ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തിൽ സർക്കാരിന് തിരിച്ചടി. സർക്കാരുമായി കരാറില്ലാത്ത സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് 11 ലക്ഷം രൂപ നിരക്കിൽ ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകിയതാണ് സർക്കാരിന് തിരിച്ചടിയായത്.

11 ലക്ഷം നിരക്കിൽ ഫീസ് ഈടാക്കാൻ അനുവദിക്കണമെന്ന മെഡിക്കൽ കോളജുകളുടെ ആവശ്യം അംഗീകരിച്ച കോടതി ഇതുസംബന്ധിച്ച താൽക്കാലിക ഉത്തരവും പുറപ്പെടുവിച്ചു. ഫീസിൽ അഞ്ചു ലക്ഷം രൂപ കറൻസിയായി കൈമാറണം. ബാക്കി ആറു ലക്ഷം രൂപ കറൻസിയായോ ബാങ്ക് ഗ്യാരണ്ടിയായോ നൽകാവുന്നതാണ്. കറൻസിയായി വാങ്ങുകയാണെങ്കിൽ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കാം. ഹൈക്കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ ഇതുതുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

സർക്കാരുമായി കരാറിലേർപ്പെട്ട സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് ജനറൽ സീറ്റിന്റെ ഫീസ് അഞ്ചുലക്ഷമായി കഴിഞ്ഞ ദിവസം നിശ്ചയിച്ചിരുന്നു. എൻആർഐ സീറ്റിന്റെ ഫീസ് 20 ലക്ഷമായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. മേൽനോട്ട സമിതി നിശ്ചയിച്ച ഈ ഫീസ് നിരക്കുമായി മുന്നോട്ടു പോകാമെന്നു കാട്ടി ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവു പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജ് അധികൃതർ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.