളും പരസ്യപ്പെടുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് അതിന് സാധിക്കാതെ വന്നത്. മാത്രമല്ല ഈ സംഭാവനകൾ സീമയുടെ പേഴ്സണൽ അക്കൗണ്ടിലേയ്ക്ക് വന്നാൽ അത് സീമയുടെ വരുമാനമായി കണക്കാക്കപ്പെടുകയും ആ പണത്തിന് സീമ വരുമാന നികുതി അടയ്ക്കേണ്ടി വരുകയും ചെയ്യും. മണി മായമ്പള്ളിയുടെ കുടുംബത്തിന്റെ അക്കൗണ്ടും നൽകിയാൽ മറ്റുള്ളവരെ സഹായിക്കുക എന്നതും ബുദ്ധിമുട്ടാകും.

ഇതിന് വേണ്ടി പ്രത്യേകം ചാരിറ്റി അക്കൗണ്ട് ആരംഭിക്കുന്നതിന് ശ്രമിച്ചെങ്കിലും അതിലെ നൂലാമാലങ്ങൾ മൂലം ആ ശ്രമവും നീണ്ടുപോയി. ഈ അവസരത്തിലാണ് മറുനാടന് കൂടി പങ്കാളിത്തമുള്ള ആവാസ് എന്ന ചാരിറ്റി അക്കൗണ്ട് ഈ കാര്യത്തിന് വേണ്ടി ഉപയോഗിക്കാൻ തീരുമാനിക്കുന്നത്. സീമാ ജി നായരുടെ കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാൻ താൽപര്യമുള്ളവർക്ക് ആവാസിലേയ്ക്ക് പണം അയയ്ക്കാം. അടുത്ത രണ്ട് ആഴ്‌ച്ച കാലത്തേയ്ക്ക് ആ അക്കൗണ്ടിലേയ്ക്ക് വരുന്ന മുഴുവൻ പണവും സീമാ ജി നായരുടെ കാരുണ്യപ്രവർത്തനങ്ങൾക്കായി നൽകും.

അതിന് ശേഷം സംഭാവനകൾ അയയ്ക്കുന്നവർ സീമ എന്ന റെഫറൻസ് കൂടി വച്ചാൽ അതും സീമയ്ക്ക് കൈമാറും. മണി മായമ്പള്ളിയുടെ കുടുംബത്തിനാണ് പ്രാഥമികപരിഗണന നൽകുന്നത്. രണ്ടാമത് സീമ ജി നായർ പറഞ്ഞ നടിയുടെ കുടുംബത്തിനും. ഇതുകഴിഞ്ഞും സംഭാവനകൾ ബാക്കിയുണ്ടെങ്കിൽ സീമാ ജി നായർ നിർദ്ദേശിക്കുന്ന അർഹരായവർക്ക് ആ പണം നൽകും. ഇതുസംബന്ധിച്ച ദുരാരോപണങ്ങൾ ഒഴിവാക്കുന്നതിനായി സംഭാവനകൾ വരുന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ മറുനാടൻ മലയാളിയിൽ കൃത്യമായി പ്രസിദ്ധീകരിക്കുകയും സീമാ ജി നായർക്ക് ഞങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ലോഗിൻ ചെയ്ത് കാണാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്യും.

നിരവധി കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ് സീമാ ജി നായർ. ശരണ്യയ്ക്കും നന്ദു മഹാദേവനുമൊക്കെ അതിജീവനപോരാട്ടങ്ങൾ നടത്തിയത് സീമയുടെ പിന്തുണയോടെയായിരുന്നു. മലയാള സിനിമ- സീരിയൽ മേഖലയിൽ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ള നിരവധി കലാകാരന്മാരും സാങ്കേതികപ്രവർത്തകരും ഈ കോവിഡ് കാലത്ത് സീമയുടെ സ്നേഹത്തിന്റെയും കരുതലിന്റെയും മധുരമറിഞ്ഞവരാണ്.

മാരകരോഗങ്ങൾ ബാധിച്ച് മരണാസന്നരായ പിഞ്ചുകുഞ്ഞുങ്ങൾക്ക് അവസാന അഗ്രഹങ്ങൾ സാധ്യമാക്കിക്കൊടുക്കുന്ന 'മെയ്ക്ക് എ വിഷ്' എന്ന പദ്ധതിക്കും സീമ നേതൃത്വം നൽകിയിരുന്നു. സീമയുടെ കാരുണ്യഹസ്തങ്ങൾക്ക് പിന്തുണയേകാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ സംഭാവനകൾ താഴെ നൽകിയിരിക്കുന്ന അക്കൗണ്ടിലേയ്ക്ക് അയയ്ക്കുക. അയയ്ക്കുമ്പോൾ സീമ എന്ന റഫറൻസും വയ്ക്കാൻ മറക്കരുത്.

Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM