ന്യൂഡൽഹി: ഉയർന്ന ഫീസിൽ പ്രവേശനം നടത്താൻ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾക്ക് ഹൈക്കോടതി നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഇതോടെ ഈ കോളേജുകളുടെ കാര്യത്തിൽ സർക്കാറുകൾക്ക് കനത്ത തിരിച്ചടിയായി.

ഇന്ന് വൈകുന്നേരത്തോടെ അഡ്‌മിഷൻ അവസാനിക്കുമെന്നതിനാൽ വൈകിയ വേളയിൽ ഒന്നും ചെയ്യാനാകില്ലെന്നും ഫീസ് തർക്കത്തിൽ ഹൈക്കോടതി തീരുമാനമെടുക്കട്ടെയെന്നും പറഞ്ഞുകൊണ്ടാണ് കോടതി ഹർജി തള്ളിയത്. കണ്ണൂർ മെഡിക്കൽ കോളേജിന് 10 ലക്ഷവും കരുണ മെഡിക്കൽ കോളേജിന് ഏഴ് ലക്ഷത്തി നാൽപ്പത്തി അയ്യായിരം രൂപയും വാർഷിക ഫീസായി ഈടാക്കാനാണ് ഹൈക്കോടതി അനുമതി നൽകിയത്. രണ്ട് കോളേജുകൾക്ക് ജയിംസ് കമ്മിറ്റി അനുവദിച്ച് നൽകിയ ഫീസ് നാല് ലക്ഷത്തി നാൽപ്പതിനായിരം രൂപയാണ്. ജയിംസ് കമ്മറ്റി അനുവദിച്ച ഫീസിൽ മാത്രമെ പ്രവേശനം അനുവദിക്കാവു എന്നായിരുന്നു സർക്കാർ ആവശ്യം.

ഹൈക്കോടതിയാണ് ഈ കോളേജുകൾക്ക് സ്‌പോട്ട് അഡ്‌മിഷനു അനുമതി നൽകിയത്. പ്രവേശന പരീക്ഷാ കമ്മീഷണർക്കാണ് അനുമതി നൽകിയത്. നീറ്റ് പട്ടിക പരിശോധിച്ച് ഓരോരുത്തരുടെയും റാങ്ക് കണക്കാക്കി പ്രവേശനം ഇന്നു തന്നെ പൂർത്തിയാക്കാൻ കോടതി പ്രവേശന കമ്മീഷണർക്ക് അനുമതി നൽകി. പ്രവേശന നടപടികളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ഈ രണ്ടുകോളജുകളിലെയും വിദ്യാർത്ഥി പ്രവേശനം ജയിംസ് കമ്മിറ്റി തടഞ്ഞിരുന്നു.

പ്രവേശന പരീക്ഷാ കമ്മിഷണർ നീറ്റ് പട്ടിക പരിശോധിച്ച് ഈ രണ്ടു കോളജുകളിലെയും അപേക്ഷകരുടെ റാങ്ക് കണക്കാക്കി പ്രവേശനം നടത്തും. അഡ്‌മിഷൻ ലഭിച്ചവർക്കും പരാതിക്കാർക്കും അപേക്ഷർക്കുമെല്ലാം ഇന്നു നടക്കുന്ന സ്‌പോട്ട് അഡ്‌മിഷൻ നടപടികളിൽ പങ്കാളിയാകാം. കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിൽ അപേക്ഷ നൽകിയവരുടെയും പ്രവേശനം നൽകിയവരുടെയും വിശദാംശങ്ങൾ ഹാജരാക്കാൻ കോളജുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ടു കോളജുകളിലുമായി അപേക്ഷ സമർപ്പിച്ചിരുന്ന 175 വിദ്യാർത്ഥികളാണ് കോടതിയെ സമീപിച്ചിരുന്നത്. നീറ്റ് പട്ടിക മറികടന്ന് ഈ കോളജുകൾ പ്രവേശനം നടത്തിയെന്നായിരുന്നു പ്രധാന പരാതി. മാത്രമല്ല അപേക്ഷയിലെ സാങ്കേതിക പിശകുകൾ ചൂണ്ടിക്കാട്ടി പ്രവേശനം നിഷേധിച്ചെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.