തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. ഇക്കാര്യത്തിൽ പോയ വർഷം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കൈക്കൊണ്ട തീരുമാനം തള്ളി ആ വഴിയിൽ സഞ്ചരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്തുന്നതിന് സർക്കാർ നിലപാടിൽ മാറ്റംവരുത്താനാകില്ലെന്നും നാളെ സ്വാശ്രയ മാനേജ്മെന്റുകൾ യോഗംചേർന്ന് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷത്തെ സ്വാശ്രയ മാനേജ്മെന്റ് കോളേജുകളിലെ പ്രവേശനം സംബന്ധിച്ചാണ് സർക്കാരുമായി തർക്കം നിലനിൽക്കുന്നത്. കഴിഞ്ഞ വർഷം ആളില്ലാത്തതിനാൽ സീറ്റുകൾ ഒഴിച്ചിടേണ്ടിവന്നിരുന്നു. അതിനാൽ പ്രവേശന പരീക്ഷയിൽ പത്തിൽ കുറവ് മാർക്ക് നേടിയവർക്കും ഈ വർഷം പ്രവേശനം നൽകണമെന്ന നിലപാടാണ് മാനേജ്മെന്റുകൾ സ്വീകരിക്കുന്നത്.

109 കോളേജുകളാണ് സർക്കാരുമായി എല്ലാവർഷവും കരാറുണ്ടാക്കുന്നത്. ഇതിൽ 60 കോളേജുകൾക്ക് വിദ്യാർത്ഥികളെ ലഭിക്കാത്ത് സാഹചര്യമുണ്ട്. പത്തിൽ കുറവ് മാർക്ക് ലഭിച്ചവർക്കും പ്രവേശനം നൽകാൻ കോളേജുകളുമായി മൂന്ന് വർഷത്തേക്കാണ് മുൻസർക്കാർ കരാർ ഒപ്പുവച്ചിരുന്നത്. എന്നാൽ ജയിംസ് കമ്മറ്റി കരാർ അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് കോളേജുകളുടെ പ്രതിസന്ധി പരിഹരിക്കാനായി ഒരു വർഷത്തേക്ക് താൽക്കാലികമായി മാത്രം കരാർ അനുവദിക്കുകയായിരുന്നു.

എൻജിനീയറിങ് കോളജുകളിലെ ഒഴിവുള്ള സീറ്റിൽ +2 ജയിച്ചവരെ പ്രവേശിപ്പിക്കണമെന്നാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. എന്നാൽ, പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാട്. അഭിപ്രായഭിന്നത മെറിറ്റ് സീറ്റുകളിലെ പ്രവേശന നടപടികളെ ബാധിക്കില്ലെന്നാണ് അധികൃതരുടെ ഉറപ്പ്. സ്വാശ്രയ കോളജുകളിലേത് ഉൾപ്പെടെയുള്ള സർക്കാർ മെറിറ്റ് സീറ്റുകളിലേക്കുള്ള ആദ്യ അലോട്‌മെന്റ് 30ന് നടക്കാനിരിക്കെയാണ് പ്രതിസന്ധി രൂക്ഷമായത്.

എന്നാൽ ഇക്കൊല്ലവും ഇതേ രീതിയിൽ പ്രവേശനം നടത്താനാണ് എഞ്ചിനീയറിങ് കോളേജുകൾ ശ്രമിക്കുന്നത്. പ്രവേശന പരീക്ഷ വിജയിക്കാത്തവരെ പ്രവേശിപ്പിക്കാനാകില്ലെന്ന് ജയിംസ് കമ്മറ്റി ശക്തമായ നിലപാടെടുത്തതോടെയാണ് പ്രവേശനം പ്രതിസന്ധിയിലായിരിക്കുന്നത്.