ന്യൂഡൽഹി: സംസ്ഥാന ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുതിയ സിബിഐ ഡയറക്ടറാവില്ല. ബെഹ്‌റയും രാകേഷ് അസ്താനയുമൊന്നും ചുരുക്ക പട്ടികയിൽ ഇല്ല. പുതിയ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി ഇന്ന് യോഗംചേർന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ എൻവി രമണ, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. മൂന്നുപേരുകളാണ് ചർച്ചയ്ക്ക് വന്നത്.

മഹാരാഷ്ട്ര ഡിജിപി സുബോദ് കുമാർ, എസ്എസ്ബി ഡയറക്ടർ ജനറൽ കെ.ആർ.ചന്ദ്ര, ആഭ്യന്തര സുരക്ഷ സ്‌പെഷൽ സെക്രട്ടറി വി എസ്.കെ. കൗമുദി എന്നിവരുടെ പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം ഡയറക്ടറെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. ഉദാസീന മനോഭാവത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയകൾ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

സിബിഐ ഡയറക്ടർ ആർ കെ ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാൽ താത്കാലിക ചുമതല പ്രവീൺ സിൻഹയ്ക്കാണ്. 1985-86 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥരെയാണ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കേരള പൊലീസ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ പേരും അന്തിമപട്ടികയിലുണ്ട്. എൻ.ഐ.എ. മേധാവി വൈ.സി. മോദി, അതിർത്തി രക്ഷാസേന ഡയറക്ടർ ജനറലും മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറലുമായ രാകേഷ് അസ്താന, സിവിൽ ഏവിയേഷൻ ബ്യൂറോ ഡയറക്ടർ ജനറൽ എം.എ. ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റുപ്രമുഖർ.ഗുജറാത്ത ആന്റി കറപ്ഷൻ ബ്യൂറോ കേശവ് കുമാറിന്റെ പേരും പട്ടികയിൽ ഉള്ളതായി മറ്റൊരു റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2009-ൽ എൻ.ഐ.എ.യുടെ ആദ്യ സംഘത്തിലുണ്ടായിരുന്നതും മുൻപ് സിബിഐ.യിൽ പ്രവർത്തിച്ച പരിചയവുമാണ് ബെഹ്റയെ പരിഗണിക്കാൻ കാരണം. പശ്ചിമബംഗാളിലെ പുരുലിയയിൽ ഹെലികോപ്റ്ററിൽ ആയുധം നിക്ഷേപിച്ചത്, മുംബൈ സ്‌ഫോടനപരമ്പര തുടങ്ങിയ കേസുകൾ ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജൻസികളിൽ മുൻപരിചയമുള്ള മൂന്ന് മുതിർന്ന ഐപിഎസ്. ഉദ്യോഗസ്ഥരെ പഴ്‌സണൽ ആൻഡ് ട്രെയ്‌നിങ് വകുപ്പ് തീരുമാനിക്കും. ഇവരിലൊരാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തിരഞ്ഞെടുക്കുന്നതാണ് പ്രക്രിയ.

സീനിയോറിറ്റി, ഇന്റഗ്രിറ്റി, അഴിമിത വിരുദ്ധ കേസുകൾ അന്വേഷിച്ച അനുഭവ പരിചയം എന്നിവ വിലയിരുത്തിയായിരിക്കും തീരുമാനം. രണ്ട് വർഷത്തിൽ കുറയാതെയാണ് സിബിഐ ഡയറക്ടറുടെ കാലാവധി