ന്യൂഡൽഹി: സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മാതാവ് കല്പകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. ഡെൽഹിയിലെ ഗുഡ്ഗാവിലാണ് താമസിച്ചു വരുന്നത്. മരണത്തിൽ സിപിഐഎം അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

സഖാവ് സീതാറാം യെച്ചൂരിയോടും കുടുംബത്തിനോടും പാർട്ടി അനുശോചനം രേഖപ്പെടുത്തുന്നു. മരണാനന്തരം തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനൽകണമെന്ന മാതൃകാപരമായ തീരുമാനം കൽപകം യെച്ചൂരി കൈക്കൊണ്ടിരുന്നുവെന്നും സിപിഐഎം അനുശോചന സന്ദേശത്തിൽ പറഞ്ഞു.

'സഖാവ് സീതാറാം യെച്ചൂരിയുടെ അമ്മ മരണപ്പെട്ടു. ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടു നൽകി. നേരത്തെയും നിരവധി പുരോഗമന വാദികൾ ഇതുപോലെ ധീരമായ തീരുമാനം എടുത്തിട്ടുണ്ട്. അന്ധവിശ്വാസവും ശാസ്ത്ര വിരുദ്ധതയും വ്യാപകമാകുന്ന സമൂഹത്തിൽ ഉറ്റവരുടെയോ സ്വന്തം മൃതശരീരം തന്നെയോ പഠിക്കാൻ വിട്ടു കൊടുക്കുകയാണ്. ജീവനേറ്റ ശരീരം രാസ ലായനിയിൽ സൂക്ഷിച്ചു വീണ്ടും വീണ്ടും കീറി മുറിച്ച് പഠിക്കാൻ കൈമാറുന്നു. ഇങ്ങനെ മാതൃകയാകാൻ കമ്മ്യൂണിസ്റ്റ്കാർക്കേ കഴിയൂ. ധീരമായ ഇത്തരം തീരുമാനങ്ങൾ സമരം തന്നെയാണ്. അമ്മയ്ക്ക് ആദരാഞ്ജലികൾ.' ഡിവൈഎഫ്ഐ നേതാവ് എഎ റഹീം അനുശോചന കുറിപ്പിൽ പറഞ്ഞു.