ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തിയ ടെക്നിക്കൽ ട്രെയിനിങ് പരമ്പരയുടെ എട്ടാമത്തെ എഡിഷൻ - സെലീനിയം ശില്പശാല മാർച്ച് 3 ശനിയാഴ്ച നടന്നു. ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 10 :00 മണിക്ക് ആരംഭിച്ച ശിൽപശാല വൈകുന്നേരം 05:00 മണിക്കാണ് അവസാനിച്ചത് . ശിൽപ്പശാലക്ക് ടെസ്റ്റ് ഓട്ടോമേഷൻ കൺസൾട്ടന്റ് ആയ ബിനു ലക്ഷ്മി നേതൃത്വം നൽകി.

ടെസ്റ്റിങ് മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളും പ്രാക്ടീസുകളും ടെക്കികൾക്ക് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഈ ശിൽപ്പശാല ക്രമീകരിച്ചത്. ടെക്നോപാർക്കിലെ അൻപതിലധികം കമ്പനികളിൽ നിന്നായുള്ള 172 പേർ ഓപ്പൺ സോഴ്‌സ് ടെസ്റ്റിങ് ഓട്ടോമേഷൻ ടൂൾ ( Open Source Testing Automation Tool - Selenium ) ആയ സെലീനിയത്തിൽ പരിശീലനം നേടി. ശില്പശാലയെക്കുറിച്ചു മികച്ച പ്രതികരണമാണ് പങ്കെടുത്തവരിൽ നിന്നും ലഭിച്ചത്.

ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും വേണ്ടി നടത്തിയ പരിശീലന പരിപാടി ICFOSS , DAKF എന്നിവരുടെ സഹകരണത്തോടെ പൂർണ്ണമായും സൗജന്യമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രതിധ്വനി ടെക്‌നിക്കൽ ഫോറത്തിന്റെ എട്ടാമത്തെ ട്രെയിനിങ് പരിപാടിയാണ് ശനിയാഴ്ച നടന്നത്. ഇതിനു മുൻപ് സെലീനിയം ഓട്ടോമേഷൻ ടെസ്റ്റിങ് അപ്ലിക്കേഷൻ, സോഫ്‌റ്റ്‌വെയർ എസ്റ്റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ് , ഓപ്പൺ സോഴ്‌സ് ടെക്ക്‌നോളജി ഡോക്കർ ,ആംഗുലാർ, ജാവ , റസ്‌റ് പ്രോഗ്രാമിങ് ലാംഗ്വേജ് എന്നിവയിൽ ഐ ടി ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾ സംഘടിപ്പിച്ചിരുന്നു. അനുദിനം മാറി മാറി വരുന്ന വിവിധ പുതിയ ടെക്‌നൊളജികളിൽ ഐ ടി ജീവനക്കാർക്ക് പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതിധ്വനി എല്ലാ മാസവും ടെക്‌നിക്കൽ ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്.