തിരുവനന്തപുരം: ഒരുകാലത്ത് മലയാളികളുടെ പ്രിയ നായികയായിരുന്നു സീമ. ദ്വീർഘകാലം വെള്ളിത്തിരയിൽ ശോഭിച്ചിരുന്ന നടി. സീമക്ക് സിനിമയിൽ ഏറ്റവുമധികം അവസരം ഒരുക്കി നൽകിയത് ഐവി ശശിയെന്ന സംവിധായകനായിരുന്നു. അദ്ദേഹമാണ് പിൽക്കാലത്ത് സീമയുടെ ഭർത്താവായതും. പ്രണയ വിവാഹമായിരുന്നു ഇത്. തന്റെ പ്രണയം സീമ തന്നെ തുറന്നു പറയുകയാണ് ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ.

ഞങ്ങൾ പരിചയപ്പെട്ടതു മുതൽ ഉടക്കാണ്. അന്ന് നായികമാർ അടക്കം എല്ലാവർക്കും സംവിധായകനെ വലിയ പേടിയായാണ്. എനിക്ക് ആരെയും കൂസാത്ത പ്രകൃതവും. ചോപ്ര മാസ്റ്ററുടെ ട്രെയിനിങ്ങാണത്. സംവിധായകനാണെങ്കിൽ പോലും പേരുവിളിച്ചാലേ നോക്കാവൂ എന്നാണ് അദ്ദേഹം നിർദേശിച്ചിരിക്കുന്നത്. 'ഡീ' എന്നോ മറ്റോ വിളിച്ചാൽ നോക്കില്ല. ഭയങ്കര നർത്തകി ആണെന്നൊരു അഹങ്കാരവും എനിക്കുണ്ടായിരുന്നു. 'ഈ മനോഹര തീര'ത്തിന്റെ സെറ്റിൽ വെച്ച് ശശിയേട്ടൻ എന്നെ കൈ ഞൊടിച്ചു വിളിച്ചു ഞാൻ നോക്കിയില്ല. ഒടുവിൽ പേരു വിളിച്ചപ്പോൾ ഞാൻ നോക്കി. നീ എന്താണ് വിളിച്ചിട്ടു മൈൻഡ് ചെയ്യാതിരുന്നതെന്ന് ചോദിച്ചപ്പോൾ ഞാൻ ദേഷ്യപ്പെട്ടു. 'കൈ ഞൊടിച്ച് വിളിക്കാൻ ഞാൻ പട്ടിയൊന്നും അല്ല'. ' നീ വല്ല്യ വായാടിയാണല്ലോ' എന്ന് പറഞ്ഞ് അദ്ദേഹം പോയി.

ശശിയേട്ടൻ എന്നോട് പ്രണയാഭ്യർത്ഥന നടത്തിയിട്ടില്ല. എന്നെ വലിയ നടിയാക്കാൻ ആഗ്രഹമുണ്ടെന്ന് തോന്നിയിട്ടുണ്ട്. മറ്റ് നായികമാരോടില്ലാത്ത എന്തോ ഒരു പ്രത്യേകത എന്നോടുണ്ട് എന്നും ആ ധൈര്യത്തിലാണ് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നെ 32 വയസ്സ് കഴിയുമെന്ന് ആരോ അമ്മയെ പേടിപ്പിച്ചിരുന്നു. വിവാഹാലോചന മുറുകിയപ്പോഴാണ് അദ്ദേഹത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വായാടിപ്പെണ്ണിനെ ഭാര്യയാക്കേണ്ടി വരുമെന്ന് ശശിയേട്ടൻ ഒരിക്കലും വിചാരിച്ചു കാണില്ല. - സീമ പറയുനന്ു.

'അവളുടെ രാവുകളിൽ' ഞാൻ ശാന്തിയെ സീമ എന്ന നായികയാക്കി. ഈ പടത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഞാൻ ശാന്തിയെ പ്രേമിച്ചു തുടങ്ങിയത്. ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല, പ്രണയം ഞങ്ങൾക്കിടയിൽ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സിൽ പ്രണയം നിറഞ്ഞപ്പോൾ അക്കാര്യം ആദ്യമായി അറിയിച്ചത് കമൽഹാസനെയായിരുന്നു. 'നന്നായി ശാന്തി നല്ല കുട്ടിയാണ്' എന്നായിരുന്നു അവന്റെ പ്രതികരണം. പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയൻ, രജനീകാന്ത്, മധുസാർ, സോമൻ, സുകുമാരൻ.... എല്ലാവരും ഞങ്ങളുടെ സ്നേഹത്തെ പിന്തുണച്ചു.'

സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ആറാട്ട് എന്ന സിനിമയുടെ ഷൂട്ടിങ്. ബീച്ചിൽ ചെരുപ്പിടാതെ നടന്ന സീമയുടെ കാലിൽ വിഷക്കല്ല് കൊണ്ടു മുറിഞ്ഞു. കാര്യമാക്കിയില്ലെങ്കിലും പിന്നീട് മുറിവ് പഴുത്തു. ഇതോടെ സീമ ആശുപത്രിയിലായി. ഇതെന്നെ വല്ലാതെ അസ്വസ്ഥനാക്കി.

എനിക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. ഒരു ദിവസം അമ്മ ചോദിച്ചു. സീമയെ ആലോചിച്ചാലോ എന്ന്. ഞാൻ അമ്പരന്ന് പോയി. അന്ന് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തി ഒന്നു മയങ്ങിയപ്പോൾ ഉറക്കത്തിൽ 'സീമ സീമ' എന്നു ഞാൻ വിളിച്ചത്രേ. 'എന്നെ കല്ല്യാണ് കഴിക്കുന്നെങ്കിൽ ഇപ്പോൾ വേണ'മെന്ന് സീമയും വാശിയിൽ. പിന്നെ വൈകിയില്ല. 1980 ഓഗസ്റ്റ് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാംനാൾ ഞങ്ങൾ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി.