കൊച്ചി : കോന്നി എംഎൽഎ കെ.യു.ജനീഷ് കുമാറിന്റെ ഭാര്യയ്ക്കു സീതത്തോട് സർവീസ് സഹകരണ ബാങ്കിൽ പ്യൂൺ തസ്തികയിൽ ചട്ടവിരുദ്ധമായി നിയമനം നൽകിയെന്ന മറുനാടൻ വാർത്തയിൽ ഹൈക്കോടതി ഇടപെടൽ. ഈ ആരോപണത്തിൽ സഹകരണ നിയമപ്രകാരം അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.

ബന്ധപ്പെട്ട കാലത്തെ ഭരണസമിതിയുടെ പ്രവർത്തനങ്ങളും പരിശോധിക്കണം. ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഭരണസമിതി അംഗമായ സി.കെ.പുരുഷോത്തമൻ നൽകിയ ഹർജിയിലാണു ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. ഈ വിഷയം മറുനാടനാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. അനധികൃത നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച വിവാദത്തെ തുടർന്ന് കെയു ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യ അനുമോൾ സീതത്തോട് സർവീസ് സഹകരണ ബാങ്കിലെ പ്യൂൺ ജോലി രാജി വച്ചിരുന്നു. എന്നാലും അന്വേഷണത്തിനാണ് ഹൈക്കോടതി നിർദ്ദേശം.

ഭരണസമിതിയുടെ കെടുകാര്യസ്ഥതയും ബാങ്കിലെ സാമ്പത്തിക ക്രമക്കേടും ചൂണ്ടിക്കാട്ടി 2018ൽ ഹർജിക്കാരൻ സഹകരണ സംഘം ജോയിന്റ് രജിസ്റ്റ്രാർക്കു പരാതി നൽകിയിരുന്നു. ഇതിനിടെ മറ്റൊരു അംഗത്തിന്റെ പരാതിയിൽ പരിശോധന നടത്തിയിരുന്നു. നീതി സ്റ്റോറിലെ നിയമനങ്ങളിൽ ക്രമക്കേടുണ്ടെന്നും സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് രജിസ്റ്റ്രാർ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും എംഎൽഎയുടെ ഭാര്യയുടെ നിയമനം സംബന്ധിച്ച വിഷയം അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കി. പ്യൂൺ നിയമനത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന ചോദ്യത്തിന് 2018ൽ അന്വേഷണം നടത്തിയതാണ് എന്ന മറുപടിയാണു ജോയിന്റ് രജിസ്റ്റ്രാർ നൽകിയത്.

അതേസമയം, കെ.യു.ജനീഷ് കുമാർ എംഎൽഎയുടെ ഭാര്യയ്ക്കു നിലവിൽ ബാങ്കിൽ ജോലി ഇല്ലെന്ന് ബാങ്ക് പ്രസിഡന്റ് ടി.എ.നിവാസ് അറിയിച്ചു. ഏതാനും മാസം മാത്രമാണ് ജോലി ഉണ്ടായിരുന്നത്. മെച്ചപ്പെട്ട ജോലി ലഭിച്ചപ്പോൾ ബാങ്കിലെ ജോലി രാജി വച്ച് പോയെന്നും നിവാസ് പറഞ്ഞു. ഇത് ഹൈക്കോടതി മുഖവിലയ്‌ക്കെടുത്തില്ല. മാസങ്ങൾക്ക് മുൻപ് രാജി സമർപ്പിച്ചിരുന്നുവെങ്കിലും വിവരം ഇപ്പോഴാണ് പുറത്തു വന്നിരുന്നത്. ബാങ്കിൽ നൈറ്റ് വാച്ച്മാനായി അനധികൃതമായി കയറി കൂടിയ ഇപ്പോഴത്തെ സീതത്തോട് പഞ്ചായത്ത് ്പ്രസിഡന്റ് ജോബി ടി. ഈശോയും തെരഞ്ഞെടുപ്പിന് മുൻപ്രാജി വച്ചിരുന്നു. താൻ രാജി വച്ച ഒഴിവിലേക്ക് ഭാര്യയ്ക്ക് ജനീഷ്‌കുമാർ നിയമനം നൽകുകയും പിന്നീട് ചട്ടം മറി കടന്ന് സ്ഥാനക്കയറ്റം നൽകാൻ ശ്രമിച്ചതും മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സഹകരണ വകുപ്പിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് എംഎൽഎയുടെ ഭാര്യയുടെ രാജി എന്നാണ് സൂചനയും പുറത്തു വന്നിരുന്നു.

