പെട്രോൾ പമ്പുകളിലെ ജോലിക്കാരെ ഒഴിവാക്കി സെൽഫ് സർവ്വീസുകളിലേക്ക് മാറുമെന്ന് റിപ്പോർട്ട്. പമ്പുകളിൽ ജോലിക്കാരെ ഒഴിവാക്കുന്നതോടെ നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.സെൽഫ് സർവീസ് സ്വഭാവത്തിലുള്ള പെട്രോൾ പമ്പുകൾ ഏറ്റെടുത്ത നടത്താൻ 13 കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്ന് തദ്ദേശഭരണ മന്ത്രാലയ പ്രതിനിധി പറഞ്ഞു

പമ്പുകളിലെ ജോലിക്കാരെ അവലംബിക്കാതെ വാഹന ഉടമകൾക്ക് സ്വന്തമായി ഇന്ധനം നിറക്കാനും പണം നൽകാനുമുള്ള അതിനൂതന സംവിധാനമാണ് നഗരങ്ങളിലും ഹൈവേകളിലും നടപ്പാക്കുക.വൻ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേകളിലാണ് തുടക്കത്തിൽ പുതിയ സംവിധാനം നടപ്പാക്കുക.

വൈകാതെ രാജ്യത്തെ നഗരങ്ങളിലും സ്വയംസേവന സ്വഭാവത്തിലുള്ള പെട്രോൾ പമ്പുകൾ നിലവിൽ വരും. ഇന്ധനം നിറക്കുകയും പണം നൽകുകയും ചെയ്യുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനത്തിന് പുറമെ സുരക്ഷ മാനദണ്ഡങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയും ഇത്തരം പമ്പുകളുടെ പ്രവർത്തനത്തിൽ പരിഗണിക്കും. കിഴക്കൻ പ്രവിശ്യയിലാണ് ആദ്യം പുതിയ സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ ചില പെട്രോൾ പമ്പുകൾ ഇലക്ട്രോണിക് പണമിടപാടും സ്വയംസേവന സംവിധാനവും നിലവിൽ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയകരമായി തെളിയിച്ചാൽ രാജ്യത്തിന്റെ വിവിധ മേഖലയിൽ പുതിയ സംവിധാനം നടപ്പിലാക്കും. വിദേശരജ്യങ്ങളിൽ വിജയകരമായി നടന്നുവരുന്ന നൂതന സംവിധാനമാണ് ഇതിലൂടെ സൗദിയിൽ നടപ്പാക്കുന്നതെന്നും ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനും ഇതിലൂടെ ഉറപ്പുവരുത്താനാവുമെന്നും മന്ത്രാലയ പ്രതിനിധി കൂട്ടിച്ചേർത്തു.