കാലിഫോർണിയയിൽ നടന്ന പാറ്റ് യങ്‌സ് ത്രോവേഴ്‌സ് ക്ലാസിക് മീറ്റിൽ സീമ പൂനിയ റിയോയിലേയ്ക്ക് യോഗ്യത നേടി. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ സീമ കാഴ്ചവച്ച പ്രകടനം ഇന്ത്യയ്ക്ക് അത്‌ലറ്റിക്‌സിൽ വീണ്ടുമൊരു ഒളിംപിക്‌സ് യോഗ്യതകൂടി നേടിക്കൊടുത്തു. ഒളിംപിക്‌സ് സെലക്ഷൻ യോഗ്യതയായ 61 മീറ്ററിനെ മറികടന്ന് 62.62 മീറ്റർ ദൂരമെറിഞ്ഞാണ് സീമ കടമ്പകടന്നത്.

മികച്ച ദൂരം കണ്ടെത്തിയ ഹരിയാനയിൽനിന്നുള്ള മുപ്പത്തിരണ്ടുകാരി മീറ്റിൽ സ്വർണവും നേടി. 64.84 മീറ്ററാണ് സീമയുടെ മികച്ച ദൂരം. അതേസമയം, 2010 കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യൻ കൃഷ്ണ പൂനിയയ്ക്ക് യോഗ്യത നേടാനായില്ല. 57.97 മീറ്റർ കണ്ടെത്താനെ ആയുള്ളു താരത്തിന്. കേന്ദ്ര സർക്കാരിന്റെ ഒളിംപിക് പോഡിയം പദ്ധതി പ്രകാരം യുഎസിൽ പരിശീലനത്തിലാണ് സീമ.

2014 ഏഷ്യൻ ഗെയിംസിൽ സ്വർണവും 2006, 2014 കോമൺവെൽത്ത് ഗെയിംസകളിൽ വെള്ളിയും, 2010 ഡൽഹി ഗെയിംസിൽ വെങ്കലവും നേടി. 2008 ഒളിംപിക്സിലും പങ്കെടുത്തു.