എംഎൽഎ തന്റെ ജോലി രാജി വച്ച് ബിരുദധാരിയായ ഭാര്യയെ നിയമിക്കുകയായിരുന്നു എന്നാണ് ആരോപണം. ഡിഗ്രി പാസായവർക്ക് സഹകരണ സംഘം സ്ഥാപനങ്ങളിൽ പ്യൂൺ തസ്തികയിൽ സ്ഥിരം നിയമനം നിലനിൽക്കില്ലെന്ന കാലഘട്ടത്തിലാണ് ഡിഗ്രി പൂർത്തിയാക്കിയ എംഎൽഎയുടെ ഭാര്യയെ നിയമിച്ചത്. ഇത് ജോയിന്റ് രജിസ്ട്രാർ തടഞ്ഞപ്പോൾ ഡിഗ്രി പാസായില്ലെന്ന് സത്യവാങ്മൂലം കൊടുത്തു. പിന്നാലെ ഇവർക്ക് ജൂനിയർ ക്ലാർക്കായി സ്ഥാനക്കയറ്റവും ലഭിച്ചു. ജനീഷ് കുമാറിന്റെ ഭാര്യയെ ചട്ടം മറികടന്നാണ് നിയമിച്ചത് എന്നാരോപിച്ച് സീതത്തോട് മാലത്തറയിൽ ശ്യാമള ഉദയഭാനുവാണ് സഹകരണ സംഘം രജിസ്ട്രാർക്കും വിജിലൻസിനും ആദ്യം പരാതി നൽകിയത്. സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതനുസരിച്ച് വടശേരിക്കര യൂണിറ്റ് ഇൻസ്‌പെക്ടർ പരിശോധനയ്ക്ക് ബാങ്കിലെത്തി. അദ്ദേഹത്തിന് നേരെ കൈയേറ്റ ശ്രമവും ഭീഷണിയും ഉണ്ടായി. രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളും മൊഴി നൽകാൻ വിസമ്മതിച്ചുവെന്നും 2017 നവംബർ നാലിന് ഇൻസ്‌പെക്ടർ സഹകരണ സംഘം രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിച്ചു. തുടർ നടപടി ഒന്നുമുണ്ടായില്ല.

നിയമനം സാധൂകരിക്കുന്നതിന് യോഗ്യതാ സർട്ടിഫിക്കറ്റും ടിസിയും ഹാജരാക്കാൻ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടിരുന്നു. എന്നിട്ടും ഹാജരാക്കിയില്ല. ജനീഷ് കുമാർ രാജി വച്ച ഒഴിവിലേക്ക് ഭാര്യയെ നിയമിച്ചത് 2017 ലാണ്. 10 മാസത്തെ ജെഡിസി കോഴ്‌സ് പാസായതു കൊണ്ടാണ് നിയമനമെന്നാണ് പറഞ്ഞത്. 10 മാസം അവധിയെടുത്ത് കോഴ്‌സിന് പോയതോടെ ഇവരുടെ സീനിയോറിറ്റി നഷ്ടമായിരുന്നു. സഹകരണ സംഘം പരീക്ഷാ ബോർഡിൽ നിന്ന് നാലു പേരെ നിയമിച്ച് കഴിഞ്ഞതിന് ശേഷമേ ഒരു പ്യൂണിന് ജൂനിയർ ക്ലാർക്കായി സ്ഥാനക്കയറ്റം നൽകാവൂ എന്നാണ് ചട്ടം. ഇതാണ് ലംഘിച്ച് സ്ഥാനക്കയറ്റം നൽകിയത്. ഇതെല്ലാം വിവാദമായിരുന്നു.